"Zooming in" അഭിമുഖവേദിയിൽ ഇന്നു നമ്മൾ പരിചയപ്പെടാൻ പോകുന്നത് മലയാളം ഫോട്ടോബ്ലോഗുകളിൽ ഏറെപ്രശസ്തനായ "പുണ്യാളൻ" എന്ന ഫോട്ടോഗ്രാഫറെയാണ്. കെമിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദവും, Environmental science ൽ പി.എച്.ഡി യും ഉള്ള അദ്ദേഹം ഇപ്പോൾ Middle East ലെ ഒരു പ്രശസ്ത കമ്പനിയുടെ MD പദവിയിൽ ജോലി ചെയ്യുന്നു; ഒപ്പം ഐക്യരാഷ്ടസഭയുടെ enivironmental programme consultant എന്ന ചുമതലയും. സ്വഭാവത്തിലും പെരുമാറ്റത്തിലും വളരെ സാധാരണക്കാരനായ അദ്ദേഹം ആരുമായും വേഗം സൗഹൃദത്തിലാകുന്ന വ്യക്തിയും സൌഹൃദങ്ങൾക്ക് വളരെയേറേ വിലകൽപ്പിക്കുന്ന ആളുമാണ്. ‘പുണ്യാളൻ ചിത്രങ്ങൾ’ എന്നൊരു ലേബൽ തന്നെ ഒട്ടിച്ചുവയ്ക്കാവുന്ന രീതിയിൽ സ്വന്തമായ പ്രത്യേകതകളോടെ ഫോട്ടോഗ്രാഫി ചെയ്യുന്ന ആളാണദ്ദേഹം. പുണ്യാളനുമായി . നടത്തിയ ഇന്റർവ്യൂ ഇനി വായിക്കൂ..
- അപ്പു
പുണ്യാളൻ മാഷേ, സൂമിംഗ് ഇൻ വേദിയിലേക്ക് സ്വാഗതം. താങ്കൾ ബ്ലോഗിലേക്ക് വന്നിട്ട് കേവലം ഒരു വർഷം ആയതേയുള്ളൂ. അതിനിടെ പുണ്യഭൂമി, ഔട്ട് ഓഫ് ഫോക്കസ്, faces എന്നിങ്ങനെ മൂന്നുബ്ലോഗുകളിലായി നാനൂറ്റമ്പതിലേറെ ചിത്രങ്ങൾ പബ്ലിഷ് ചെയ്തുകഴിഞ്ഞു ഫോളോവേഴ്സും ആരാധകരും ഒട്ടനവധി! എങ്ങനെകാണുന്നു ഈ സ്ഥിതിവിശേഷത്തെ? ബ്ലോഗ് എന്ന മാധ്യമം വഴി അപ്രതീക്ഷിതമായി കിട്ടിയ ഈ നേട്ടത്തിൽ പ്രത്യേകമായ സന്തോഷമുണ്ടോ?
- അപ്പു
പുണ്യാളൻ മാഷേ, സൂമിംഗ് ഇൻ വേദിയിലേക്ക് സ്വാഗതം. താങ്കൾ ബ്ലോഗിലേക്ക് വന്നിട്ട് കേവലം ഒരു വർഷം ആയതേയുള്ളൂ. അതിനിടെ പുണ്യഭൂമി, ഔട്ട് ഓഫ് ഫോക്കസ്, faces എന്നിങ്ങനെ മൂന്നുബ്ലോഗുകളിലായി നാനൂറ്റമ്പതിലേറെ ചിത്രങ്ങൾ പബ്ലിഷ് ചെയ്തുകഴിഞ്ഞു ഫോളോവേഴ്സും ആരാധകരും ഒട്ടനവധി! എങ്ങനെകാണുന്നു ഈ സ്ഥിതിവിശേഷത്തെ? ബ്ലോഗ് എന്ന മാധ്യമം വഴി അപ്രതീക്ഷിതമായി കിട്ടിയ ഈ നേട്ടത്തിൽ പ്രത്യേകമായ സന്തോഷമുണ്ടോ?
തീര്‍ച്ചയായും സന്തോഷമുണ്ട്. കുട്ടിക്കാലത്തെ ഒരു ഗൂഡ സ്വപനത്തിന്റെ സാക്ഷാല്‍ക്കാരം. ഒരു ഫോട്ടോഗ്രാഫര്‍ ആകണം എന്നത് എന്‍റെ സ്വപ്നമായിരുന്നു. സ്വപ്നങ്ങൾ കഠിനപ്രയത്നത്തിൽകൂടി യാഥാർത്ഥ്യങ്ങളാക്കിമാറ്റുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തിയുണ്ടല്ലോ, ഫോട്ടോഗ്രാഫർ എന്നനിലയിൽ അത് വേണ്ടുവോളം ഇപ്പോൾ എനിക്ക് ലഭിക്കുന്നുണ്ട്. ജീവിതം എവിടെയെല്ലാമോ എത്തി നില്‍ക്കുന്നു. ഇപ്പോള്‍ എന്നെ ഒരു ഫോട്ടോഗ്രാഫർ എന്ന് ഒരാൾ സംബോധന ചെയ്യുമ്പോള്‍ “ഡോക്ടര്‍“ എന്ന സംബോധന ആദ്യമായി കേട്ട സുഖം. ആരാധകര്‍ ഉണ്ടോ എന്നനിക്കറിയില്ല. സുഹൃത്തുക്കള്‍ എന്ന വാക്കായിരിക്കും കൂടുതൽ ഉചിതം.
എങ്ങനെയായിരുന്നു ഫോട്ടോ ബ്ലോഗിലേക്കുള്ള വരവ്?
ഫോട്ടോ എടുക്കുക അത് നോക്കിയിരുന്നു സ്വയം സന്തോഷിക്കുക, വളരെ ചുരുക്കം സുഹൃത്തുക്കളുമായി അഭിപ്രായം തേടുക മാത്രമായിരുന്നു ഒരു വര്‍ഷം മുമ്പ് വരെ എന്റെ രീതി. എന്‍റെ ആത്മ സുഹൃത്തും എഞ്ചിനീയറിംഗ് ക്ലാസ്സ് മേറ്റും ബ്ലോഗറും അയ “പാഞ്ചാലി“ എന്‍റെ കുറെ പടങ്ങള്‍ ബ്ലോഗ്ഗില്‍ പബ്ലിഷ് ചെയ്തു. കുറച്ചു നല്ല അഭിപ്രായങ്ങള്‍ കണ്ട പാഞ്ചാലി ആണ് എന്നെ വലിച്ചിഴച്ചു ബ്ലോഗ്ഗില്‍ കയറ്റിയത്. ഒരു ഫോട്ടോബ്ലോഗും ഉണ്ടാക്കിത്തന്നു. ഇപ്പോള്‍ ബ്ലോഗിൽനിന്ന് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്! Addiction!
ഫോട്ടോഗ്രാഫർമാരിൽ ഏറിയ പങ്കും നല്ല ചിത്രം എടുക്കാനായി ഒരു സാഹചര്യം ഒത്തുകിട്ടാൻ കണ്ണുംനട്ട് നോക്കിയിരിക്കുമ്പോൾ പുണ്യാളൻ ഒരാഴ്ചയിൽ മൂന്നും നാലും ചിത്രങ്ങൾ ബ്ലോഗിൽ പ്രസിദ്ധീകരിച്ച് എപ്പോഴും മുൻപന്തിയിലാണ്. ഇത്രയധികം ചിത്രങ്ങളുടെ സ്റ്റോക്കിന്റെ രഹസ്യം എന്താണ്? എത്രവർഷമായി ഈ ഫോട്ടോഗ്രാഫി ഒരു പാഷൻ ആയി മാറിയിട്ട്?
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഈ ഭൂതം എന്നെ പിടികൂടിയത്. ഇപ്പോള്‍ മുപ്പതു വര്‍ഷമായി. ഫിലിമില്‍ എടുത്ത പടങ്ങള്‍ ഇപ്പോഴും കുറെ അധികം വെളിച്ചം കാണാതെ ഉണ്ട്. ഡിജിറ്റല്‍ ക്യാമറയില്‍ എടുത്തതും കുറെ അധികം കൈവശമുണ്ട്. ഇനിയും ദിവസം ഒന്ന് വച്ച് പോസ്റ്റിയാൽ ഒരു രണ്ടു വര്‍ഷം തികക്കാം. അതല്ലാതെ ഞാൻ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ മുഴുവൻ അതാത് ആഴ്ചയിൽ എടുക്കുന്നവയാണെന്നു വിചാരിക്കരുതേ! ഞാൻ ഫോട്ടോബ്ലോഗുകളിൽ വച്ച് മുൻപന്തിയിലാണോ എന്നൊന്നും അറിയില്ല. കൈവശമുള്ള ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നു, അത്രതന്നെ.
ഫിലിം ക്യാമറമാത്രം നിലവിലുണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണല്ലോ താങ്കൾ ഫോട്ടോഗ്രാഫിയിലേക്ക് കടന്നുവരുന്നത്. അന്നൊക്കെ ഫിലിം റോളുകൾ വാങ്ങാനും ഫോട്ടോ എടുത്ത ശേഷം അവ ഡെവലപ് ചെയ്ഹ് എടുക്കാനുമൊക്കെയുള്ള സൌകര്യങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നോ? എങ്ങനെയായിരുന്നു അന്ന് ഫിലിം പ്രോസസ് ചെയ്തിരുന്നത്?
അന്ന് color പ്രോസിസ്സിംഗ് ഇല്ലാ എന്നു തന്നെ പറയണം. അന്നും 100 ASA ഫിലിം നാട്ടില്‍ കിട്ടുമായിരുന്നു. അതില്‍ കൂടുതല്‍ ലൈറ്റ് സെൻസിറ്റിവിറ്റിയുള്ള ഫിലിം ബോംബെയിൽനിന്നു വരുത്തണം . പ്രോസസ്സിങ്ങിനും ബോംബെയില്‍ പാര്‍സല്‍ ചെയ്തു കൂടെ മണി ഓര്‍ഡര്‍ അയച്ചു കാത്തിരിക്കണം. ഓരോ post കാര്‍ഡ് സൈസില്‍ എല്ലാം പടങ്ങളും പ്രിന്റായി വരും ഒരു മാസത്തിനു ശേഷം. ഈ പൈസയെല്ലാം മികവാറും വാപ്പയുടെ പോക്കറ്റില്‍ നിന്നു അടിച്ചു മാറ്റിയതാണ്. ഒന്ന് രണ്ടു പ്രാവശ്യം അത്യാവശ്യത്തിനു തല്ലും വാങ്ങികൂട്ടിയിട്ടുണ്ട് ഈ രീതിയിലുള്ള മോഷണത്തിന്. അതൊക്കെ ഫോട്ടോഗ്രാഫിയെപ്പറ്റിയുള്ള മധുരമുള്ള സ്മരണകൾ!
ഫോട്ടോഗ്രാഫിയിലേക്ക് ഉള്ള സീരിയസ് ആയ കടന്നുവരവ് എന്നായിരുന്നു? ഏതാണ് ആദ്യമായി സ്വന്തമായി വാങ്ങിയ ക്യാമറ.
ഫോട്ടോഗ്രഫിയില്‍ ഞാൻ സീരിയസ് ആണോ ആവൊ? വളരെ ഇഷ്ടമുള്ള ഒരു ഹോബ്ബിയാണ് എനിക്കത് എന്നതു സത്യം. വളരെ ആസ്വദിച്ച് ചെയ്യുന്ന ഒന്ന്. അതിലും അപ്പുറം ഇതുവരെ ചിന്തിച്ചിട്ടില്ല. എടുക്കുന്ന ചിത്രങ്ങളിൽ പെർഫക്ഷൻ ഉണ്ടാവണം എന്ന് ആഗ്രഹിക്കാറുണ്ട്. അതിനായി എത്ര എഫർട്ട് എടുക്കുന്നതിനും മടിയില്ല. ആദ്യ ക്യാമറ സ്വന്തം അമ്മാവന്റെ സമ്മാനം. അതും SLR മാമിയ. പണയം വച്ച മാല എടുത്തു വീട്ടില്‍ “പുണ്യാളന്‍“ ആകാന്‍ അന്നത്തെ മുവായിരം രൂപക്ക് വിറ്റു.
ഫോട്ടോഗ്രാഫി കൂടാതെ പല “വട്ടുകൾ” തലയിൽ കൊണ്ടുനടക്കുന്ന ഒരാളാണല്ലോ പുണ്യാളൻ. എന്തൊക്കെയാണ് ഏറ്റവും കൂടുതലായുള്ള “വട്ടുകൾ”
അപ്പു മാഷേ, വട്ടിന്റെ നിര്‍വചനം ഒന്ന് പറയാമോ ? ഏത് ലെവല്‍ ആരെ ഉള്ള വട്ടുകള്‍ പുറത്തു പറയാം? ശരി ശരി ! ഡൈവിംഗ്, ഐസ് സ്കീയിംഗ് ഒക്കെ ഇഷ്ടമാണ്, വർഷത്തിലൊരിക്കലെങ്കിലും ഇതിനൊക്കെ ഞാൻ പോകാറുണ്ട്. തികച്ചും പരിചയമില്ലാത്ത സ്ഥലങ്ങളില്‍ എത്തിപ്പെടുക, മഴയത്ത് നനഞ്ഞുകൊണ്ട് നടക്കുക, ഇഷ്ട സുഹൃത്തുമായി ദൂരെ യാത്ര .. അങ്ങനെ അങ്ങനെ പലതരം വട്ടുകൾ! ഇഷ്ടങ്ങൾ! .. പക്ഷെ സ്ഥിരം വട്ടു പടം പിടിത്തവും , സ്വന്തം ഭാര്യയും മകളും മാത്രം .
water diving ഇഷ്ടമാണെന്നു പറഞ്ഞല്ലോ. ടി.വിയിൽ കണ്ടിട്ടുള്ളതല്ലാതെ കടലിനുള്ളിലെ കാഴ്ചകൾ കണ്ടിട്ടുണ്ടാവില്ല നമ്മുടെ വായനക്കാരിൽ അധികം പേരും. അതുകൊണ്ട് ചോദിക്കട്ടെ, ജലക്കാഴ്ചകൾ കരയിലെ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാകുന്നതെ എങ്ങനെയൊക്കെയാണ്?
നമ്മൾ ഡൈവ് ചെയ്ത് പോകുന്ന ആഴമനുസരിച്ച് രണ്ടുവിധത്തിൽ ഡൈവിംഗിനെ തിരിക്കാം. shallow water and deep water diving. ആഴമുള്ള പ്രദേശങ്ങളിലെ ഡൈവിംഗിന് പ്രത്യേകമായ സ്യൂട്ടുകളും അനുബന്ധ ഉപകരണങ്ങളും മെഡിക്കൽ സപ്പോർട്ടും ആവശ്യമാണ്. എങ്കിലും മനോഹരമായ കാഴ്ചകൾ അവിടെയാണുള്ളത്. ജലാശയത്തിനുള്ളിലെ കാഴ്ചകൾ മാത്രമല്ല നമ്മുടെ ഓരോ ചലനങ്ങൾ പോലും വ്യത്യസ്ഥമാണ്. ഭാരമില്ലാതെ ആയതുപോലെ ഒരു അവസ്ഥ. ഫ്രീയായി എങ്ങോട്ടും മൂവ് ചെയ്യാനുള്ള സ്വാതന്ത്ര്യം... അവിടെയുള്ള നിറങ്ങളും ജീവികളും ലൈറ്റിംഗും എല്ലാമെല്ലാം വ്യത്യസ്ഥം- അതൊക്കെ എഴുതിവിവരിച്ചാൽ യഥാർഥ അനുഭവത്തിന്റെ ഏഴയലത്തുപോലും വരില്ല. നേരിൽ കണ്ട് അനുഭവിച്ച് ആസ്വദിക്കേണ്ട കാഴ്ചകൾതന്നെ.
അക്കാഴ്ചകൾ അധികമൊന്നും ക്യാമറയിൽ പകർത്തിയിട്ടില്ലേ?
Underwater photography ക്ക് ആവശ്യമായ പ്രൊഫഷനൽ കിറ്റുകൾ എന്റെ കൈവശമില്ല. എങ്കിലും അമച്വർ ക്യാമറകളിൽ ചില പോയിന്റ് ആന്റ് ഷൂട്ട് ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഡൈവിംഗ് ആസ്വദിക്കാൻ പോകുമ്പോൾ ഫോട്ടോഗ്രാഫിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തോന്നിയിട്ടില്ല എന്നതാണ് നേര്.
മനുഷ്യർക്ക് പലതരം ഇന്ററസ്റ്റുകൾ ഉണ്ടെങ്കിലും ബാനറും ചുവരെഴുത്തും എഴുതുന്നത് ഇഷ്ടപ്പെടുന്നവരെ ഞാൻ അപൂർവമായേ കണ്ടിട്ടുള്ളൂ. താങ്കൾ അക്കൂട്ടത്തിൽ പെട്ട ഒരാളെന്നു കേട്ടു? അക്കഥ ഒന്നു പറയാമോ?
അത് കഥയൊന്നും അല്ല. പഠിക്കുന്ന കാലത്ത് കുറെ സുഹൃത്തുക്കളുമായി ഒരു advertising സ്ഥാപനം നടത്തിയിരുന്നു. അന്ന് ബക്കറ്റ് പിടിച്ചു കുറെ ചുവര്‍ ചിത്രങ്ങളും, ബാനർ, ഹോർഡിംഗ്സ് എഴുത്തും നടത്തിയിരുന്നു. അങ്ങനെ ഒരു ബാനർ എഴുതിക്കൊണ്ടിരുന്നപ്പോഴാണ് അമ്മാവൻ വന്ന് എന്നെ പിടികൂടി എഞ്ചിനീയറിംഗിനു ചേർത്തത്. ഇപ്പോഴും ഒരു അവസരം കിട്ടിയാല്‍ ചുവരെഴുത്ത് ഇഷ്ടമാണ്.
എവിടെയായിരുന്നു സ്കൂൾ, ഉപരി വിദ്യാഭ്യാസ പഠനം എന്നിവ? അതുപോലെ എഞ്ചിനീയറിംഗ് പഠനം ഏതു കോളജിൽ ആയിരുന്നു?
എഞ്ചിനീയറിംഗ് ബിരുദം വരെ കൊല്ലം. പഠിക്കാന്‍ മിടുക്കനായത് കൊണ്ട് നാലു വര്‍ഷത്തെ പഠനം അഞ്ചു വര്‍ഷം എടുത്തു. പിന്നെ ജോലി തെണ്ടല്‍ ദുബൈയില്‍. പിന്നെ ഒരു PG Diploma in Environmental engineering. അവസാനം Persistant toxic substance - heavy metal accumilation ല്‍ ഒരു Phd.
എപ്പോഴും എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കണം എന്ന താല്പര്യമുള്ള ആളാണോ? പി.എച്.ഡി എടുക്കുവാനുള്ള പ്രചോദനം എന്തായിരുന്നു?
എന്തെങ്കിലും ഒക്കെ അറിയണമെന്ന് താല്പര്യം ഇപ്പോഴും ഉണ്ട്. പി എച് ഡി പ്രചോദനം ഒരു വല്യ കഥയാണ്. UN ൽ കയറിപ്പറ്റാന്‍ കുറെ ശ്രമം നടത്തി. ഫലം വിഫലം. രണ്ടു പ്രോജക്റ്റുകളിൽ വളരെ കാര്യമായി കുറെ പരിസ്ഥിതി scientist മായി ഇടപെടാന്‍ അവസരം കിട്ടി. അതില്‍ സൌത്ത് ആഫ്രിക്കക്കാരനായ ജാക്ക് എന്ന പരിസ്ഥിതി ശാസ്ത്രജ്ഞനാണ് എന്നെ പി.എച്.ഡി എടുക്കുവാൻ പ്രേരിപ്പിച്ചത്.
ജീവിതത്തിൽ ഏറ്റവും ആഗ്രഹിക്കുന്നതും എന്നാൽ സമയ ചുരുക്കത്തിൽ സാധിക്കാത്തതുമായ കാര്യം എന്തെങ്കിലും ഉണ്ടോ?
എന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒന്നും ഈ സമയം പോരെന്നു ഞാന്‍ പറയില്ല. എല്ലാത്തിനും സമയം കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. I aways feel that i am verb than a nown. ജീവിതത്തില്‍ ഒരു നിമിഷം പോലും വിരസമായി തോന്നിയിട്ടില്ല. ഒന്നെല്ലെകില്‍ മറ്റൊന്ന് എപ്പോഴും ചെയ്യാനുണ്ട്. ഇനിയും കുറേയേറേ സ്ഥലങ്ങളിൽ കൂടി യാത്ര ചെയ്യണമെന്നു ആഗ്രഹം ഉണ്ട് .
ലോകത്തെ ഒരുപാടു രാജ്യങ്ങളിലൊക്കെ യാത്രപോയിട്ടുള്ള ആളാണല്ലോ താങ്കൾ. അതുകൊണ്ടു തന്നെ ഏതൊക്കെ രാജ്യങ്ങളിൽ പോയിട്ടുണ്ട് എന്നു ചോദിക്കുന്നതിനേക്കാൾ ഇനി പോകാൻ ആഗ്രഹമുള്ള രാജ്യങ്ങൾ ഏതൊക്കെയാണ് എന്നു ചോദിച്ചോട്ടെ! എന്തുകൊണ്ടാണ് ആ സ്ഥലങ്ങളെ ഇഷ്ടപ്പെടുന്നത്?
ഭാഗ്യംകൊണ്ടും ജോലിയുടെ ഭാഗമായും ഒട്ടനവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും പലവിധ ആൾക്കാരുമായും സഹകരിക്കാനുമുള്ള അവസരം കിട്ടി. ഒരുപാടുയാത്രകൾ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും ജോലി, കുടുംബം മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവമൂലം ഒരു സമ്പൂർണ്ണയാത്രക്കാരനായി മാറാൻ എനിക്ക് സാധിക്കുന്നില്ല ! ഇനിയും സന്ദർശിക്കാൻ ആഗ്രഹമുള്ള രാജ്യങ്ങൾ ഏതൊക്കെ എന്നു ചോദിച്ചാൽ.... സൈബീരിയയിൽ ഒന്നുകൂടി പോകണം എന്നുണ്ട്. സൈബീരിയൻ പ്രദേശത്തിന്റെ ഒരറ്റമായ “വ്ലാഡിവോസ്ക” എന്ന സ്ഥലം വരെ പോകാൻ എനിക്ക് അവസരമുണ്ടായി. അപ്പുമാഷേ, ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ആളുകളുടെ സംസ്കാരിക വൈവിധ്യവും കണ്ട് ഞാൻ അതിശയിച്ചുപോയി. പോകണം എന്നാഗ്രഹമുള്ള മറ്റൊരു രാജ്യം ബ്രസീൽ ആണ്. മനോഹരമായ ബീച്ചുകൾ, സുന്ദരികളായ യുവതികൾ :-) ഇതൊക്കെയുള്ള ഒരു രാജ്യം. ഭൂപ്രകൃതിയാൽ അനുഗൃഹീതമായ ഒട്ടനവധി സ്ഥലങ്ങളും ബ്രസീലിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ തീർച്ചയായും ഫോട്ടോഗ്രാഫിക്കുള്ള സ്കോപ്പും ഇഷ്ടം പോലെയുണ്ടാവുമല്ലോ.
ഇതുവരെ സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളിൽ പ്രകൃതി രമണീയതയാൽ ഏറ്റവും അനുഗ്രഹീതമായ സ്ഥലം ഏതാണെന്നാണ് താങ്കൾക്ക് തോന്നിയിട്ടുള്ളത്?
ലോകത്തെ എല്ല്ലാ രാജ്യങ്ങളും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രകൃതിഅനുഗ്രഹിച്ചതുതന്നെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം നമ്മുടെ നാട് - ഇന്ത്യ, അതിൽ പ്രത്യേകിച്ച് കേരളം തന്നെയാണ്. മുറ്റത്തെ മുല്ലക്ക് മണം ഇല്ലെന്നു ആരാ പറഞ്ഞത്?
ഒന്നുകൂടി വിശദമായി പറയൂ മാഷേ, ഇത്രയും യാത്രകൾ ചെയ്തിട്ടുള്ള താങ്കളിൽ നിന്ന് അത് കേൾക്കുവാൻ വായനക്കാർക്കും താല്പര്യമുണ്ടാവും.
പറയാം. ഉദാഹരണത്തിന് യൂറോപ്യൻ രാജ്യങ്ങൾ നോക്കൂ, സ്വിറ്റ്സർലന്റ് പോലെയുള്ള രാജ്യങ്ങൾ അവയുടെ ലാന്റ്‌സ്കേപ്പിന്റെ ഭംഗിയിൽ പ്രശസ്തമാണ്. തായ്ലന്റ് അതിന്റെ മനോഹരമായ കടൽത്തീരങ്ങളാൽ സമ്പന്നമാണ്. നേപ്പാളിന്റെ ഭംഗി അവിടുത്തെ മഞ്ഞുമൂടിയ മലനിരകളിലാണ്. വെനീസിന്റെ പ്രശസ്തി അവിടുത്തെ backwaters ആണ്. യെമന്റെ ഭംഗി അവിടുത്തെ പൌരാണികതയിലാണ്. ഇങ്ങനെനോക്കിയാൽ ഓരോ രാജ്യങ്ങൾക്കും സ്ഥലങ്ങൾക്കും അവയുടെസ്വന്തമായ ഒരു പ്രത്യേകതയുണ്ടെന്ന് കാണാം. എന്നാൽ ഇന്ത്യയുടെ കാര്യം നോക്കൂ ഇതെല്ലാം ഒരൊറ്റ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നമുക്ക് കാണാം. കേരളം എന്താ മോശമാണോ, നല്ല കടൽത്തീരങ്ങൾ, മനോഹരമായ നദികളും കായലുകളും, പച്ചനിറഞ്ഞ മലനിരകൾ, ചരിത്രപ്രാധാന്യമുള്ള ഒട്ടനവധി പ്രദേശങ്ങൾ!
ലോകത്തിന്റെ മറ്റൊരു ഭാഗത്തിനും ഇത്രയധികം വ്യത്യസ്തകളെ പ്രകൃതികനിഞ്ഞുകൊടുത്തിട്ടില്ല എന്നാണെന്റെ അഭിപ്രായം. ബാക്കിരാജ്യങ്ങൾക്കൊക്കെ അഭിമാനം കൊള്ളാൻ ഒന്നോരണ്ടോ കാര്യങ്ങളുള്ളപ്പോൾ നമ്മുടെ കൈനിറയെ കാര്യങ്ങളാണ് പ്രകൃതി തന്നിരിക്കുന്നത്. പക്ഷേ ദുഃഖകരമെന്നു പറയട്ടെ, നമ്മളിൽ എത്രപേർ ഇതുമനസ്സിലാക്കുന്നുണ്ട്? കേരളത്തിന്റെ ഓരോ മുക്കും മൂലയും ജെ.സി.ബികൾ തച്ചുടയ്ക്കുമ്പോൾ ശരിക്കും മനസുവിങ്ങുന്നു. പൊതുസ്ഥലങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമൊക്കെ ശുചിയായി സൂക്ഷിക്കാനും നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
ഫോട്ടോഗ്രാഫി എന്ന ഒരൊറ്റ ഉദ്ദേശത്തിൽ കഴിഞ്ഞവർഷം താങ്കൾ വർഷം ഒരു യമൻ യാത്ര നടത്തുകയുണ്ടായല്ലോ.എന്താണ് യമനിനെ ഫോട്ടോഗ്രാഫിയിൽ പ്രത്യേകതയുള്ളതാക്കുന്നത്?
ഫോട്ടോഗ്രാഫി എന്നെ സംബന്ധിച്ചത്തോളം ഒരു സീരിയസ് കാര്യമായതിനാൽ ഒഫീഷ്യൽ ടൂറുകളോ ഫാമിലി ട്രിപ്പുകളോ ഫോട്ടോഗ്രാഫിക്കായുള്ള അവസരമായി ഞാൻ മാറ്റാറില്ല. അങ്ങനെ ചെയ്താൽ കൂടുതൽ ബുദ്ധിമുട്ടുകളേ അതുണ്ടാക്കൂ. യമന്റെ ഒരു പ്രത്യേകത എന്താണെന്നുവച്ചാൽ, പൌരാണികതയും ജീവിതത്തിന്റെ വെവ്വേറേ ഭാവങ്ങളും ഇടചേർന്നുകിടക്കുന്ന ഒരു സ്ഥലമാണത്. യമന്റെ ചില ഏരിയകളിൽ ചെന്നുപെട്ടാൽ നമ്മളൊരു നാനൂറുവർഷം പിന്നിലേക്ക് സഞ്ചരിച്ചു എന്നുതോന്നിപ്പോകും. അത്രയ്ക്കുണ്ട് അവിടുത്തെ കാഴ്ചകൾ.
ഫോട്ടോഷൂട്ടിനായി വർഷത്തിൽ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു രാജ്യം ഞാൻ സന്ദർശിക്കാറുണ്ട്. കഴിഞ്ഞവർഷം അത് യമനിലേക്ക് ആക്കിയെന്നുമാത്രം. അധികാരികളുടെ പെർമിഷനും സെക്യൂരിറ്റിയും വാങ്ങിയാണ് പോയത്. അതുകൊണ്ട് ആ യാത്രയിൽ തടികേടാകാതെ ഇഷ്ടം പോലെ നല്ല ചിത്രങ്ങളെടുത്തു പോരാൻ സാധിച്ചു. അവയിൽ ഒരുപാടു ചിത്രങ്ങൾ ഞാൻ ഇതിനോടകം എന്റെ ഫോട്ടോബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
മലയാളം ഫോട്ടോബ്ലോഗുകളിൽ “മുഖങ്ങൾ” (faces) എന്നൊരു പ്രത്യേക വിഭാഗം തന്നെ കൊണ്ടുവരുവാൻ താങ്കൾക്ക് കഴിഞ്ഞു. മനുഷ്യരുടെ മുഖഭാവങ്ങൾ പകർത്തുന്നതിൽ ഒരു പ്രത്യേക വൈദഗ്ദ്ധ്യം തന്നെ താങ്കൾക്ക് ഉണ്ടുതാനും. എങ്ങനെയാണ് ഇത്രയും ഫലപ്രദമായി മോഡലുകളുമായി സംവദിക്കുവാൻ താകൾക്ക് സാധിക്കുന്നത്? ഒരു അപരിചിതന്റെ ഫോട്ടോ എടുക്കുന്നതിലും, അവരൊട് അതിനുള്ള അനുവാദം ചോദിക്കുന്നതിലും വളരെ ചമ്മലുള്ള ആളുകളാണ് ഞങ്ങളിൽ പലരും എന്നതിനാലാണ് ഈ ചോദ്യം.
അപരിചിതരുടെ മുഖങ്ങൾ, അല്ലെങ്കിൽ പോർട്രെയ്റ്റ്സ് ഷൂട്ട് ചെയ്യുന്നതിൽ പ്രത്യേകിച്ച് മാജിക് ട്രിക്സ് ഒന്നുമില്ല മാഷേ! ഒരാളെ കണ്ടു പരിചയപ്പെട്ടുകഴിഞ്ഞാൽ അവരുടെ മുഖത്തെ ഭാവം മനസിൽ വായിച്ചുപഠിച്ചുകൊണ്ട് അല്പനേരം നിൽക്കൂ. അതിനുശേഷം അവർ camera conscious അല്ലാതെയിരിക്കുന്ന അവസരം ഒത്തുവരുമ്പോൾ അങ്ങോട്ട് പടം എടുക്കുക, അതാണു ഞാൻ ചെയ്യാറുള്ളത്. പക്ഷേ ഒരുകാര്യമുണ്ട്, ഞാൻ ഏത് അപരിചിതരെ കണ്ടാലും അങ്ങോട്ട് കയറിച്ചെന്നു വർത്തമാനം പറയും, കഴിവതും വേഗം ലോഹ്യത്തിലാകും. “തൊലിക്കട്ടി” എന്നതു വളരെ ആവശ്യമായ ഒരു കാര്യമാണിവിടെ എന്നു സമ്മതിക്കുന്നു. പക്ഷേ അതില്ലാതെ പറ്റില്ല. you might fail in getting the permission to shoot, but i get it mostly with a pleasant smile.
നമിച്ചു ഗുരോ...:-) ഞങ്ങൾ ശ്രമിക്കാം. ആണുങ്ങളും പെണ്ണുങ്ങളുമായി ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരു വ്യക്തിയാണല്ലോ താങ്കൾ. വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ പുണ്യാളന് ഒരു പ്രത്യേക കഴിവുതന്നെയുണ്ട് എന്ന് അനുഭവത്തിൽ നിന്ന് അറിയാം. സുഹൃദ് സംഗമങ്ങളൊക്കെ നടത്താറുണ്ടൊ?
തീർച്ചയായും, എന്റെ ജീവിതത്തിൽ വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നതിനു ഞാൻ പ്രത്യേക പ്രാധാന്യം കൊടുത്തിട്ടുണ്ട്. i value relations a lot. അതുതന്നെയാണ് എന്റെ ജീവിതത്തെ ഏറ്റവും ദൃഢമാക്കിയിട്ടുള്ളതും എന്നു ഞാൻ കരുതുന്നു എല്ലാവർഷവും ഞങ്ങൾ എഞ്ചിനീയറിംഗ് ക്ലാസ്‌മേറ്റ്സ് എല്ലാവരും ഫാമിലികളോടൊപ്പം ഒരവധിക്കാലത്തെ രണ്ടോ മൂന്നോ ദിവസങ്ങൾ ഏതെങ്കിലും റിസോർട്ടുകളിൽ കഴിയാറുണ്ട്. മലയാളികൾ മാത്രം ഒതുങ്ങിനിൽക്കുന്നില്ല എന്റെ സുഹൃദ്‌വലയം, പലനാട്ടുകാർ, വ്യത്യസ്ത സംസ്കാരമുള്ളവർ അങ്ങനെ വലിയ ഒരു സമ്പത്തിനുടമായാണ് ഞാൻ എന്നുപറയാം.
താങ്കളുടെ പല ചിത്രങ്ങളിലും സുഹൃത്തുക്കൾ മോഡലുകളായി ‘വിളിപ്പുറത്ത്’ നിൽക്കുന്നത് കണ്ട് അതിശയിച്ചു പോയിട്ടുണ്ട്. ഫോട്ടോഗ്രാഫി ഒരു പാഷനായി കൊണ്ടുനടക്കുന്നവരാണോ അവരും?
ചിലരൊക്കെ ഫോട്ടോഗ്രാഫർമാരാണ്. അല്ലാതെയുള്ളവരാണ് കൂടുതൽ. എങ്കിലും ഏതെങ്കിലും ഒരു ചിത്രത്തിൽ മോഡലാവാൻ വിളിച്ചാൽ വരാൻ തയ്യാറാണ് മിക്കവരും.
ഫ്രെയിമുകളിൽ ഒരു “ലൈഫ് സിറ്റുവേഷൻ” കൊണ്ടുവരുക എന്നതിന്റെ പ്രയോജനം താങ്കളുടെ ചിത്രങ്ങളിൽ കൂടി വളരെ വ്യക്തമായി മനസ്സിലായിട്ടുണ്ട്. ഫോട്ടോഗ്രാഫി പഠിക്കുന്ന എല്ലാവരും കണ്ടുമനസ്സിലാക്കേണ്ട ഒരു കാര്യമാണ് ഇതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ഫ്രെയിമിൽ ഒരു മനുഷ്യനെ ഉൾപ്പെടുത്തുമ്പോൾ എന്തൊക്കെ മെച്ചങ്ങളാണ് ആ ഫ്രെയിമിനു ഉണ്ടാവുന്നത്?
ആസ്വാദകനുമായി ഒരു ഫോട്ടോഗ്രാഫിനു ഏറ്റവും നന്നായി സംവദിക്കാനാവുന്നത് ഒരു ഫ്രെയിമിൽ ഒരു ജീവിതസന്ദർഭം ഒത്തുചേരുമ്പോഴാണ്. പ്രത്യേകിച്ചും ലാന്റ്സ്കേപ്പുകൾ തുടങ്ങിയവയിൽ. ഫ്രെയിമിലെ ലൈഫ് സിറ്റുവേഷൻ ഒരു മൂഡ് അതിൽ സ്വാഭാവികമായും ചേർക്കുന്നു. അതാണ് അതിന്റെ മെച്ചം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഒരേ ചിത്രം തന്നെ ഒരു ലൈഫ് സിറ്റുവേഷനോടുകൂടിയും അല്ലാതെയും നോക്കൂ. കോടമഞ്ഞ് അടിച്ചു തണുത്തു നിൽക്കുന്ന ഒരു താഴ്വാരം ആണെന്നിരിക്കട്ടെ, ആദ്യ ചിത്രത്തിൽ താഴ്വരമാത്രം. രണ്ടാമത്തേതിൽ അതേ താഴ്വരയിൽ ഒരു കമ്പിളിപ്പുതപ്പുമായി നടക്കുന്ന ഒരു വൃദ്ധൻ, മൂന്നാമത് അതേ സിറ്റുവേഷനിൽ ആടിപ്പാടി നടക്കുന്ന യുവതിയും യുവാവും. ഇവയിൽ ഓരോന്നിന്റെയും മൂഡ് എത്രവ്യത്യസ്തമാണെന്ന് പറയാതെ അറിയാമല്ലോ. ആദ്യ ചിത്രത്തിനു തന്നെ ഒരു ജീവനില്ല എന്നു തോന്നുന്നില്ലേ! അതാണ് അതിന്റെയൊരു യിത്...!
ചുരുക്കത്തിൽ മിക്കവാറും ഫ്രെയിമുകളിൽ ഒരു പുരുഷൻ /സ്ത്രീ / ജീവി ഒരു ഫ്രെയിമിൽ വരുന്നതുവരെ താങ്കൾ കാത്തിരിക്കാറുണ്ടാവുമല്ലോ. പെരിസ്ട്രോയിക്ക എന്ന ചിത്രത്തിന്റെ പിന്നിലെ കഥ ഒന്നു ചുരുക്കി പറയാമോ?
ശരിയാണ്. ഒരു ലൈഫ് സിറ്റുവേഷൻ കിട്ടുന്നതുവരെ ഞാൻ ഫ്രെയിം കമ്പോസ് ചെയ്ത് കാത്തിരിക്കാറുണ്ട്. ഇതുപോലെ കാത്തിരുന്ന ഒരു സന്ദർഭം “കഥപറയുന്ന ചിത്രങ്ങൾ“ എന്ന പംക്തിയിൽ ഞാൻ ഈയിടെ എഴുതിയിരുന്നല്ലോ. പെരിസ്ട്രോയിക്ക എന്ന ചിത്രം എടുത്ത സന്ദർഭം പറയാം. വീണുപോയ ഒരു ചുവന്നകൊടി കടൽത്തീരത്തു കിടക്കുന്നതുകണ്ടപ്പോൾ പെരിസ്ട്രോയിക്ക എന്ന തീമിനു ഇണങ്ങുന്ന നല്ല ഒരു ഫ്രെയിം ആയിരിക്കുമല്ലോ എന്നുകരുതി അല്പം ഉയർന്ന പെർസ്പെക്റ്റീവിൽ ഞാൻ ഒന്നുരണ്ട് ഫോട്ടോകൾ എടുത്തു. പക്ഷേ എന്തോ ഒരു കുറവ്. അതുവഴി നടന്നുപോകുന്ന ഒരു റഷ്യൻ പെൺകുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു, പക്ഷേ അടുത്തെങ്ങും ഒരു മനുഷ്യജീവിയെപ്പോലും കാണുന്നില്ല. അങ്ങനെ നിരാശപ്പെട്ട് ക്യാമറയും ട്രൈപ്പോടും എല്ലാം പായ്ക്ക്ചെയ്ത് പോകാനിറങ്ങി, അടുത്തുതന്നെ കണ്ട ഒരു പബ്ബിൽ കയറി ഒരു ബിയർ കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് തേടിയവള്ളി കാലിൽ ചുറ്റിയിരിക്കുന്നതു കണ്ടത്. അടുത്ത ടേബിളിൽ ബിയറും കഴിച്ചുകൊണ്ട് ഒരു റഷ്യക്കാരി ഇരിക്കുന്നു! താമസിച്ചില്ല, പരിചയപ്പെട്ടു, ഒരു ബിയറു കൂടി ഓഡർ ചെയ്തു. അല്പസമയം കഴിഞ്ഞ് ഇങ്ങനെ ഒരു ഫ്രെയിം എന്റെ മനസിലുണ്ട് എന്നും അറിയിച്ചു. മടിയൊന്നുകൂടാതെ അവർ ഞാൻ പറഞ്ഞ രീതിയിൽ തന്നെ ബീച്ചിൽ കൊടിയുടെ അടുത്തുകൂടി നടന്നുതന്നു.. മൂന്നുബോട്ടിൽ ബിയർ പോയാലെന്താ, ഉദ്ദേശിച്ചതുപോലെ ഫ്രെയിം കിട്ടിയല്ലോ.. :-)
താങ്കളുടെ ചിത്രങ്ങളിൽ പോയിന്റ് ആന്റ് ഷൂട്ട് എന്ന് എടുത്തവ വളരെ കുറവാണ്. വളരെ ശ്രദ്ധയോടെ കാത്തിരുന്ന കമ്പോസ് ചെയ്ത് എടുത്തവയാണ് മിക്കവാറും ചിത്രങ്ങൾ. ഈ അർപ്പണമനോഭാവം തന്നെയല്ലേ പുണ്യാളചിത്രങ്ങളുടെ വിജയവും?
തീർച്ചയായും. നല്ല ഫോട്ടോഗ്രാഫുകൾ എടുക്കണം എന്നാഗ്രഹിക്കുന്ന ആരും ഇതൊക്കെ ചെയ്യും, അല്ലെങ്കിൽ ചെയ്യണം എന്നു ഞാൻ പറയും. ഫ്രെയിം നമ്മൾ ആദ്യമേ മനസിൽ പ്ലാൻ ചെയ്യണം, നല്ല ലൈറ്റിനുവേണ്ടി കാത്തിരിക്കണം, ഇതിനുവേണ്ടി ചിലപ്പോൾ വെളുപ്പിനെ എഴുനേൽക്കുകയും ലൊക്കേഷനിലെത്തി പ്രഭാതത്തിനായി കാത്തിരിക്കുകയുമൊക്കെ വേണ്ടിവന്നേക്കും. ചിലപ്പോൾ അതും പോരാ, ഫ്രെയിമിൽ ഒരു ആക്ഷൻ ഒത്തുകിട്ടാനായി കാത്തിരിക്കണം. എപ്പോഴും ഉദ്ദേശിക്കുന്ന റിസൽട്ട് കിട്ടണം എന്നില്ല. നദിയിൽ ചൂണ്ടയിട്ട് കാത്തിരിക്കുന്ന ഒരു മനുഷ്യനെപ്പോലെ കാത്തുകാത്തിരുന്നു കിട്ടുന്നതാണ് ഒരോ നല്ല ചിത്രവും.
“മുഖങ്ങൾ” എന്ന വിഭാഗത്തിൽ പെടുത്താവുന്ന ചിത്രങ്ങളല്ലാതെ പ്ലാൻ ചെയ്ത് എടുക്കുന്ന ഫോട്ടോഗ്രാഫുകൾ (പോർട്രെയ്റ്റുകളിലും) താങ്കൾ വളരെ വിദഗ്ധനാണ്. ആളുകളെ നന്നായി പോസ് ചെയ്യിക്കുക എന്ന ഈ ആർട്ട് എങ്ങനെയാണ് സായത്തമാക്കാൻ ആവുന്നത് എന്നു പറയാമോ?
ഇത് ഫോട്ടോയെടുത്ത് പരിചയത്തിൽക്കൂടി ക്രമേണ ഡവലപ് ചെയ്ത് എടുക്കേണ്ട ഒരു കഴിവാണ്. ഒരു മുഖം കണ്ടാൽ ഏതൊക്കെ പോസുകളിലാണ് അവരുടെ സൌന്ദര്യം ഏറ്റവും ഭംഗിയായി ഒരു ദ്വിമാന പ്രതലത്തിൽ കൊണ്ടുവരാനാവുക എന്നത് നിരീക്ഷണത്തിൽ കൂടീ മനസ്സിലാക്കാം. അതിനനുസരിച്ച് പോസ് ചെയ്യിക്കുക. വിദേശികളായ രണ്ടു പ്രൊഫഷനൽ ഫോട്ടോഗ്രാഫർമാർ എനിക്ക് സുഹൃത്തുക്കളായുണ്ട്. അവരോടൊപ്പം ഒന്നു രണ്ടു ഫോട്ടോഷൂട്ടുകളിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ കിട്ടിയ അനുഭവ പാഠങ്ങളും എന്നെ ഇതിൽ സഹായിച്ചിട്ടുണ്ട്.
ഇപ്പോൾ ഉപയോഗിക്കുന്ന ക്യാമറകൾ, ലെൻസുകൾ, ആക്സസറീസ്?
കഴിഞ്ഞ പന്ത്രണ്ടുകൊല്ലാമായി ഞാനൊരു നിക്കോൺ ഫാൻ ആണ്. 12 to 500 mm few lenses and 3 നിക്കോൺ ബോഡികളും ഉണ്ട്.
അവസാനമായി ഒരു ചോദ്യംകൂടി. താങ്കൾ ശരിക്കും ഒരു പുണ്യാളനാണോ :-) എന്താണ് ഇങ്ങനെയൊരു ബ്ലോഗ് ഐഡിയുടെ പിന്നിലെ രഹസ്യം?
തീർച്ചയായും ഞാനും ഒരു പുണ്യാളനാണ്, നൂറു ശതമാനത്തിലെത്താൻ ഇനിയും ഒരു 99.99% കൂടി പുണ്യാളനാവാനുണ്ട് എന്നുമാത്രം :-) ഒരു ഫോട്ടോഗ്രാഫർ എന്ന എന്റെ ഇന്റർനെറ്റ് ബേയ്സ്ഡ് ഐഡന്റിറ്റിയെ എന്റെ യഥാർത്ഥ ഐഡന്റിറ്റിയുമായി ചേർത്തുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നേയുള്ളൂ. it may influence my personal life and relations with my friends. അതുകൊണ്ടു നിങ്ങളുടെയൊക്കെ ഇടയിൽ ഒരു പാവം പുണ്യാളനായി ഞാൻ കഴിഞ്ഞോളാം..... :-) ബ്ലോഗ് വഴിയുണ്ടായ ഈ സൌഹൃദങ്ങൾക്കെല്ലാം നന്ദി.
പുണ്യാളൻ മാഷേ, വളരെ നന്ദി ഇത്രയും കാര്യങ്ങൾ പങ്കുവച്ചതിന്. ഇനിയും താങ്കളുടെ ഫോട്ടോബ്ലോഗുകളിൽ കൂടി വളരെ വളരെ നല്ല ചിത്രങ്ങൾ കാണുവാനും, അതുവഴി ഒത്തിരികാര്യങ്ങൾ പഠിക്കുവാനും ആഗ്രഹിക്കുന്നു. ഒരിക്കൽകൂടി നന്ദി ആശംസകൾ.
18 comments:
ഗംഭീരം.വളരെ നന്നായി ചെയ്തിരിക്കുന്നു അഭിമുഖം.
"പിടികിട്ടാപുള്ളി"യുമായി അഭിമുഖം നടത്തിയ അപ്പുമാഷിന് ആശംസകള്‍ !! (ഹെന്റമ്മോ നക്കീരന്‍, അല്‍ ജസീറ ഇവരൊക്കെ തോറ്റിടത്തല്ലേ അപ്പു മാഷിന്റെ ഇന്റര്‍വ്യൂ !)
അപ്പുമാഷേ ഇന്റര്‍വ്യൂ അത്ര നന്നായി എഴുതിയിരുന്നതുകൊണ്ട് വെര്‍ച്വല്‍ ഇന്റര്‍വ്യൂ എന്ന സംശയം പോലുമുണ്ടായില്ല :D
അപ്പോ അങ്നനെയാണ് കാര്യങ്ങള്‍...
പിന്നെ ഗള്‍ഫ് കണ്ടിട്ടില്ലാത്തതുകൊണ്ട് ഈ “ഗള്‍ഫ്” എന്ന ഒറ്റ എന്റിറ്റി ആയിട്ടല്ലാതെ പല പല രാജ്യങ്ങളായി ഒരിക്കലും ച്നിന്തിക്കാറില്ല!!!
നന്നായിട്ടുണ്ട്...
all the best to Punyalan!
congrats to Appu!
വളരെ നല്ലൊരു അഭിമുഖം. പുണ്യാളനും അപ്പുവിനും നന്ദി...
കമന്‍റുചെയ്യുന്നത് അഹങ്കാരമായിപ്പോകും എന്നുതോന്നിയാണ് പുണ്യാളന്‍റെ ബ്ലോഗില്‍കമന്‍റുന്നത് ഞാനൊഴിവാക്കിയത്.ഇതു വായിച്ചതോടു കൂടി അത് നന്നായി എന്നുമനസ്സിലായി.ഇത്രയും ഉന്നതരായ പ്രതിഭകളും ബ്ലോഗിലുണ്ട് എന്നത് വളരെ സന്തോഷം പകരുന്നു.
പുണ്യാളന്റെ ഫോട്ടോകള്‍ കണ്ടു തുടങ്ങിയ സമയം മുതല്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയണം എന്നുണ്ടായിരുന്നു ,ഞാന്‍ കരുതിയിരുന്നത് പുണ്യാളന്‍ന്റെ പ്രൊഫെഷന്‍ ഫോട്ടോഗ്രാഫി ആണെന്നായിരുന്നു . അപ്പുചേട്ടാ നന്ദി പുണ്യാളനെ പരിചയപ്പെടുത്തിയതില്‍ . പുണ്യാളന്‍ മാഷേ നിങ്ങള് പുലിതന്നെയാ :)
All the best :)
പുണ്യാളൻ കണ്ണൂർ വാ, കൊറച്ച് തെയ്യത്തിന്റെ അടിപൊളി പടം എടുക്കാം.
അപ്പ്സ്.. ഗുഡ് വര്‍ക്ക്.
പുണ്യാളന്‍.. ഒരു കൊട്ട ആശംസകളും...
അസൂയ... ആരാധന...
ആരാധനാ അത് മാത്രം ..പിന്നെ ഉള്ളത് കൊതി ... ഒരു നാള്‍ ഞാന്‍ വേണ്ട അതിമോഹം ആവും അത്..
പുണ്യാളന്‍ കീ ജയ്... :)
ഈ മനുഷ്യന്‍ ഹാര്‍ഡ് ഡിസ്കില്‍ ഇനിയും പൂഴ്ത്തി വെച്ചിട്ടുണ്ട് അനേകം ഗംഭീര ചിത്രങ്ങള്‍!
നന്ദി അപ്പു ഇങ്ങേരുടെ ഈ കള്ളികള്‍ വെളിച്ചത് കൊണ്ട് വന്നതിന് :)
Thanks Appu Mash...
Great to know you a little more Punyalan!!!
Saji
punyalan rocks!! :):)
ഹൃദ്യം..മനോഹരം..!
താങ്ക്സ് എ ട്രില്ല്യൺ..
നല്ല ഇന്റർവ്യൂ.. പുണ്യാളനും അപ്പുവിനും ആശംസകൾ!!
Post a Comment