കഥപറയുന്ന ചിത്രങ്ങൾ - behind the frames (2)

കഥപറയുന്ന ചിത്രങ്ങൾ എന്ന പംക്തിയിൽ അടുത്തതായി എഴുതുന്നത് ശ്രീ. സചിൻ പോളശേരിയാണ്. “തൃശൂർക്കാരൻ“ എന്ന ബ്ലോഗർ ഐ.ഡി യിൽ നമുക്കെല്ലാം സുപരിചിതനായ അദേഹം “കാത്തിരിപ്പ്” എന്ന ചിത്രം എടുക്കാൻ ഇടയായ സാഹചര്യം വിവരിക്കുകയാണ് ഈ പോസ്റ്റിൽ. ഉചിതമായ ആംഗിൾ തെരഞ്ഞെടുക്കുന്നതുവഴി ഒരു ചിത്രത്തിന്റെ പെർസ്പെക്റ്റീവ് എങ്ങനെ മാറ്റാം എന്ന് ഈ വിവരണത്തിൽ കൂടി നമുക്ക് മനസ്സിലാക്കാം. ഒപ്പം ഫോട്ടോഷോപ്പ് ഉപയോഗിച്ച് എങ്ങനെ ഒരു ഫ്രെയിമിൽ വന്നുപോയ പാളിച്ചകളെ പരിഹരിക്കാം എന്നതും.


St. Fiachra തോട്ടക്കാരുടെ patron saint ആയാണ് അറിയപ്പെടുന്നത്. അയർലന്റിൽ ജനിച്ച അദ്ദേഹത്തിന് പല സിദ്ധികളുമുണ്ടായിരുന്നുവത്രേ.. അതിലൊന്ന് പച്ചമരുന്നുകളുടെ ഉപയോഗമാണ്. പച്ചമരുന്നുകൾ ഉപയോഗിച്ച് പല അസുഖങ്ങളും മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഏഴാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ കഴിവുകളെ ഒരു സ്ത്രീ ചോദ്യം ചെയ്ത് കാപട്യക്കാരനാണെന്ന് കുറ്റപ്പെടുത്തിയതിനുശേഷം വലിയ സ്ത്രീവിരോധിയായിയത്രെ.

അദ്ദേഹത്തിന്റെ പേരിൽ ഐറിഷ് ഗവർമ്മെന്റ് ഒരു വലിയ തോട്ടം പണി കഴിപ്പിച്ചിട്ടുണ്ട്. ഈ തോട്ടം എന്റെ താമസസ്ഥലത്തിനടുത്തായതുകൊണ്ട് ഒഴിവുദിവസങ്ങളിൽ ഞാൻ അവിടെ പോകാറുണ്ട്. നല്ല വൃത്തിയായി സൂക്ഷിച്ചിരിയ്ക്കുന്ന ഒരു വലിയ കുളവും അതിന്റെ കരയിൽ ചിന്താമഗ്നനായിരിയ്ക്കുന്ന ഒരു വൈദികന്റെ രൂപവും ഈ ഉദ്യാനത്തിന്റെ പ്രധാനഭാഗത്ത് കാണാം. ഒപ്പം കല്ലുകൊണ്ട് കെട്ടിയ ഒരു വലിയ തേനീച്ചക്കൂട് എന്നതുപോലെ തോന്നിപ്പിയ്ക്കുന്ന ഒരു വീടും അതിനടുത്ത് തന്നെയുണ്ട്. മനോഹരമായ പുൽത്തകിടികളും, ചെറുതും വലുതുമായി കുറെ കുതിരകളും വിവിധ പക്ഷിജാലങ്ങളും ഈ മനോഹരമായ തോട്ടത്തില്‍ വസിയ്ക്കുന്നു. ഈ തോട്ടം 6 -7 നൂറ്റാണ്ടുകളിൽ അയർലന്റിൽ ഉണ്ടായിട്ടുള്ള അദ്ധ്യാത്മിക ഉണർവ്വിന്റെ പുനർസൃഷ്ടിയാണ്. തടാകം 5000 വർഷം പഴക്കമുള്ള വെള്ളത്തിനടിയിലെ ഓക്ക് കാടുകളെ അനുസ്മരിപ്പിയ്ക്കുന്നു. 

പലപ്പോഴും അവിടെ പോയപ്പോഴെല്ലാം അവിടെയുള്ള ചെറിയ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങളും ചെറിയ താറാവ് കുഞ്ഞുങ്ങളും അരയന്നങ്ങളും പൂക്കളുമൊക്കെയായിരുന്നു ക്യാമറയില്‍ പതിഞ്ഞത്. പലപ്പോഴും ടൂറിസ്റ്റുകളുടെ തിരക്കുക്കുള്ളതുകൊണ്ട് വൈദികനെയും കുളത്തെയും ഞാനത്ര കാര്യമായി ശ്രദ്ധിച്ചിട്ടില്ലായിരുന്നു. പുള്ളിയെ കെട്ടിപ്പിടിച്ച് എപ്പോഴും അരെങ്കിലും ഫോട്ടോയ്കായി പോസ് ചെയ്യുന്നുണ്ടാകും; പെണ്ണൂങ്ങളടക്കം. ജീവിച്ച സമയത്ത് പെണ്ണൂങ്ങളെ അടുപ്പിയ്ക്കാത്ത ദേഹമാണെന്ന് ഓർക്കണം!

ഒരു ദിവസം ഞാൻ ഒരു ഫോട്ടോഗ്രാഫർ സുഹൃത്തിനോടൊപ്പം ഈ തോട്ടത്തിലേയ്ക്ക് പോയി. നടക്കുമ്പോൾ ഈ ഭാഗം സാധാരണ വിട്ടുകളയാറാണ് പതിവ്. എന്റെ കയ്യിൽ ക്യാമറ കണ്ട ഒരു  സംഘം ടൂറിസ്റ്റുകള്‍ അവരുടെ ഗ്രൂപ്പ് ചിത്രമെടുക്കാമോ എന്ന് ചോദിച്ച് അവരുടെ ക്യാമറ കയ്യില്‍ തന്നപ്പോൾ ഇതു വഴി കുറച്ച് നടക്കാനിടയായി. അപ്പോഴാണ് ഈ കുളത്തില്‍ അരയന്നങ്ങളെ ശ്രദ്ധിച്ചത്. ഒരെണ്ണം കരയില്‍ നല്ല ഉറക്കമാണ്. കുറച്ച് ദൂരം നടന്ന് ഒന്ന് തിരിഞ്ഞുനോക്കിയപ്പോഴാണ് ഞാന്‍ ഈ ഫ്രെയിം മനസ്സിൽ കണ്ടത്. അരയന്നത്തിന് എന്തോ കൊടുക്കുന്ന ഭാവത്തിലിരിയ്ക്കുന്ന വൈദികൻ - ഇങ്ങനെ ഒരു ഫ്രെയിം കിട്ടിയാൽ അത് രസകരമായിരിയ്ക്കുമല്ലോ എന്നോർത്ത് ഞാൻ കുളത്തിന്റെ മറുകരയിൽ ഇരിപ്പുറപ്പിച്ചു. ട്രൈപ്പോഡ് ഇല്ലാതിരുന്നത് കൊണ്ട് ക്യാമറ കയ്യില്‍ പിടിച്ച് നോക്കിയാണിരിപ്പ്. അങ്ങിനെ കുറെ നേരം ഇരുന്നു. അരയന്നം നല്ല ഉറക്കത്തിലാണ്. ഇതൊന്നു തലപൊക്കാതെ ഞാൻ ഉദ്ദേശിച്ച ഫ്രെയിം കിട്ടുകയുമില്ല. ബാറ്ററി തീരുമോ എന്ന് പേടിയുണ്ട്. അരയന്നമാണെങ്കില്‍ നല്ല ഉറക്കവും. ക്യാമറയുടെ multiple exposure ഓണ്‍ ചെയ്ത് ഇടയ്ക്ക് ഒന്ന് രണ്ട് ടെസ്റ്റ് ചിത്രങ്ങള്‍ എടുത്തുനോക്കി.   അരയന്നത്തത്തിന്റെ കഴുത്തും തലയും ഒഴികെ എല്ലാം പ്രതീക്ഷിച്ചതുപോലെ ഓക്കെയാണ്!   

പെട്ടെന്ന് എന്തോ ശബ്ദം കേട്ട് അരയന്നം തല പൊക്കിയതും ഞാന്‍ ക്ലിക്ക് തുടങ്ങി. എന്നെ അതിശയിപ്പിച്ചുകൊണ്ട് ഫ്രെയിമിൽ അതുവരെ ഇല്ലാതിരുന്ന ഒരു സബ്ജക്റ്റ് വ്യൂഫൈന്ററിൽ ഞാൻ കണ്ടു. ഒരു മനുഷ്യന്റെ കാലുകൾ അരയന്നത്തിന്റെ നേരെപുറകിൽ! എന്താണിതെന്ന് നോക്കാനായി വ്യൂഫൈന്ററീൽ നിന്ന് കണ്ണെടുത്തപ്പോഴല്ലേ കാണുന്നത് മറ്റൊരുത്തൻ ഒരു ക്യാമറയും കൈയ്യിൽ‌ പിടിച്ച് അരയന്നത്തിന്റെ പുറകിലെ കുളക്കരയിൽ നിന്ന് ക്ല്ലിക്കുകയാണ്.   എനിയ്ക്ക് വന്ന ദേഷ്യം പറഞ്ഞറിയിയ്ക്കാന്‍ വയ്യ. പിന്നെ എല്ലാം കൂട്ടി Photoshop elements ൽ ഇട്ട് ഒന്ന് കലക്കി നോക്കി.



അങ്ങിനെയാണ് ഈ ചിത്രം ജനിച്ചത്.

3 comments:

നന്നായിട്ടുണ്ട്....
എല്ലാവിധ ആശംസകളും നേരുന്നു....

സച്ചിൻ നന്നായിറ്റ്ണ്ട് ട്ടാ

വളരെ നല്ല ചിത്രം .........ആശംസകള്‍ നേരുന്നു മുന്‍പോട്ടുള്ള യാത്രക്ക് ......

Post a Comment