“സൂമിംഗ് ഇൻ” വേദിയിൽ അടുത്തതായി പരിചയപ്പെടുത്തുന്നത്
‘പകൽക്കിനാവൻ‘ എന്ന ബ്ലോഗർ ഐഡിയിൽ കവിതകളും ഫോട്ടോഗ്രാഫുകളുമായി ബൂലോകത്ത് വളരെ പരിചിതനായ കലാകാരൻ ശ്രീ. ഷിജു ബഷീറിനെയാണ്. ദുബായിയിലെ ഒരു അഡ്വൈർട്ടൈസിംഗ് സ്ഥാപനത്തിൽ Visual effects Director ആയി ജോലി ചെയ്യുന്ന ഷിജു ഫോട്ടോഗ്രാഫി മേഖലയിലേക്ക് വന്നിട്ട് അധികവർഷങ്ങൾ ആയിട്ടില്ല. എങ്കിലും തന്റേതായ നിരീക്ഷണങ്ങളിൽക്കൂടിയും, വ്യത്യസ്തമായ വീക്ഷണകോണുകളിൽക്കൂടിയും തന്റെ മുമ്പിൽ കാണുന്ന ജീവിതസാഹചര്യങ്ങളെ ഫ്രെയിമുകളിൽ പകർത്തുന്ന ഷിജു സ്വന്തമായ ഒരു ശൈലി സ്വീകരിച്ചിരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തെ നമുക്ക് കൂടുതൽ പരിചയപ്പെടാം.
അഭിമുഖം തയ്യാറാക്കിയത് : അപ്പു
ഷിജൂ, സൂമിംഗ് ഇൻ വേദിയിലേക്ക് സ്വാഗതം. ആദ്യമായി സ്വയം ഒന്ന് പരിചയപ്പെടുത്തൂ. എവിടെയാണ് ഷിജുവിന്റെ നാട് ? സ്കൂൾ കോളേജ് പഠനം എവിടെ ആയിരുന്നു? ഗൾഫില്‍ വന്നിട്ട് എത്ര നാളായി?
നന്ദി അപ്പു. എന്റെ നാട് ആലപ്പുഴ ജില്ലയിലെ കായംകുളത്താണ്. പോപ് പയസ് സ്കൂൾ കറ്റാനം, എം.എസ്. എം കോളേജ് കായംകുളം, എസ് എസ് എം പോളി ടെക്നിക് തിരൂർ എന്നിവിടങ്ങളിലായാണ് ഞാൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1995 ൽ സൗദി അറേബ്യ യിൽ പ്രവാസം തുടങ്ങി. അതിനു ശേഷം ബാംഗ്ലൂർ ബോംബെ വഴി ദുബായ് വരെ എത്തി നില്‍ക്കുന്നു. ഇവിടെ കുടുംബ സമേതം താമസിക്കുന്നു. ഭാര്യയും ഒരു മകളും അടങ്ങുന്നതാണ് എന്റെ കുടുംബം.
ഷിജുവിന്റെ ഫോട്ടോബ്ലോഗിലെ ചിത്രങ്ങളിലെല്ലാം ഒരു പ്രത്യേകതയുണ്ട്. ഷിജുവിന്റെ വ്യത്യസ്തമായ “ഉൾകണ്ണ്” അവയുടെ പ്രത്യേകതയാണ്. സാധാരണമായ കാഴ്ചകളിൽ ഇങ്ങനെ വ്യത്യസ്തത തേടുന്ന ഒരു രീതി ഡെവലപ് ചെയ്ത് എടുത്തതാണോ അതോ അത് സ്വതവേ ഷിജുവിന്റെ മനസ്സിൽ ഉള്ളതുതന്നെയോ?
ഇതൊന്നും മനഃപ്പൂർവ്വം ചിന്തിച്ച് എടുക്കുന്നതല്ല. അങ്ങനെ സംഭവിച്ചു പോകുന്നതാണ്. സത്യത്തിൽ വളരെ കുറച്ചു വർഷങ്ങൾ മാത്രം പഴക്കമുള്ളതാണ് എന്റെ ഫോട്ടോഗ്രാഫി പരിചയം. ഈ അടുത്ത കാലത്താണ് ഒരു SLR ക്യാമറ സ്വന്തമാക്കിയത്. അതിനു മുൻപ് ഫോട്ടോഗ്രാഫി മനസ്സിൽ വെറും ആഗ്രഹം മാത്രമായി ഒതുങ്ങിയിരുന്നു. ബ്ലോഗു തുടങ്ങിയതിനു ശേഷമാണ് ശരിക്കും ഫോട്ടോ എങ്ങനെയൊക്കെ എടുക്കാം, നന്നാക്കാം, എന്ന് പഠിച്ചത് തന്നെ. ക്യാമറയിലെ പല ബട്ടണുകളും എന്തിനു വേണ്ടിയാണ് എന്ന് അറിയില്ല എന്നതാണ് സത്യം. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു.
പകൽക്കിനാവൻ എന്ന കവിയെ ഷിജുവിന്റെ മനസ്സിലെ ഫോട്ടോഗ്രാഫർ കോമ്പ്ലിമെന്റ് ചെയ്യാറുണ്ടോ അതോ ഫോട്ടോഗ്രാഫറെ കവി സ്വാധീനിക്കുകയാണോ - ഏതാണു കൂടുതൽ ശരി?
തീർച്ചയായും എന്റെ ഉള്ളിലെ കവി തന്നെയാണ് ഫോട്ടോഗ്രാഫറെ സ്വാധീനിക്കുന്നത്. ഓരോ രംഗം കാണുമ്പോഴും അതിനുപിന്നിൽ ഒരുവരി കവിത മനസിൽ തോന്നാറുണ്ട്. അതിനനുസൃതമായ ഫീൽ കൊടുക്കാൻ തക്കവിധം ഫ്രെയിം കമ്പോസ് ചെയ്യുവാൻ പലപ്പോഴും സാധിച്ചിട്ടുണ്ട്.
ഫോട്ടോഗ്രാഫിയിലുള്ള താല്പര്യം എന്നു തുടങ്ങി? ഏതാണ് ആദ്യമായി ഉപയോഗിച്ച ക്യാമറ?
ഫോട്ടോഗ്രാഫിയിൽ താല്പര്യം കോളേജിൽ പഠിക്കുന്ന കാലത്തുതന്നെയുണ്ട്. ഒരു യാഷിക MF2 ഫിലിം ക്യാമറയാണ് ഞാൻ ആദ്യമായി ഉപയോഗിച്ചത്. നേരത്തെ പറഞ്ഞതുപോലെ, നാലുവർഷങ്ങൾക്കു മുമ്പ് മാത്രമാണ് ഒരു ക്യാമറ സ്വന്തമാക്കിയത്. Canon 300d ആയിരുന്നു ആദ്യം ഉപയോഗിച്ചത്. ഇപ്പൊൾ തികച്ചും ഒരു nikonian ആയി മാറി.
ഓർമ്മയിൽ ഇപ്പോഴും സൂക്ഷിക്കുന്ന ആദ്യകാല ചിത്രം / ചിത്രങ്ങൾ ഏതാണ്? എന്താണതിന്റെ പ്രത്യേകത?
ഇത് എന്റെ ആദ്യ കാല ചിത്രങ്ങളിൽ ഒന്നാണ്. വ്യക്തിപരമായി എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ചിത്രമായിരുന്നു. ഞാൻ തന്നെയാണ് ഇത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ ഇതുവരെയും ഞാൻ നല്ല ചിത്രങ്ങൾ എടുത്തിട്ടില്ല എന്ന് തന്നെ വിശ്വസിക്കുന്നു. എടുത്ത ചിത്രങ്ങളേക്കാൾ ഒരുപാട് നല്ല ചിത്രങ്ങൾ എനിക്ക് പല സാഹചര്യങ്ങളിലും എടുക്കാൻ കഴിയാതെ പോയി എന്നതും ഒരു വേദനയായി അവശേഷിക്കുന്നു.
ഓർമ്മയിൽ സൂക്ഷിക്കുന്ന “ചിത്രം“ പക്ഷേ ഒരു ഫോട്ടോഗ്രാഫായി എന്റെ കൈയ്യിൽ ഇല്ല. വളരെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണത്. 1995 ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. ചേർത്തല സ്റ്റീൽ പ്ലാന്റിൽ അപ്രന്റീസ് ആയി ജോലി ചെയ്യുന്ന കാലം . എസ്.എൻ കോളജിന് എതിർവശമുള്ള ലോഡ്ജിലാണ് താമസം. ഒരു ദിവസം രാവിലെ, ആരുടെയൊക്കെയോ നിറുത്താതെയുള്ള നിലവിളി കേട്ടാണ് ഉണർന്നത്. പെട്ടന്ന് ബഹളം കേട്ടിടത്തേക്ക് ഇറങ്ങിയോടി. അവിടെ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു . ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട് ആ ചിത്രം . ഒരു മരത്തിന്റെ കൊമ്പിൽ തൂങ്ങി മരിച്ച കുടുംബനാഥൻ. തൊട്ടു താഴെ മണ്ണിൽ കിടന്നു നിലവിളിക്കുന്ന ഭാര്യയും മൂന്നു കൊച്ചുകുട്ടികളും. എനിക്ക് ക്യാമറയിൽ പകർത്താൻ കഴിയാതെ പോയ ചിത്രങ്ങളിൽ ഒന്ന്, പക്ഷേ മനസ്സിലെ ഫിലിമിൽ അത് ആഴത്തിൽ പതിഞ്ഞിരിക്കുന്നു ഇപ്പോഴും. ഒരു പക്ഷെ അന്ന് ആ ചിത്രം എനിക്ക് എടുക്കുവാൻ കഴിയുമായിരുന്നെങ്കിൽ എന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്ന് അതാകുമായിരുന്നു. ആ ചിത്രം കാണുന്ന ഒരാൾക്കു പോലും ആത്മഹത്യ എന്നത് ചിന്തിക്കുവാൻ പോലും കഴിയില്ല എന്ന് എനിക്കുറപ്പുണ്ട്. ഇത്ര വർഷങ്ങൾക്കു ശേഷവും എന്നെ ഏറെ നൊമ്പരപ്പെടുത്തുന്നതാണ് ആ ഓർമ്മ.
ഇപ്പോൾ വിഷ്വൽ എഫക്റ്റ്സ് ഡയറക്റ്റർ എന്ന തസ്തികയിലാണല്ലോ ജോലി ചെയ്യുന്നത്. എന്താണ് വിഷ്വൽ എഫക്റ്റ്സ് എന്ന് വായനക്കാരുടെ അറിവിലേക്കായി ചുരുക്കത്തിൽ ഒന്നുപറയാമോ? ഒപ്പം തൊഴിൽ മേഖലയിലെ പ്രവർത്തി പരിചയത്തെപ്പറ്റിയും.
കമ്പ്യൂട്ടർ ആനിമേഷന്റെ സഹായത്തോടെ ടി.വി. പരസ്യങ്ങളിലും സിനിമയിലും നിർമ്മിച്ചെടുക്കുന്ന ദൃശ്യങ്ങൾ എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. യഥാർത്ഥ ചിത്രങ്ങളിലേക്ക് ഈ എഫക്റ്റുകൾ പകരുമ്പോൾ കാണികളിൽ വളരെ ഇംപാക്റ്റ് ഉണ്ടാക്കുന്ന ദൃശ്യവിസ്മയങ്ങളായി അവ മാറുന്നു. ഉദാഹരണം പറഞ്ഞാൽ ചില പരസ്യങ്ങളിൽ സോഫ്റ്റ് ഡ്രിംങ്ക്സ് കുപ്പിയിൽ നിന്ന് ആ പാനീയം പുറത്തേക്ക് തെറിച്ചു പോകുന്നതായും, സോപ്പ് പാലിലേക്ക് വീണുമുങ്ങിത്താഴുന്നതായും, ചോക്ലേറ്റിനുള്ളിലേക്ക് ചോക്ലേറ്റ് ക്രീം നിറയുന്നതായും ഒക്കെ കണ്ടിട്ടില്ലേ. അതൊക്കെ വിഷ്വൽ എഫക്റ്റുകളാണ്. 1998 മുതൽ ഇതേ ജോലി ചെയ്യുന്നു, ബാംഗ്ലൂരിലും, ബോംബെയിലും ദുബായിലുമായി. ദേവദാസ് , കോയി മിൽഗയ, ബോയ്സ് തുടങ്ങി അൻപതോളം ഹിന്ദി, തമിഴ്, കന്നഡ, തെലുഗു ചിത്രങ്ങളിലും ആയിരത്തിലധികം പരസ്യ ചിത്രങ്ങളിലും ആനിമേഷൻ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.
കുറേയേറേ ഭാവനയും ഒപ്പം ഗ്രാഫിക്സിൽ ഉള്ള പാടവവും ഈ ജോലിക്ക് ആവശ്യമാണെന്ന് മനസ്സിലായി. ഗ്രാഫിക്സ് മേഖലയിൽ എന്തൊക്കെ സോഫ്റ്റ്വെയറുകളാണ് പഠിച്ചിട്ടുള്ളത്? എവിടെയായിരുന്നു പഠനം?
സൌദിയിൽ രണ്ടു വർഷത്തെ ജയിൽ ( പ്രവാസം ) ജീവിതം അവസാനിപ്പിച്ചു നേരെ ബാംഗ്ലൂരിൽ എത്തി അനിമേഷനും വീഡിയോ എഡിറ്റിങ്ങും പഠിച്ചു. പഠിച്ചത് അഡോബി ഫോട്ടോഷോപ്പ് , പ്രീമിയർ, avid , 3d max ഒക്കെ ആയിരുന്നു. ജോലി കിട്ടിയതിനു ശേഷം ആയിരുന്നു യഥാർത്ഥ പഠനം. ഇപ്പോഴും പുതിയ അറിവുകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. ഗ്രാഫിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും അങ്ങനെതന്നെയാവണം ചെയ്യുന്നത്. ടെക്നോളജി മാറുന്നതിനനുസരിച്ച് നമ്മുടെ പരിചയവും അപ്‌ഡേറ്റ് ചെയ്യേണ്ടിയിരിക്കുന്നു.
ഡിജിറ്റൽ ഫോട്ടോഗ്രാഫിയിൽ, പോസ്റ്റ് പ്രോസസിംഗിനു ഉള്ള പങ്കും, അതുവഴി ഫോട്ടോയിൽ കൊണ്ടുവരാനാകുന്ന മെച്ചപ്പെടുത്തലുകളും (എഫക്റ്റുകളല്ല) ചുരുക്കത്തിൽ പറയാമോ?
ഡിജിറ്റൽ ഫോട്ടോഗ്രാഫിയിൽ, പോസ്റ്റ് പ്രോസസിംഗ് ചെയ്യാൻ പാടില്ല എന്നൊക്കെ ആണ് ചില മത്സരങ്ങളിൽ ഉള്ള മുന്നറിയിപ്പ് എന്നൊക്കെ കേൾക്കുന്നുണ്ട്. എന്നിരുന്നാലും അല്പം നിറം കൂട്ടുകയും കുറക്കുകയും ഒക്കെ ചെയ്‌താൽ ഒരു ഡിജിറ്റൽ ഇമേജിന് ഒരു ചുക്കും സംഭവിക്കില്ല എന്നത് യാഥാർഥ്യം. അതുപോലെ ഒരോ ഡിജിറ്റൽ ഇമേജിലും നമ്മൾ എഡിറ്റിംഗിനു മുമ്പ് കാണുന്നതിലും എത്രയോ അധികം കാര്യങ്ങൾ (ഡിറ്റെയിത്സ്) ഒളിഞ്ഞിരുപ്പുണ്ട്. അവയൊക്കെ നമുക്ക് ആവശ്യമുള്ള രീതിയിൽ ദൃശ്യവൽകൃതമാക്കുമ്പോഴാണ് ഒരു ഡിജിറ്റൽ ഫോട്ടോ പൂർണ്ണതയിൽ എത്തുന്നത്. അതുപോലെ ഡിജിറ്റൽ ചിത്രങ്ങളിൽ ചില പ്രത്യേക ടോണുകൾ കൊണ്ടുവരുന്നതു വഴി യഥാർത്ഥ രംഗത്തിൽ ഉണ്ടായിരുന്നതിലും അധികം ഫീൽ ചിത്രത്തിൽ കൊണ്ടുവരുവാൻ സാധിക്കും. ഉദാഹരണമായി ചില ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ ഡെപ്ത് ഫീൽ എന്നിവ നോക്കൂ.
അഡ്വർട്ടൈസിംഗ് ഫീഡിലേക്ക് എങ്ങനെയാണ് കടന്നുവന്നത്? ഫോട്ടോഗ്രാഫർമാർക്ക് ഈ മേഖലയിൽ എന്തൊക്കെ തൊഴിൽ സാധ്യതകളാണുള്ളത്?
അനിമേഷൻ പഠനം കഴിഞ്ഞപ്പോൾ ആദ്യ ജോലി കിട്ടിയത് ഈ ഫീൽഡിൽ ആണ് എന്നേയുള്ളൂ. അഡ്വർട്ടൈസിങ്ങിൽ തന്നെ പ്രിന്റ് മീഡിയയിൽ ഫോട്ടോഗ്രാഫർമാർക്ക് ഒരുപാട് തൊഴില്‍ സാധ്യതകളും നല്ല വേതനവുമുണ്ട്. എങ്കിലും, നമുക്ക് അനുയോജ്യമായ ഒരു സ്ഥാപനത്തിൽ എത്തിച്ചേരുക എന്നത് ഭാഗ്യം തന്നെയാണ് .
ഒരുപാട് യാത്രകൾ ചെയ്യുന്ന ആളാണല്ലോ ഷിജു. യാത്രകൾ അത്രയ്ക്ക് ഹരമാണോ?
എവിടെയൊക്കെ യാത്ര ചെയ്തിട്ടുണ്ട്? കേരളത്തിനു പുറത്തും വിദേശത്തും എവിടെയൊക്കെ പോയിട്ടുണ്ട്?പണ്ടുമുതൽ തന്നെ യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്, വെറും ഇഷ്ടമെന്നല്ല, ഭ്രമം തന്നെ! ഗൾഫിൽ വരുന്നതിനു മുമ്പ് നടന്ന ഒരു സംഭവം പറയാം. ഒരു ദിവസം വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി കടയിൽ പോയതാണ്. അപ്പോഴതാ എന്റെ കുറച്ചു കൂട്ടുകാർ ഒരു കാറിൽ വരുന്നു, മൂന്നാറിലേക്കാണു യാത്ര. ഒട്ടും താമസിച്ചില്ല, അവിടെനിന്നു തന്നെ അവരോടൊപ്പം കയറി. പോയവഴിയിൽ ഒരു കൈലിയും ഒരു ഉടുപ്പും (അടിവസ്ത്രങ്ങളും :-) വാങ്ങുകയായിരുന്നു! ഇപ്പോഴും അവധിക്കാലത്ത് നാട്ടിൽ എത്തിയാൽ ഏറിയ ദിവസവും യാത്രയിലാവും. കാടോ, മലയോ പുഴയോ എന്നൊന്നും നോട്ടമില്ല. എവിടെയായാലും സന്തോഷം. ജോലിയുടെ ഭാഗമായി വിദേശയാത്രകളും ലഭിച്ചിട്ടുണ്ട്. എല്ലാ യാത്രകളിലും ഫോടോഗ്രാഫിക്ക് അല്പം സമയമെങ്കിലും കണ്ടെത്താറുമുണ്ട് . ഈ അടുത്ത് യൂറോപ്പില്‍ പോയിരുന്നു. ഗൾഫിൽ മിക്ക രാജ്യങ്ങളിലും പോയിട്ടുണ്ട്.
യാത്രകളിൽ ഉടനീളം ക്യാമറ ഒപ്പം കാണുമല്ലോ എന്നു പ്രത്യേകം ചോദിക്കേണ്ടകാര്യമില്ല എന്നറിയാം. എങ്കിലും, ഒരു ക്യാമറ കൈയ്യിലുള്ളപ്പോൾ നമ്മൾ കൂടുതലും കോൺഷ്യസ് ആവുന്നത് ഫോട്ടോഗ്രാഫിയിൽ ആയിരിക്കുമല്ലോ. അതുകൊണ്ട് ചോദിക്കട്ടെ, യാത്രചെയ്യുമ്പോൾ കാണുന്ന കാര്യങ്ങളെല്ലാം ഒരു ഫോട്ടോഗ്രാഫിക് ഫ്രെയിമിൽ കൂടെയാണോ മനസ്സിൽ കാണുന്നത്?
ക്യാമറ എപ്പോഴും കൂടെ തന്നെ ഉണ്ടാകും . :) കുറെ നാൾ മുമ്പുവരെ കാണുന്നതെന്തും പകർത്തുക എന്ന (ദു)ശീലം ഉണ്ടായിരുന്നു. പക്ഷേ ഫോട്ടോഗ്രാഫിയെ അടുത്തറിഞ്ഞപ്പോൾ ക്യാമറയിൽ പകർത്തുന്നത്, വേണ്ടത് മാത്രം എന്നതിലേക്ക് ചുരുങ്ങി. പക്ഷെ അപൂർവ്വമായ കാഴ്ച ആണെങ്കിൽ അത് പകർത്താൻ എന്തു റിസ്കും എടുക്കുക എന്നത് ഇപ്പൊൾ ഒരു ശീലമായി :)
അപ്പോൾ മലയാളം ടി.വി ചാനലുകളിൽ ഒരു കൈ നോക്കാം എന്നു സാരം അല്ലേ.! അതിരിക്കട്ടെ, ഒരു ചിത്രമെടുക്കുമ്പോൾ അതിന്റെ ടെക്നിക്കൽ കാര്യങ്ങളേക്കാൾ കൂടുതൽ ശ്രദ്ധ ഷിജു നൽകുന്നത് കമ്പോസിങ്ങിന്റെ മികവിലാണെന്നു ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ഫോട്ടോയുടെ കമ്പോസിഷൻ, ടെക്നിക്കൽ പെർഫക്ഷൻ, ഈ രണ്ടുകാര്യങ്ങളെ ഷിജു എങ്ങനെയാണ് ബാലൻസ് ചെയ്യാറ്?
കുഴഞ്ഞ ചോദ്യം തന്നെ! അപ്പുവിന്റെ കാഴ്ചക്കിപ്പുറം ബ്ലോഗിലൂടെ ഫോട്ടോഗ്രാഫിയുടെ ടെക്ക്നിക്കൽ വശങ്ങളെപ്പറ്റി ഒരു പാടുകാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. ഇതേപ്പറ്റി അധികമൊന്നും അറിയാതെയായിരുന്നു പണ്ട് തകർത്തു ചിത്രങ്ങള്‍ എടുത്തിരുന്നത്. എനിക്ക് എന്റെ ഫോട്ടോഗ്രാഫി പരിചയത്തിൽ നിന്ന് മനസിലായ ഒരു കാര്യം കമ്പോസിഷൻ ടെക്നിക്കുകൾ അതേപടി പകർത്തി ഒരു ചിത്രം എടുക്കാൻ ഒരുങ്ങിയാൽ പലപ്പോഴും ചിത്രങ്ങൾ ലഭിക്കാതെ വന്നേക്കാം എന്നതാണ്. പ്രത്യേകിച്ചും ആക്ഷൻ ചിത്രങ്ങളിൽ. കമ്പോസിഷനെപ്പറ്റിയുള്ള ഐഡിയകൾ നമ്മുടെ മനസ്സിൽ സ്വതവേ വരുന്ന ഒരു പരിചയം കൊണ്ട് പതുക്കെവന്നുചേരും. ഇപ്പോൾ ഞാനങ്ങനെയാണ് ചിത്രങ്ങൾ എടുക്കാറ്. മനസിൽ ആദ്യം ആ ഫ്രെയിം എങ്ങനെയായിരിക്കണം എന്നു പതിയുന്നുവോ അതുപോലെ എടുക്കുക.
ഷിജുവിന്റെ ചിത്രങ്ങളിൽ അധികമൊന്നും ഒരു സെറ്റ് നേരത്തേ തയ്യാറാക്കി എടുത്തവ എന്നുപറയാൻ സാധിക്കുന്നവയല്ല. എന്നിട്ടും ഇത്രയേറേ വൈവിധ്യമേറിയ ചിത്രങ്ങൾ ഷിജുവിന്റെ കളക്ഷനുകളിൽ ഉണ്ടല്ലോ. ഈ വൈവിധ്യത്തിന്റെ കാരണം?
ജോലി കഴിഞ്ഞാല്‍ വീട് , വീട് വിട്ടാല്‍ പിന്നേം ജോലി എന്ന ആശയം മാറ്റി ജോലി കഴിഞ്ഞാൽ ചിത്രമെടുപ്പ്, അത് കഴിഞ്ഞു വീട് എന്ന പരിപാടി ആക്കി. അപ്പൊ ചിത്രങ്ങളുടെ എണ്ണം കൂടി - വീട്ടില്‍ പിണക്കം ഉണ്ടെങ്കിലും!
ഒരു ചിത്രം എടുത്ത് പോസ്റ്റ് പ്രോസസിംഗ് നടത്തി കമ്പ്യൂട്ടറിൽ സൂക്ഷിക്കുക, ബ്ലോഗിൽ പബ്ലിഷ് ചെയ്യുക എന്ന സാധാരണരീതിയെ വിട്ട് ഒരു പടി കൂടി ഷിജു പോയിട്ടുണ്ട്. എല്ല നല്ല ചിത്രങ്ങളെയും വലിയ സൈസിൽ പ്രിന്റ് ചെയ്ത് സൂക്ഷിക്കുക എന്നതാണത്. ചിത്രങ്ങൾ പ്രിന്റു ചെയ്തു സൂക്ഷിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഒന്നു പങ്കുവയ്ക്കാമോ?
നമ്മൾ എടുത്ത ചിത്രങ്ങൾ പ്രിന്റുചെയ്തു കാണുമ്പോഴുള്ള സന്തോഷം തന്നെയാണ് ഇതിന്റെ ഒന്നാമത്തെ കാരണം. ഒരു കഥയെഴുതി അത് കമ്പ്യൂട്ടർ സ്ക്രീനിൽ വായിക്കുമ്പോഴും പ്രിന്റ് ചെയ്ത് വായിക്കുമ്പോഴുമുള്ള ‘സുഖം’ അതിവിടെയും ബാധകമാണെന്നാണ് എന്റെ പക്ഷം. ഒരു ചിത്രം വലുതായി പ്രിന്റ് ചെയ്തുകഴിയുമ്പോൾ അതിന്റെ ഡിറ്റെയിത്സ് നന്നായി മനസ്സിലാക്കാനും ആസ്വദിക്കാനും സാധിക്കുന്നു. നിറങ്ങളേയും നിഴലുകളേയും വെളിച്ചത്തിന്റെ വൈവിധ്യത്തേയും നന്നായി കാണികളിൽ എത്തിക്കുവാൻ പ്രിന്റഡ് ഫോട്ടോകൾക്ക് സാധിക്കും. പിന്നെ, കമ്പ്യൂട്ടറിന്റെ സഹായമില്ലാതെതന്നെ എപ്പോൾ വേണമെങ്കിലും എടുത്തുകാണാം എന്ന സൌകര്യവും ഉണ്ട്. നല്ല ക്വാളിറ്റിയിൽ പ്രിന്റ് ചെയ്ത ചിത്രങ്ങൾ അനേകവർഷങ്ങൾ കേടുകൂടാതെയിരിക്കും.
സാധാരണ ഏതു സൈസിലാണ് ഷിജു ചിത്രൺങ്ങൾ പ്രിന്റ് ചെയ്യാറ്? അതിനു നാട്ടിൽ ഏകദേശം എത്ര ചെലവു വരും?
18 X 12 ഇഞ്ച് സൈസിലാണ് ഞാൻ ഫോട്ടോകൾ പ്രിന്റ് ചെയ്യിക്കാറുള്ളത്. ഒരു പ്ലാസ്റ്റിക് ലാമിനേഷൻ കൂടി ഒപ്പം ഈ ഫോട്ടോകൾക്കുമീതേ നൽകും. ഗൾഫിൽ ഈ സൈസിൽ പ്രിന്റ് ചെയ്യുന്നതിനു ചെലവു കൂടുതലാണെങ്കിലും നാട്ടിൽ അൻപതു രൂപയിൽ താഴെയേ ചെലവുള്ളൂ ഈ സൈസിൽ ഒരു ചിത്രം പ്രിന്റ് എടുക്കുവാൻ.
നിലവിൽ ഉപയോഗിക്കുന്ന ക്യാമറകൾ, ലെൻസുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയെ ഒന്നു പറയാമോ?നേരത്തേ സൂചിപ്പിച്ചതുപോലെ, ഒരു കാനൻ SLR ക്യാമറയിലായിരുന്നു എന്റെ തുടക്കം. പിന്നീട് പൂർണ്ണമായും ഒരു നിക്കോൺ ഫാൻ ആയി മാറുകയായിരുന്നു. ഇപ്പോൾ ഒരു Nikon D80, D300 എന്നീ ക്യാമറകളും, നിക്കോണിന്റെ തന്നെ മാക്രോ, 50mm prime, Zoom, wide എന്നീ ലെൻസുകളും ഉണ്ട്.
ഈയിടെ ഷിജു ദുബായിൽ ഒരു ഫോട്ടോ എക്സിബിഷന്‍ നടത്തുകയുണ്ടായല്ലോ. അതിനെപ്പറ്റി കൂടുതൽ അറിയുവാൻ താല്പര്യമുണ്ട്.
ഡോ. അബുദുൾ നസീർ എന്ന എന്റെ സുഹൃത്ത് ഒരു നല്ല ചിത്രകാരനാണ്. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളുടെ ഒരു പ്രദർശനം "Reflections of Passion" എന്ന പേരിൽ നവംബർ 17, 2010നു ദുബായിയിലെ ഹൈലാന്റ്‌സ് ഗാർഡൻ ഹോട്ടലിലെ ഹാളിൽ വച്ച് നടത്തുകയുണ്ടായി. ആ പ്രദർശനത്തോടൊപ്പം എന്റെ ഫോട്ടോഗ്രാഫുകളും പ്രദർശിപ്പിക്കുവാൻ ഒരു അവസരം അദ്ദേഹം തന്നു. അങ്ങനെയാണ് ആ എക്സിബിഷൻ അന്നു സംഘടിപ്പിച്ചത്.
ജോലി, ഫോട്ടോഗ്രാഫി, യാത്രകൾ - ഇതിന്റെയൊക്കെ തിരക്കുകൾക്കിടയിലും ഷിജു ചെണ്ട, തബല, മ്യൂസിക്, മിമിക്രി ഇതൊക്കെ പഠിക്കാൻ സമയം കണ്ടെത്തുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇത്രയധികം ഇന്ററസ്റ്റുകൾ ഉള്ള ഒരു സകലകലാവല്ലഭനാണെന്നു സാരം അല്ലേ?!!
ഇതൊന്നും എന്റെ ഹോബി അല്ല അപ്പൂ. എന്റെ പല ഇന്ററസ്റ്റുകളും സീസണൽ ആണെന്നു വേണമെങ്കിൽ പറയാം. ചില കാലഘട്ടങ്ങളിൽ ചില കാര്യങ്ങൾ പഠിക്കുവാൻ ഒരു താല്പര്യം വരും. അപ്പോൾ അത് പഠിക്കും, ആസ്വദിക്കും അത്രതന്നെ.
ഭാവി പ്രോജക്ടുകൾ?
‘മണലെഴുത്ത്’ എന്ന പേരിൽ എന്റെ കവിതകളുടെ ഒരു വീഡിയോ ദൃശ്യാവിഷ്കാരം പ്ലാൻ ചെയ്തിട്ടുണ്ട്. രണ്ടുകുട്ടികളുടെ കഥ പറയുന്ന ഒരു ടെലിഫിലിം ഡയറക്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പ്രാരംഭപ്രവത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഗോവയിലെയും കേരളത്തിലേയും മീൻപിടുത്തക്കാരെപ്പറ്റി ഒരു ഡോക്കുമെന്ററിയും പ്ലാനിൽ ഉണ്ട് - അതിന്റെ വർക്കുകൾ നടക്കുന്നു.
വളരെ നന്ദി ഷിജു, ഇത്രയും കാര്യങ്ങൾ ഫോട്ടോക്ലബ്ബിന്റെ വായനക്കാരുമായി പങ്കുവച്ചതിന്. ഭാവി പ്രോജക്റ്റുകൾ വൻ വിജയമാകാൻ എല്ലാ ആശംസകളും നേരുന്നു.. നന്ദി.