ഒപ്ടിക്കല്‍ ഫില്‍ട്ടറുകള്‍ / OPTICAL FILTERS


ഒപ്ടിക്കല്‍ ഫില്‍ട്ടറുകള്‍ / OPTICAL FILTERS


Republished from  the blog :  DSLR Film Making 
Author :  Johar 

സിനിമാ ചിത്രീകരണത്തിനു  അത്യന്താപേക്ഷിതമായ  ചില ഉപകരണങ്ങളാണ് ഫില്‍ട്ടറുകള്‍.  ക്യാമറയില്‍  ആലേഖനം ചെയ്യുന്ന  പ്രകാശ രശ്മികളെ  നമ്മുടെ ആവശ്യത്തിനു വഴങ്ങും വിധം   വിവിധ കളര്‍ കറക്ഷനുകളില്‍ കടത്തി വിട്ടു  ചിത്രങ്ങള്‍ക്ക് മിഴിവേകാനും ചില പ്രത്യേക സ്പെഷ്യല്‍  എഫക്ടുകള്‍ക്കായും  ഉപയോഗിക്കുന്ന ഗ്ലാസ്‌ / ജെലാറ്റിന്‍  ഉപകരണത്തെയാണ്  ഫില്‍ട്ടറുകള്‍ എന്ന് വിളിക്കുന്നത്‌.  വിവിധ  ലൈറ്റ്  കണ്ടീഷനുകളില്‍ ഉപയോഗിക്കാവുന്ന ധാരാളം ഫില്‍ട്ടറുകള്‍  ഇന്ന് വിപണിയില്‍ ലഭ്യമാണ്.  അവയില്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്ന  ചില ഫില്‍ട്ടറുകളെക്കുറിച്ച്    ആണ്  ഈ ലേഖനത്തില്‍  പ്രതിപാദിക്കുന്നത്.   

സയന്‍സില്‍ ഫില്‍ട്ടര്‍  എന്ന വാക്ക് പല  ഉപകരണങ്ങളെയും ഉപാധികളെയും കുറിക്കുന്നുണ്ടെങ്കിലും  ക്യാമറാ രംഗത്ത് ഉപയോഗപ്പെടുത്തുന്ന   ഫില്ട്ടറുകളെ  "ഒപ്ടിക്കല്‍ ഫില്‍ട്ടറുകള്‍ " എന്നാണു  വിളിക്കുന്നത്‌.   അതായത് , സ്രോതസ്സില്‍ നിന്നും ലൈറ്റ്,  ആലേഖനം ചെയ്യേണ്ട  ഉപകരണത്തിലേക്ക്  സഞ്ചരിക്കുന്ന വഴിയെ  ആണ് 'ഒപ്ടിക്കല്‍ പാത്ത്'   എന്ന് വിളിക്കുന്നത്‌. ഈ ഒപ്ടിക്കല്‍ പാത്തില്‍  പ്രകാശത്തിനു  വ്യതിയാനം ഉണ്ടാക്കുവാന്‍  ഇടയ്ക്ക്  ഉപയോഗിക്കുന്ന  ഉപകരണമാണ് ഒപ്ടിക്കല്‍ ഫില്‍ട്ടറുകള്‍.    ഒന്നോ  അതിലധികമോ ഫില്‍ട്ടറുകള്‍ കൂട്ടി ചേര്ത്തുപയോഗിച്ചു മികവാര്‍ന്ന ദൃശ്യങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍  ക്യാമറാമാന്‍മാരെ സഹായിക്കുന്നു.  മാറ്റ് ബോക്സ്   എന്ന ഉപകരണത്തില്‍ ലെന്‍സിനു മുന്നിലായാണ് ഫില്‍ട്ടറുകള്‍ ഘടിപ്പിക്കുന്നത്. 

ഗ്ലാസ്‌ , ജെലാറ്റിന്‍  എന്നിങ്ങനെ രണ്ടു തരാം ഫില്‍ട്ടറുകള്‍ ഉണ്ട്. ഇവയില്‍ ഗ്ലാസ്‌ ഫില്‍ട്ടറുകള്‍ക്കാണ്‌  പ്രിയം കൂടുതല്‍ ജെലാറ്റിന്‍  ഫില്ട്ടരുകള്‍ക്ക്  വിലക്കുറവും  പെട്ടെന്ന്  സ്ക്രാച് ആകാനുള്ള സാധ്യതയും കൂടുതല്‍ ആണ്. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട  ഉപകരണങ്ങള്‍ ആണ്  ഫില്‍ട്ടറുകള്‍ .  

ഫില്ട്ടറുകളുടെ    വക ഭേദങ്ങള്‍  :

1 . സോളിഡ് കളര്‍  ഫില്‍ട്ടറുകള്‍  :  പ്രകാശത്തില്‍ നിന്നും  ഒരു കളര്‍ മാത്രം കടത്തി വിട്ടു ആ കളറില്‍ ചിത്രത്തെ ആലേഖനം ചെയ്യാന്‍  ഉപയോഗിക്കുന്നു.  ഇവ  വിവിധ കളറുകളില്‍  തീക്ഷണത കൂടിയും കുറഞ്ഞുമെല്ലാം ലഭ്യമാണ് .  പക്ഷെ ഇവയുടെ ഉപയോഗം തുലോം കുറവാണ്. നേരത്തെ  രാത്രി  സീനുകളില്‍  ബ്ലൂ  ഫില്‍ട്ടറുകള്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും  ഇപ്പോള്‍ തന്മയത്വമായി ആരംഗം ചിത്രീകരിക്കാന്‍  മറ്റൊരു ഫില്‍ട്ടര്‍ ഉള്ളത് കൊണ്ട് ബ്ലൂ ഫില്‍ട്ടര്‍  ഉപയോഗിക്കാറില്ല..  അസ്തമയ രംഗങ്ങള്‍ക്ക്   ഓറഞ്ച്  ഫില്‍റ്റര്‍  ഉപയോഗിച്ച് കാണുന്നുണ്ട്. വിവിധ  കമ്പനികളുടെ  അനുസരിച്ച്  കളര്‍ ഇന്റെന്സിറ്റിയില്‍   ഏറ്റക്കുറച്ചിലുകള്‍  ഉണ്ടാകാറുണ്ട്.
Photo By Arun Kakkanad.   (Used photoshop effect creation) 


2 . ന്യൂട്രല്‍ ഡന്‍സിറ്റി  ഫില്‍ട്ടറുകള്‍  : വളരെ അത്യാവശ്യം വേണ്ട ഫില്ട്ടറുകളില്‍ ഒന്നാണ് ഇത്.  കളറുകളെ ഒന്നും ബാധിക്കാത്ത  ഗ്രേ ഫില്‍റ്റര്‍ ആണ് ഇത്. ശക്തിയായ വെളിച്ചം ഉള്ളപ്പോള്‍  ഈ ഫില്‍ട്ടറുകള്‍ ലെന്‍സിനു മുന്നില്‍  ഉപയോഗിച്ച് വേണം  ഷൂട്ട്‌ ചെയ്യാന്‍. അല്ലെങ്കില്‍ ക്യാമറയുടെ സെന്‍സറുകളെ    തകര്‍ക്കും. ഇപ്പോള്‍ ഇറങ്ങുന്ന പല പ്രൊഫഷനല്‍ വീഡിയോ ക്യാമറകളിലും  കമ്പനി സെറ്റിങ്ങോട്  കൂടിയാണ്  ഈ ഫില്‍റ്റര്‍  വരുന്നത്.   പണ്ട് കാലത്ത് കുറഞ്ഞ ഐ എസ്‌ ഓ  ഉള്ള ഫിലിമുകള്‍  ആലേഖന ഉപാധിയായിരുന്നപ്പോള്‍  ഈ ഫില്‍ട്ടര്‍ കാര്യമായി ഉപയോഗിക്കാരില്ലായിരുന്നു. എന്നാല്‍ ഇന്ന് വളരെ കുറഞ്ഞ ലൈറ്റില്‍  ക്വാളിറ്റിയില്‍ ചിത്രീകരിക്കാവുന്ന  സെന്‍സറുകള്‍ ഉള്ള ക്യാമറകള്‍  ആവിര്‍ഭവിച്ചതോട്‌ കൂടി ഇത്തരം ഫില്‍ട്ടറുകള്‍ ക്യാമറാ ലൈഫിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.  ലൈറ്റുകളുടെ വ്യത്യസ്തത അനുസരിച്ച് ഗ്രേഡ് 1 , ഗ്രേഡ് 2 , ഗ്രേഡ് 3  എന്നിങ്ങനെ  വ്യത്യസ്ത വാല്യൂകളില്‍  ഈ ഫില്‍റ്റെര്‍ ലഭ്യമാണ്.


3 . പോളറയ്സിംഗ്  ഫില്‍റ്റര്‍  : സ്റ്റില്‍ ഫോട്ടോഗ്രഫിയില്‍ ഫില്‍ട്ടറുകള്‍ ഒന്നും ആവശ്യമില്ല , എല്ലാത്തിനും ഫോട്ടോ ഷോപ്പ്  പരിഹാരം കാണും എന്ന  ധാരണയ്ക്ക് അപവാദമാണ്  ഈ ഫില്‍റ്റെര്‍.  ഷൂട്ട്‌ ചെയ്യുന്ന സമയത്ത് ഇലകളിലും വെള്ളത്തിലും  ഉണ്ടാകുന്ന ഗ്ലെയര്‍ - ന്റെ തീവ്രത കുറച്ചു  മിഴിവാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍  അത്യാവശ്യം വേണ്ട ഫില്‍ട്ടര്‍ ആണ് ഇത് . രണ്ടു  ലെയര്‍ ഗ്ലാസ്‌  അഭിമുഖമായി വച്ച്  ഇവയ്ക്കിടയില്‍ ആങ്കിളില്‍ ചെറിയ വ്യത്യാസം രൂപപ്പെടുത്തിയാണ് ഗ്ലെയറിനെ കട്ട്  ചെയ്തു കളയുന്നത്. ഷൂട്ട്‌ ചെയ്യുമ്പോള്‍ തന്നെ പ്രകടമായ  വ്യത്യാസം  കാണാം.  വാഹനങ്ങളുടെ ഷോട്ടുകള്‍ എടുക്കുമ്പോഴും മറ്റും ഒഴിവാക്കാനാവാത്ത ഒരു ഫില്‍റ്റെര്‍ ആണ് ഇത്.   മിക്കവാറും ഔട്ട്‌ ഡോര്‍  ഷൂട്ടുകളില്‍  ഈ ഫില്‍ട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നു.  ഫില്‍ട്ടര്‍  റിംഗ് തിരിക്കുമ്പോള്‍  വിവിധ രീതിയില്‍ പടത്തില്‍ വ്യത്യാസം അനുഭവപ്പെടുന്നത്  താഴെയുള്ള ചിത്രത്തിലൂടെ മനസ്സിലാക്കാം.  

Image Courtesy : dimagemaker )

4 .   ഗ്രേഡിയന്റ് ന്യൂട്രല്‍  ഡന്സിറ്റി   ഫില്‍റ്റര്‍  :  വളരെ സാധാരണയായി  ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഉപയോഗിക്കാറുള്ള  ഫില്‍ട്ടര്‍. ആകാശത്തിന്റെ    വെള്ള നിറം പലപ്പോഴും   വിഷ്വല്‍  ഭംഗി കുറയ്ക്കാറുണ്ട്. എന്നാല്‍  അനിവാര്യമായ  സാഹചര്യങ്ങളില്‍ ഈ ഫില്‍ട്ടര്‍  ആകാശത്തിന്റെ  തീവ്രത കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്നു.    ന്യൂട്രല്‍ ഡന്സിറ്റി ഫില്‍ട്ടറിലെ ഗ്രേ കളര്‍ ക്രമേണെ കുറഞ്ഞു സുതാര്യമാകുന്നു. തന്മൂലം താഴെയുള്ള  സീനറി വ്യക്തതയോടെ  കാണുവാന്‍ സാധിക്കുന്നു.   ഷൂട്ട്‌ ചെയ്യുന്നതിനനുസരിച്ച്  ഫ്രെയിമിനു ചരിച്ചും താഴെയുമായി  ഈ ഗ്രേഡിയന്റ്   ഫില്‍ട്ടര്‍ ഉപയോഗിക്കാം.

(Image Courtesy : Cavisin )

5 .  ഗ്രേഡിയന്റ്    കളര്‍ ഫില്‍റ്റര്‍ :  വളരെ  സാധാരണയായി  ഈ ഫില്‍ട്ടര്‍ ഉപയോഗപ്പെടുത്തുന്നു.  ആകാശത്തിന്റെ നീലിമ കൂട്ടുവാനും  സായം സന്ധ്യയ്ക്ക്   കൂടുതല്‍ ചാരുത പകരുവാനും  ഒക്കെ  ഗ്രേഡിയന്റ്   ബ്ലൂ, ഗ്രേഡിയന്റ് ഓറഞ്ച്   എന്നിങ്ങനെയുള്ള ഫില്‍ട്ടറുകള്‍ ഉപയോഗിക്കാറുണ്ട്.  അതേപോലെ  വരണ്ട അവസ്ഥ മാറ്റി  പുല്ലിന്റെ പച്ചപ്പിനു കൂടുതല്‍ മിഴിവേകുവാന്‍  ഗ്രേഡിയന്റ്  ഗ്രീന്‍ ഫില്‍ട്ടര്‍ ഉപയോഗിക്കുന്നു.  ഇത് കൂടാതെ  ധാരാളം  കളറുകളിലും ഈ ഫില്‍റ്റെര്‍ ലഭ്യമാണ് .  


(Image Courtesy : Cavisin ) 

ഈ അടുത്ത കാലത്തിറങ്ങിയ മലയാള സിനിമയായ "മാണിക്യക്കല്ല് "  എന്ന ചിത്രത്തില്‍  ഗ്രേഡിയന്റ്  ഫില്‍ട്ടറുകള്‍ ഉപയോഗിച്ച്   മനോഹര രംഗങ്ങള്‍  സൃഷ്ടിച്ചിട്ടുണ്ട്.   






6 .  കളര്‍  കറക്ഷന്‍ ഫില്‍റ്റര്‍ :  കെല്‍വിന്‍ മാറുന്നതനുസരിച്ച്  പ്രകാശത്തിലെ  വര്‍ണ്ണങ്ങളില്‍ വ്യതിയാനം ഉണ്ടാകുന്നു എന്ന് നമുക്കറിയാം. രാവിലെയും വൈകിട്ടും  അല്‍പ്പം ചുവപ്പ് / ഓറഞ്ച്    കലര്‍ന്ന ചിത്രമാണ് എങ്കില്‍  ഉച്ചയ്ക്ക് ശേഷം  നീലിമ കലര്‍ന്ന രംഗമായിരിക്കും ഒരേ ക്യാമറാ സെറ്റിങ്ങില്‍  നമുക്ക് ലഭിക്കുക.   ആധുനിക ക്യാമറകളില്‍  ഈ കളര്‍ വ്യതിയാനം  "മെനു" ഉപയോഗിച്ച് കണ്ട്രോള്‍  ചെയ്യാം എന്നിരിക്കെ ഇത്തരം ഫില്ട്ടറുകള്‍ക്ക്      ഇപ്പോള്‍ പ്രസക്തി ഇല്ല.    എന്നാല്‍ പഴയ  ഫിലിം  ഉപയോഗ രീതിയില്‍ ഡേ ലൈറ്റിലും ടാങ്ങ്സ്ടന്‍  ലൈറ്റിലും   ടൈപ്പ് എ,  ടൈപ്പ് ബി എന്നിങ്ങനെയുള്ള ഫിലിമുകള്‍  ഉപയോഗിചിരുന്നപ്പോള്‍ വളരെ പ്രസക്തമായവ യായിരുന്നു  ഇത്തരം ഫില്‍ട്ടറുകള്‍ . 80 A- B,C,D ; 85 A - B,C എന്നിങ്ങനെ  വിവിധ് ഗ്രേഡുകളിലാണ്   കളര്‍ കറക്ഷന്‍  ഫില്‍ട്ടറുകള്‍ ഉണ്ടായിരുന്നത്.  









7 .   സ്കിന്‍ ടോണ്‍   എന്‍ഹാന്‍സിംഗ് ഫില്‍റ്റര്‍ :  സൂര്യപ്രകാശത്തിലും വൈറ്റ് ലൈറ്റ്  ചിത്രീകരനത്തിലും ഒക്കെ  ഈ ഫില്‍ട്ടര്‍ ഉപയോഗപ്പെടുത്തുന്നു. അഭിനേതാവിന്റെ   ശരീര  വര്‍ണ്ണത്തിന് മിഴിവേകുന്ന കാര്യത്തില്‍  ഈ ഫില്ട്ടരിന്റെ ഉപയോഗം എടുത്തു പറയേണ്ടുന്നതാണ്.   സിനിമയില്‍ അവിഭാജ്യ ഘടകമായ മേക്  അപ്പിന്  പ്രത്യേക  എന്ഹാന്‍സ്മെന്റ്റ്  ഈ ഫില്‍ട്ടര്‍ നല്‍കും. തന്മൂലം  അല്‍പ്പം  കളര്‍  കുറഞ്ഞ അഭിനേതാക്കള്‍  വരെ വളരെ  മികവാര്‍ന്ന സ്കിന്‍ ടോണില്‍   ചിത്രത്തില്‍ ലഭ്യമാകും.

( Model : Arun Kamalaasanan ; Photo : Anas Mehboob )


8 .   സോഫ്റ്റ്‌ ഫോക്കസ് - ഡിഫ്യൂസര്‍  - മിസ്റ്റ്   ഫില്‍റ്റര്‍ :   സിനിമയില്‍ സ്വപ്ന രംഗങ്ങള്‍ക്കും  ഗാന രംഗങ്ങള്‍ക്കും  ഒക്കെ ഉപയോഗിച്ച് വരുന്ന ഒരു ഫില്‍ട്ടര്‍  ഗ്രൂപ്പ് ആണ് ഇത്.    സോഫ്റ്റ്‌ ഫോക്കസ് ,ഡിഫ്യൂസര്‍ , മിസ്റ്റ് എന്നീ മൂന്നു പേരുകളിലും  ഈ ഫില്‍ട്ടര്‍  വിളിക്കപ്പെടാറുണ്ട്.  എന്നാല്‍ സോഫ്റ്റ്‌ ഫോക്കസിന്റെ    ശക്തിയായ  പ്രകാശം  ഫ്രെയിമില്‍ പതിക്കുന്നിടത്തു ഈ  ഫില്‍ട്ടര്‍ പ്രകടമായ വ്യത്യാസം കാണിക്കും.   

( Model : Arun Kamalaasanan ; Photo : Anas Mehboob )

8 .   യു വി -  ഫില്‍റ്റര്‍ :   യഥാര്‍ഥത്തില്‍ ആദ്യം പറയേണ്ട ഫില്‍ട്ടര്‍ ആണ് ഇത്.   പക്ഷെ  ഇതിന്റെ വ്യാപകമായ  ഉപയോഗം കൊണ്ട്   ഇന്ന് കുഞ്ഞുങ്ങള്‍ക്ക്‌ പോലും  ഈ ഫില്ട്ടറിനെ കുറിച്ച് അറിയാമെന്ന  അവസ്ഥ വന്നിരിക്കുകയാണ്.  സാധാരണ  ക്യാമറ വാങ്ങുമ്പോള്‍  തന്നെ  ഈ ഫില്‍ട്ടര്‍ കൂടി  ചേര്‍ത്തു വാങ്ങാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു.  സൂര്യ പ്രകാശത്തിലെ അള്‍ട്രാ വയലറ്റ്   കിരണങ്ങളെ   തടഞ്ഞു  അല്‍പ്പം കൂടി ക്ലിയര്‍ ആയ ചിത്രം  ഷൂട്ട്‌ ചെയ്യാന്‍ ഈ ഫില്‍ട്ടര്‍ കൊണ്ട്  സാധിക്കും എന്നതിന് പുറമേ,   ക്യാമറ    ലെന്‍സിനു ഒരു സംരക്ഷണം ആയും  ഉപയോഗിക്കുന്നു.

9 .   ഡി എന്‍  ( ഡേ ഫോര്‍ നൈറ്റ്‌ )  ഫില്‍റ്റര്‍ :  പേരില്‍ നിന്ന് തന്നെ ഇതിന്റെ ഉപയോഗം  ഏതാണ്ട് മനസ്സിലായിക്കാണും എന്ന് കരുതുന്നു. പകല്‍ വെളിച്ചത്തെ രാത്രിയാക്കി   മാറ്റി ഷൂട്ട്‌ ചെയ്യാനാണ് ഈ ഫില്‍ട്ടര്‍ ഉപയോഗപ്പെടുത്തുന്നത്.  രാത്രി  ഷൂട്ട്‌  ചെയ്യുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍  ഈ ഫില്‍റ്റര്‍ കൊണ്ട് സാധിക്കും. 
( Image Courtesy : Cavision )




10 .   ലോ കോണ്ട്രാസ്റ്റ്   ഫില്‍റ്റര്‍  :  ഹൈ ലൈറ്റും ഷാഡോയും  തമ്മിലുള്ള അന്തരം ലഘൂകരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഫില്‍ടര്‍ ആണ് ഇത്.  ശക്തിയേറിയ വെളിച്ചം ഉള്ളപ്പോള്‍ ആണ്  ഈ ഫില്‍ട്ടര്‍ ഉപയോഗിക്കുന്നത്.  എന്‍  ഡി  ഫില്ട്ടറിന്റെ    മറ്റൊരു  വക  ഭേദം  ആണ്  ഈ  ഫില്‍ട്ടര്‍.  

(Image Courtesy : Cavisin ) 




11 .   ഹോട്ട് മിറര്‍   ഫില്‍റ്റര്‍  :  യു വി  ഫില്ട്ടരുകളുടെ ഉപയോഗം പോലെ  തന്നെ യുള്ള മറ്റൊരു ഫില്‍ട്ടര്‍ ആണ്  ഹോട്ട് മിറര്‍  എന്ന ഫില്‍ട്ടര്‍ . ഇത്  സൂര്യ പ്രകാശത്തിലെ ഇന്ഫ്രാ റെഡ് വികിരണങ്ങളെ തടഞ്ഞു  മിഴിവാര്‍ന്ന  ചിത്രം പ്രധാനം  ചെയ്യുന്നു. 

 (Image Courtesy : Cavisin )


സെപിയ , സ്റ്റാര്‍ , മള്‍ടി വിഷന്‍  തുടങ്ങി ധാരാളം സ്പെഷ്യല്‍ എഫ്ഫക്റ്റ്‌  ഫില്‍ട്ടറുകള്‍  വിപണിയില്‍ ലഭ്യമാന്. എന്നാല്‍ ഇന്ന് ഫോട്ടോ ഷോപ്പിലും   എഫ് സി പി പോലുള്ള  വീഡിയോ എഡിറ്റിംഗ്  സോഫ്റ്റ്‌ വെയരുകളിലും  മറ്റും തന്നെ പല ഫില്‍ട്ടര്‍ ഇഫക്ടുകളും  ഈസിയായി  നിര്‍മ്മിച്ചെടുക്കാന്‍  സാധിക്കും .

4 comments:

point and shotil ഫിൽറ്റർ ഉപയോഗിക്കാൻ പറ്റുമോ?????????????????????

ഓകെ താങ്ക്സ്>>>>>>>:-(

പ്രയോജനകരമായ പോസ്റ്റ്... നന്ദി.

അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നു ട്ടോ>>>>>>>>>

Post a Comment