ഏപ്രിൽ മാസത്തെ ഫോട്ടോ മത്സരത്തിന്റെ വിഷയമായി നൽകിയിരിക്കുന്നത് "പൂക്കൾ" എന്ന സബ്ജക്റ്റാണല്ലോ. ക്യാമറ കൈയ്യിൽകിട്ടിയതിനുശേഷം ഒരു പൂവിന്റെയെങ്കിലും ഫോട്ടോ എടുത്തുനോക്കാത്തവരായി ഇതുവായിക്കുന്നവരിൽ ആരും ഉണ്ടാവുമെന്നുതോന്നുന്നില്ല. പൂക്കളുടെ ഭംഗിയും വൈവിധ്യവും മാത്രമല്ല ഇതിനു കാരണം. പ്രകൃതി അവയ്ക്കു നൽകിയിരിക്കുന്ന ദൃശ്യഭംഗി അപാരമാണെന്നതും, മനുഷ്യരുൾപ്പടെ ജീവജാലങ്ങളെ ആകർഷിക്കുവാൻ പോന്ന ഒരു പോസിറ്റീവ് എനർജി അവയിലുണ്ട് എന്നതും, ഒരു ഫോട്ടോഗ്രാഫടെ സംബന്ധിച്ചിടത്തോളം എവിടെയും കണ്ടെത്താവുന്ന ഒരു സബ്ജക്റ്റാണു പൂക്കൾ എന്നതും പൂക്കളെ സബ്ജക്റ്റ് ആക്കുവാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളാണ്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പൂക്കളുടെ നല്ല ചിത്രങ്ങൾ എടുക്കുന്നത് നമ്മൾ ഉദ്ദേശിക്കുന്നത്ര എളുപ്പമല്ല. പൂക്കളുടെ നല്ല ചിത്രങ്ങൾ എടുക്കുവാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന ചില നുറുങ്ങുകൾ പങ്കുവയ്ക്കുകയാണ് ഈ പോസ്റ്റിൽ. മത്സരത്തിനുള്ള നിബന്ധനകളോ നിർദ്ദേശങ്ങളോ അല്ല ഈ പോസ്റ്റിൽ പറയുന്നതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കട്ടെ.
1. ഇളംവെയിൽ ഉപയോഗപ്പെടുത്തുക:
പൂകളുടെ നല്ല ചിത്രങ്ങൾ എടുക്കാനാഗ്രഹിക്കുന്നവർ നന്നേ പുലർച്ചയ്ക്കു തന്നെ എഴുനേൽക്കുക. ഇളംവെയിലുള്ളപ്പോൾ തന്നെ പൂക്കളുടെ ഫോട്ടോയെടൂക്കാൻ തുടങ്ങുക. ഈ പറഞ്ഞ ടിപ്പിനു പിന്നിൽ പലകാരണങ്ങളുണ്ട്. പുലർച്ചയ്ക്കു പൂക്കൾ വളരെ ഫ്രഷ് ആയിരിക്കും. ഈ സമയത്ത് തുഷാരത്തുള്ളികളും പൂക്കളിലുണ്ടാവാനുള്ള സാധ്യത വളരെയധികമാണ്. അത് ചിത്രത്തിന്റെ ഭംഗികൂട്ടും എന്നത് നിസ്തർക്കമായ കാര്യമാണല്ലോ! പുലർകാലത്തെ ചെരിഞ്ഞ വെയിൽ ചിത്രങ്ങൾക്ക് നല്ല ലൈറ്റിംഗ് സപ്പോർട്ട് തരാൻ പാകത്തിലുള്ളതാണ്. ചില സന്ദർഭങ്ങളിൽ ബാക്ക്‌ലിറ്റ് ആയ പൂക്കളോ ഇലകളോ ഫ്രെയിമിൽ ഉൾപ്പെടുത്തുകയുമാവാം. അവസാനമായി, ഈ സമയത്ത് കാറ്റ് അധികമുണ്ടാവാനിടയില്ല എന്നത് ഒരു വലിയ അഡ്വാന്റേജ് ആണ്. ഇളംകാറ്റിൽ നൃത്തംവയ്ക്കുന്ന കുഞ്ഞുപൂക്കൾ കണ്ണിനുനല്ലൊരു വിരുന്നാണെങ്കിലും ഒരു ഫോട്ടോഗ്രാഫറെ സംബന്ധിടത്തോളം ഒരു വലിയ ശല്യമാണ്. മനോഹരമായ പല പൂക്കളുടെ ചിത്രങ്ങളും 'ബ്ലർ' ആയിപ്പോകുവാനുള്ള ഒരു കാരണം
ഇതാണ്.
2. വെള്ളത്തുള്ളികളും തുഷാരവും:
പൂക്കളുമായി വളരെ ഇണങ്ങുന്ന ഒന്നാണ് അവയിൽ പറ്റിപ്പിടിച്ചീരിക്കുന്ന ജലകണങ്ങൾ. ഈ വെള്ളത്തുള്ളികളെ ഷാർപ്പായി ഫോക്കസിൽ ആക്കുന്നത് പൂ ചിത്രങ്ങളുടെ ഭംഗി വർദ്ധിപ്പിക്കും. മുകളിൽ പറഞ്ഞ അതിരാവിലെയുള്ള ഫോട്ടോഗ്രാഫി ഇതിന്റെ ഒരു അവശ്യഘടകമാണ് എന്നറിയാമല്ലോ. മഴയ്ക്കു ശേഷമുള്ള ചിത്രങ്ങളിലും ഇതുബാധകം
Appu
3. സൂര്യപ്രകാശം ഫലപ്രദമായി ഉപയോഗിക്കാം:
നേരെ പൂക്കളിലേക്ക് സൂര്യപ്രകാശം വീഴുമ്പോഴും, ഉച്ചസമയത്തും മറ്റും പൂക്കളുടെ ചിത്രം എടുക്കാൻ ശ്രമിക്കരുത്. ഇത്തരം ലൈറ്റിംഗിൽ നമ്മുടെ കണ്ണുകൾ പൂക്കളെ വളരെ മനോഹരമായാണു കാണുന്നതെങ്കിലും പൊതുവേനോക്കിയാൽ ഡിജിറ്റൽ ക്യാമറകൾ ഈ ലൈറ്റിംഗിൽ പൂക്കളെ അത്ര നന്നായി പകർത്തുകയില്ല എന്നുകാണാം. മാത്രവുമല്ല മിക്കവാറും അവസരങ്ങളിൽ ഓവർ എക്സ്പോസ്ഡ് ആയിട്ടാവും ഇത്തരം ലൈറ്റിംഗിൽ പൂവുകളുടെ ചിത്രങ്ങൾ ലഭിക്കുക. അല്ലെങ്കിൽ പൂവിന്റെ ചിലഭാഗങ്ങൾ വളരെ ഇരുണ്ടനിഴലുകളായും സൂര്യപ്രകാശം വീഴുന്ന ഭാഗങ്ങൾ ഓവർ എക്സ്പോസ് ആയും കാണപ്പെട്ടേക്കാം. നേരെമറിച്ച്, ആകാശം മേഘാവൃതമായിരിക്കുമ്പോഴും, പൂക്കൾ തണലിൽ നിൽക്കുമ്പോഴുമൊക്കെ നല്ല രസകരമായ ചിത്രങ്ങളും, ബ്രൈറ്റായ നിറങ്ങളും ഡിജിറ്റൽ ചിത്രങ്ങളിൽ ലഭിക്കും. ലൈറ്റിംഗും അത്തരം അവസരങ്ങളിൽ വളരെ നന്നായിരിക്കും. പൂവിലേക്ക് നേരിട്ട് വെയിൽ പതിക്കുന്നുണ്ടെങ്കിൽ ഒരു വെള്ളപ്പേപ്പറോ സുത്യാര്യമല്ലാത്ത ഒരു പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിച്ച് ഡിഫ്യൂസ് ലൈറ്റ് ഉണ്ടാക്കിയെടുക്കാം. നിഴലിൽ നിൽക്കുന്ന പൂക്കളിലേക്ക് ൽ മറ്റൊരു റിഫ്ലക്റ്ററോ, വെള്ളപ്പേപ്പറോ ഉപയോഗിച്ച് ഡിഫ്യൂസ് ആയ സൂര്യപ്രകാശം പ്രതിഫലിപ്പിച്ചു നോക്കൂ.
നേരിട്ട് സൂര്യപ്രകാശം ലഭിക്കുമ്പോൾ പൂക്കളുടെ ചിത്രം എടുക്കണമെങ്കിൽ ഒരു പോളറൈസിംഗ് ഫിൽറ്റർ ഉപയോഗിക്കാം. പൂവ് നല്ല വെയിലിലും, ബാക്ക് ഗ്രണ്ട് അത്രത്തോളം വെയിലിലും അല്ല എന്നിരിക്കട്ടെ. പൂവിനെ സ്പോട്ട് മീറ്ററിംഗ് ചെയ്തനോക്കൂ. ബാക്ക്ഗ്രൗണ്ട് അപ്പാടെ ഇരുണ്ട് പോവുന്നതായി കാണാം.
Dethan Punalur
ഫോട്ടോഷോപ്പ് ഉപയോഗിക്കാതെതന്നെ ഇരുണ്ട പശ്ചാത്തലം വരുത്തുവാനുള്ള ഒരു വിദ്യയാണിത്. ഇതേ വിദ്യ തിരിച്ചും പ്രയോഗിക്കാം. പൂവിനെ നല്ല തെളിച്ചമുള്ള ഒരു ബാക്ക്ഗ്രണ്ടിലേക്ക് പിടിക്കൂ (ഉദാഹരണം ബ്രൈറ്റായ ആകാശം ഉച്ചസമയം) ഇപ്പോൾ പൂവിനെ സ്പോട്ട് മീറ്ററിംഗ് ചെയ്തുനോക്കൂ. വളരെ നാച്ചുറലായി ബാക്ക്ഗ്രൗണ്ട് ഓവർ എക്സ്പോസ് ആയി വെളുത്തുപോകും.
Sreelal
പൂക്കളെ പിന്നിൽ നിന്ന് പ്രകാശിപ്പിക്കുവാൻ ഉപയോഗിക്കാം (back-lit) സൂര്യപ്രകാശത്തെ വളരെ ഫലപ്രദമായി
Appu
4. ട്രൈപ്പോഡ് ഉപയോഗിക്കുക:
പൂക്കളുടെ ചിത്രങ്ങളിൽ ഫോട്ടോഗ്രാഫർ സബ്ജക്റ്റുമായി വളരെ അടുത്തായതിനാൽ "Camera shake" വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും വെളിച്ചക്കുറവുള്ള അവസരമാണെങ്കിൽ കുറഞ്ഞ ഷട്ടർസ്പീഡും ഉപയോഗിക്കേണ്ടിവന്നേക്കാം. പൂവിന്റെ ചിത്രമെടുക്കാൻ ഒരുങ്ങുന്നവർ ഒരു ട്രൈപ്പോഡ് ഉപയോഗിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. മാത്രവുമല്ല ശ്രദ്ധയോടെ ഫ്രെയിം കമ്പോസ് ചെയ്യുന്നതിനുള്ള അവസരവും ലഭിക്കും.
5. കുറഞ്ഞ ISO സെറ്റിംഗ്:
പുക്കളുടെ ചിത്രം എടുക്കുമ്പോൾ ഉയർന്ന ISO സെറ്റിംഗുകൾ ഉപയോഗിക്കാതിരിക്കൂ. വളരെയധികം നോയിസ് ഇത്തരം ചിത്രങ്ങളിൽ ഉണ്ടാവുന്നത് ഒട്ടും നന്നല്ല എന്നറിയാമല്ലോ. നോയിസ് വളരെപ്പെട്ടന്ന് കാണികളുടെ ശ്രദ്ധയിൽ പെടുകയും ചെയ്യും.
6. മാക്രോ ചിത്രങ്ങൾ:
പൂക്കളുടെ മാക്രോ ചിത്രങ്ങൾ എടുത്തുനോക്കൂ. സാധാരണനോട്ടത്തിൽ നമ്മുടെ കണ്ണിൽ പതിയാത്ത ഒട്ടനവധി പ്രത്യേകതകളും നിറങ്ങളും പൂക്കളുടെ മാക്രോഫോട്ടോകൾ വെളിച്ചത്തുകൊണ്ടുവരും.
നമ്മുടെ കണ്ണുകളിൽ പെടാൻ തക്ക വലിപ്പമില്ലാത്ത കുഞ്ഞുപൂക്കളുടെ ഒരു വലിയലോകം തന്നെ നമുക്ക് ചുറ്റും പ്രകൃതിഒരുക്കിയിട്ടുണ്ട്. ഒരു മാക്രോലെൻസ് ഉപയോഗിച്ച് ഈ കുഞ്ഞിപ്പൂക്കളുടെ ചിത്രങ്ങൾ എടുത്തുനോക്കൂ - നിങ്ങൾ തന്നെ അതിശയിച്ചുപോകും! അത്രയ്കുണ്ട് അവയുടെ വൈവിധ്യം.
ഹൈറെസലൂഷൻ ക്യാമറകൾ ഉള്ളവർക്ക് കുഞ്ഞുപൂക്കളുടെ ചിത്രങ്ങൾ ക്രോപ്പിംഗ് വഴിയും എടുക്കാം - പക്ഷേ മാക്രോലെൻസ് നൽകുന്ന ചിത്രങ്ങളുടെ ഡീറ്റയിൽസ് പ്രതീക്ഷിക്കേണ്ട. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉള്ളവർക്കും കൊച്ചൂപൂക്കളുടെ നല്ല ക്ലോസ് അപ് ചിത്രങ്ങൾ എടുക്കുവാൻ ബുദ്ധിമുട്ടുണ്ടാവില്ല. ടൈപ്പോഡ് ഉപയോഗിക്കണം എന്നുമാതം.
മാക്രോലെൻസുകളും SLR ക്യാമറകളും ഉള്ളവർക്ക് പരീക്ഷിക്കാവുന്ന മറ്റൊരു വിദ്യയാണ് ഒരു വെള്ളത്തുള്ളിയുടെ ഉള്ളിൽകൂടി കാണപ്പെടുന്ന ബാക്ക്‌ഗ്രൗണ്ടിലുള്ള പൂവിന്റെ ചിത്രം. വെള്ളത്തുള്ളികളെ കൃത്രിമമായി ഒരു പ്രതലത്തിൽ ഉണ്ടാക്കിയും ഇത്തരം ചിത്രങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഇവിടെയും ട്രൈപ്പോഡ് ഉപയോഗിക്കണം എന്നു വീണ്ടും വീണ്ടും പറയട്ടെ.
7. Depth of field:
ഡെപ്ത് ഓഫ് ഫീൽഡ് നന്നേകുറച്ച് എടുക്കുന്നത് ബാക്‌ഗ്രൗണ്ടിലുള്ള ഡിസ്ട്രാക്ഷനുകളെ ഒഴിവാക്കാനുള്ള നല്ല ഒരു മാർഗ്ഗമാണ്. പൂക്കളുടെ ചിത്രങ്ങളിൽ പ്രത്യേകിച്ചു ഈ വിദ്യ നന്നായി ഇണങ്ങും.
SLR ക്യാമറ ഉപയോഗിക്കുന്നവർ കുറഞ്ഞ അപ്പർച്ചർ നമ്പറുകൾ ഉപയോഗിക്കുക, ഒപ്പം ലെൻസ് അനുവദിക്കുന്ന പരമാവധി സൂമും ഉപയോഗിക്കാം. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോഗിക്കുന്നവർ, ക്യാമറയിലെ ക്ലോസ് അപ് മോഡ് ഉപയോഗിക്കുക. അല്ലെങ്കിൽ മാക്സിമം ഓപ്റ്റിക്കൽ സും ഉപയോഗിച്ച് പൂവിന്റെ ഒരു ക്ലോസ് അപ് ഫ്രെയിം കമ്പോസ് ചെയ്യുക. ബാക്‌ഗ്രണ്ട് ബ്ലർ ആയിക്കിട്ടും. ബാക്ക്‌ഗ്രൗണ്ട് ബ്ലർ ചെയ്യുമ്പോൾ പൂവിന്റെ നിറം എടുത്തുകാണിക്കുന്ന പശ്ചാത്തല നിറങ്ങൾകൂടീ കിട്ടുവാൻ ശ്രദ്ധിച്ചാൽ നന്ന്. മറിച്ച് ഒരു കൂട്ടം പൂക്കളുടെ ചിത്രമാണ് എടുക്കുന്നതെങ്കിൽ കുറേക്കൂടി വൈഡ് ആയ ഡെപ്ത് ഓഫ് ഫീൽഡ് ആവും ഇണങ്ങുക
8. Abstract photos:
പൂവിന്റെ എല്ലാഭാഗങ്ങളും ക്രിസ്റ്റൽക്ലിയർ ഫോക്കസിൽ ആവണം എന്ന നിർബന്ധമൊന്നും വേണ്ട. ചില ചിത്രങ്ങളിൽ പൂവിന്റെ ഒരു ഭാഗം മാത്രം ഫോക്കസിലായാൽ പോലും അതൊരു നല്ല ചിത്രമായിരിക്കും. സന്ദർഭങ്ങൾക്കനുസരിച്ച് ചിന്തിക്കുക. ചില ചിത്രങ്ങളിൽ പൂവിന്റെ ഒരു ഭാഗം മാത്രം മതിയാവും നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം പറയുവാൻ. താഴെക്കാണുന്ന ആബ്‌സ്ട്രാക്റ്റ് ചിത്രം നോക്കൂ.
9. വൈറ്റ് ബാലൻസ്:
പൂക്കളുടെ ക്ലോസ് അപ് ചിത്രങ്ങളിൽ ഡിജിറ്റൽ ക്യാമറയെ ഓട്ടോവൈറ്റ് ബാലൻസ് സെറ്റിംഗ് ചിലപ്പോൾ കൺഫ്യൂഷനിൽ ആക്കിയേക്കാം. ഇതൊഴിവാക്കാനായി നിങ്ങൾ ഫോട്ടോയെടുക്കുന്ന രംഗത്തെ ലൈറ്റിംഗ് അനുസരിച്ച് അനുയോജ്യമായ വൈറ്റ് ബാലൻസ് ക്യാമറയിൽ സെറ്റ് ചെയ്യൂ. വെയിലുള്ളപ്പോഴും, അല്പം നിഴലിൽ ആണെങ്കിലും സൺലൈറ്റ് വൈറ്റ്ബാലൻസ് ഉപയോഗിക്കാം. ഇൻഡൊർ ഫോട്ടോയാണെങ്കിൽ ഉപയോഗിക്കുന്ന ലൈറ്റിനനുസരിച്ച് ടംഗ്‌സ്റ്റൺ, ഫ്ലൂറസെന്റ് എന്നീ സെറ്റിംഗുകൾ ഉപയോഗിക്കാം. SLR ക്യാമറ ഉപയോഗിക്കുന്നവർക്ക് മാനുവൽ വൈറ്റ് ബാലൻസും പരീക്ഷിക്കാം. വൈറ്റ് ബാലൻസ് തെറ്റായി സെറ്റ് ചെയ്ത് ചിത്രം എടുത്തുനോക്കൂ! വളരെ ഡ്രമാറ്റിക് ആയ നിറങ്ങൾ പൂക്കളുടെ ചിത്രങ്ങളിൽ കൊണ്ടുവരാനായേക്കും. (ഇത് ഈ മത്സരത്തിൽ അനുവദനീയമല്ല കേട്ടോ).
10. പൂക്കളോടൊപ്പം ജീവികളും:
നല്ല ഒരു പൂവ് കണ്ടാൽ അതിന്റെ ഒരു ചിത്രം മാത്രം എടുത്തിട്ട് പോകാൻ വരട്ടെ. പല കമ്പോസിഷനുകൾ പരീക്ഷിക്കൂ. പല ആംഗിളുകൾ, ബാക്ക്ഗ്രണ്ടിലെ മാറ്റങ്ങൾ, മുകളിൽ നിന്നും താഴെനിന്നും വശങ്ങളിൽ നിന്നുമൊക്കെയുള്ള പെർസ്പെക്റ്റീവുകൾ ഇതൊക്കെ പരീക്ഷിക്കാം. ഒരു വശത്തേക്ക് തിരിഞ്ഞുനിൽക്കുന്ന പൂക്കളാണെങ്കിൽ ആവശത്തേക്ക് കൂടുതൽ സ്ഥലം നൽകി കമ്പോസ് ചെയ്യൂ. ഒപ്പം ഉള്ള ഇലകളേയോ, മൊട്ടുകളേയോ ഒക്കെ ഫ്രെയിമിൽ ഉൾപ്പെടൂത്താം. കുറച്ചുകൂടി ക്ഷമയോടെ വെയിറ്റ് ചെയ്താൽ ഒരു പക്ഷേ ആ പൂവിലേക്ക് വരുന്ന ഒരു തേനീച്ചയേയോ ശലഭത്തേയോ ഒക്കെ ഫ്രെയിമിൽ ഉൾപ്പെടുത്താം. അത് ചിത്രത്തിന്റെ ഭംഗി കൂട്ടുകയേ ഉള്ളൂ.
ആ പൂവിൽ നിങ്ങളുടെ കണ്ണുകളെ ആകർഷിച്ച വസ്തുത എന്ത് എന്ന് നിരീക്ഷിക്കൂ. അതിന്റെ ഡീറ്റെയിൽസ് മാത്രം ക്ലോസ് അപ് ആയി പകർത്തി നോക്കൂ. ഒരു കാര്യം പറയട്ടെ, ഒരു ചിത്രം എടുത്തിട്ട് ക്രോപ്പ് ചെയ്ത് ഇപ്പറഞ്ഞകാര്യങ്ങളൊക്കെ ചെയ്യാം എന്നു വിചാരിക്കുന്നത് വെറുതെയാണ്. അവസരം നഷ്ടമായാൽ പിന്നെ വീണ്ടും ആ ചിത്രം എടുക്കുവാൻ കഴിഞ്ഞെന്നു വരില്ല.
11. ഡിസ്ട്രാക്ഷനുകൾ:
ഒരു പൂവിന്റെ ചിത്രത്തെ മോശമാക്കാൻ പോന്ന കാര്യങ്ങൾ ഫ്രെയിമിൽ കണ്ടേക്കാം. ഉണങ്ങീയ ഇലകൾ, സമീപത്തുള്ള ചെടികളുടെ ഭാഗങ്ങൾ. ഇതൊക്കെ കണ്ടാൽ ചിത്രമെടുക്കുന്നതിനു മുമ്പ് അതൊക്കെ ക്ലിയർ ചെയ്തിട്ട് എടുത്താൽ മതിയാവും.
12 കാട്ടുപൂക്കളും ഒറ്റപ്പെട്ടപൂക്കളും:
ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടുനിൽക്കുന്ന ചെടികളും അവയുടെ ഇടയിൽ നിന്നുവരുന്ന പൂക്കളും നല്ല ചിത്രങ്ങൾക്ക് വിഷയമാവാം. നാട്ടിൻപുറത്ത് ജീവിക്കുന്നവർക്കറിയാം പഴയ ഓടിന്റെയും ഇഷ്ടികയുടെയും ഒക്കെ ഇടയിൽ നിന്ന് തലപൊക്കുന്ന ചെടികളൂം അവയുടെ ഒറ്റപ്പൂക്കളും. അത്തരം കാഴ്ചകളെ നല്ല ഫ്രെയിമുകളാക്കി മാറ്റാം എന്തിനേറെ ഉങ്ങങ്ങിയപൂക്കളോ, പൊഴിഞ്ഞുവീണ പൂക്കൾ പോലുമോ നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് നല്ല ചിത്രങ്ങളാക്കിമാറ്റാം.
13. വ്യത്യസ്ത ആംഗിളുകൾ:
പൂക്കളുടെ ചിത്രങ്ങൾ എപോഴും നാം കാണുന്ന രീതിയിൽ മുകളിൽ നിന്നു തന്നെയാവണം എന്നില്ല. താഴെ ഇരുന്നുകൊണ്ട് വളരെ ലോ ആയ ഒരു ആംഗിൾ പരീക്ഷിച്ചുനോക്കൂ. ആകാശത്തെ ബാക്ക്‌ഗ്രൗണ്ട് ആക്കി പൂക്കൾ മുകളിലും ക്യാമറ താഴെയും എന്ന രീതിയിലുള്ള ആംഗിൾ പരീക്ഷിക്കാം.
14. ഇന്റോർ ചിത്രങ്ങൾ:
അല്പം ശ്രദ്ധിച്ചാൽ ഇൻഡോർ പൂക്കളുടെ ചിത്രങ്ങളും വളരെ നന്നായി എടുക്കുവാൻ സാധിക്കും. ബൗൺസ് ചെയ്ത ഫ്ലാഷ് ഉപയോഗിചോ ഒരു ഡിഫ്യൂസർ ബോക്സ് ഉപയോഗിച്ചോ ആകർഷകമായ നല്ല ചിത്രങ്ങൾ എടുക്കാം.
Pullippuli - Sameer
15. ബ്ലാക്ക് ആന്റ് വൈറ്റ്:
പൂക്കളുടെ ചിത്രങ്ങൾ എപ്പോഴും കളറിൽ തന്നെ വേണം എന്നുണ്ടോ? ഇല്ലേയില്ല. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ പൂവിന്റെയുള്ളിലെ ആകൃതികളും സിമ്മെട്രിയുമൊക്കെ വെളീവാക്കാൻ നന്നായി സഹായിക്കും. വലിയ പൂവിതളുകളുടെ ക്ലോസ് അപ്പുകൾ ഉപയോഗിച്ച് ആബ്‌സ്ട്രാക്റ്റ് ആയ ഷെയ്പൂകളും ബ്ലാക്ക് ആന്റ് വൈറ്റിൽ പരീക്ഷിക്കാം.
16. സിമ്മെട്രി:
വെള്ളത്തിൽ വളരുന്ന ആമ്പൽ താമര തുടങ്ങിയ പൂക്കളും അവയുടെ വെള്ളത്തിലെ പ്രതിഫലനവും ഉൾപ്പെടുത്തി ശ്രദ്ധിച്ചു കമ്പോസ് ചെയ്താൽ നല്ല സിമ്മെട്രിക്കൽ ഫ്രെയിമുകൾ ഉണ്ടാക്കാം. .
അതുപോലെ പൂക്കളുടെ ഉള്ളിൽ തന്നെയുള്ള റേഡിയൽ സിമ്മെട്രി ക്ലോസ് അപ് ചിത്രങ്ങളുടെ വിഷയമാക്കാം.
Dethan Punalur
17. ഒരു കോമ്പ്ലിമെന്റായി:
ആളുകളുടെ പോർട്രെയിറ്റ് ചിത്രങ്ങളിൽ പൂക്കൾ ഉപയോഗിക്കാം. ഈ ഒരു സെൻസ് നാച്ചുറലായി നമ്മുടെ ഉള്ളിൽ തന്നെയുള്ളതിനാലാണല്ലോ ഔട്ട് ഡോർ ചിത്രങ്ങളിൽ ഒരു പൂച്ചെടികണ്ടാൽ അതിനടുത്തുനിന്ന് ഒരു ചിത്രം എടുക്കാൻ പലരും ശ്രമിക്കുന്നത്!
18. ആകൃതികൾ:
പൂവുകളിൽ ഒളിഞ്ഞിരിക്കുന്ന ആകൃതികൾ ഒന്നു നിരിക്ഷണവിഷയമാക്കിനോക്കൂ! എന്തെല്ലാം അതിശയകരമായ ആകൃതികൾ നിങ്ങൾക്ക് കണ്ടെത്താം.ശ്രീ ദത്തൻ പുനലൂരിന്റെ ബ്ലോഗിലെ ഈ ചിത്രങ്ങൾ കാണൂ.
ഇങ്ങനെ പൂക്കളുപയോഗിച്ച് എടുക്കാവുന്ന വൈവിധ്യമേറിയ ചിത്രങ്ങൾ ഒട്ടനവധിയുണ്ട്. ഇനിയും കൂടൂതൽ ഐഡിയകളുള്ളവരും ഇവിടെ പറഞ്ഞ കാര്യങ്ങളുടെ നല്ല ഉദാഹരണങ്ങൾ കൈയ്യിലുള്ളവരും (സ്വന്തം ചിത്രങ്ങൾ) കമന്റായി ഷെയർ ചെയ്യൂ.
- അപ്പു സരിൻ സോമൻ അയച്ചു തന്ന ചില ചിത്രങ്ങൾ നോക്കൂ.