ഈ ഫോട്ടോക്ലബ്ബിലെ അംഗങ്ങളുടെ ശ്രദ്ധയ്ക്കായി പ്രധാനപ്പെട്ട ഒന്നുരണ്ടു കാര്യങ്ങൾ അറിയിക്കട്ടെ.
ഫോട്ടോക്ലബ് എന്ന പേരിൽ ഈ ഗ്രൂപ്പ് ബ്ലോഗ് ആരംഭിച്ചത് 2010 ജൂൺ 1 നാണ്, അതായത് ഏഴുമാസങ്ങൾക്ക് മുമ്പ്. അന്നുമുതൽ ഇന്നുവരെ ഈ ബ്ലോഗിൽ ഫോളോവർ ആയി ചേർന്നിട്ടുള്ള ആളുകളുടെ - അവരാണ് ഈ ബ്ലോഗിലെ മെംബർമാരും - എണ്ണം മുന്നൂറ്റിനാൽപ്പതോളം വരും. ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങുമ്പോൾ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന ആശയം ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കുക എന്നതുമാത്രമായിരുന്നില്ല - മലയാളം ബ്ലോഗിംഗ് വേദിയിൽ ഫോട്ടോബ്ലോഗുകൾ ഉള്ള എല്ലാവരേയും ഒരു സ്ഥലത്ത് ഒന്നിച്ചു കൂട്ടി ഒരു ഡിസ്കഷൻ ഫോറം പോലെ ഒരു സ്ഥലം - അതായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതായത് ഇതിലെ അംഗങ്ങൾ പരസ്പരം കൂട്ടായ ചർച്ചകളിൽക്കൂടി പുതിയ കാര്യങ്ങൾ പഠിക്കുകയും അങ്ങനെ അവരവരുടെ കഴിവുകൾ കൂടുതൽ മെച്ചമാക്കുകയും, വ്യത്യസ്ഥമേഖലകളിൽ അറിവുള്ളവർ അത് മറ്റുള്ളവർക്കു കൂടി പ്രയോജനകരമാകുന്ന തരത്തിൽ പങ്കുവയ്ക്കുകയും ചെയ്യും എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ ദൌർഭാഗ്യകരമെന്നു പറയട്ടെ, ഞങ്ങൾ ഒന്നുരണ്ടുപേരുടെ മാത്രം ബ്ലോഗ് എന്ന രീതിയിലാണ് വായനക്കാരിൽ ഭൂരിഭാഗവും ഇതിനെ കാണുന്നത് എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ ഇപ്പോൾ തോന്നുന്നത്.
ഇത് വെറുതേ പറയുന്നതല്ല. അംഗങ്ങൾക്ക് പരസ്പരം ഇന്ററാക്റ്റ് ചെയ്യുവാൻ ഉതകുന്ന പല പംക്തികളും തുടങ്ങിയെങ്കിലും അവയിൽ ഓരോന്നിന്റെയും നിലവിലെ അവസ്ഥ ഒന്നു നോക്കിയാൽ ഇത് മനസ്സിലാകാവുന്നതേയുള്ളൂ. “ഫോട്ടോഷോപ്പ് ടിപ്സ്” എന്ന പേരിൽ ഒരു വിഭാഗം ആദ്യം തന്നെ തുടങ്ങിയിരുന്നു. ഫോട്ടോഷോപ്പ് ഉപയോഗിച്ചുള്ള പോസ്റ്റ് പ്രോസസിംഗിനെപ്പറ്റിയുള്ള കാര്യങ്ങൾ പങ്കുവയ്ക്കുക എന്നതായിരുന്നു ഉദ്ദേശം. അത് ആദ്യം കൈകാര്യം ചെയ്തിരുന്ന നൌഷാദിന് പെട്ടന്ന് ജോലി മാറേണ്ടിവന്നതിനാലും പുതിയ ജോലിയിൽ തിരക്കായതിനാലും അത് യഥാസമയം തുടരുവാനായില്ല. അതേ തുടർന്ന് ഫോട്ടോഷോപ്പ് വിദഗ്ദ്ധരായ, നമ്മളോടൊപ്പമുള്ള പലരേയും ഞങ്ങൾ സമീപിച്ചു. “ശരി ചെയ്യാം, ചെയ്യാം“ എന്നു അവരെല്ലാവരും പറഞ്ഞതല്ലാതെ കാര്യങ്ങൾ എങ്ങുമെത്തിയില്ല.
കമ്പോസിംഗ് ടെക്നിക്കുകൾ എന്ന വിഭാഗം പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോൾ വായിച്ചറിവുള്ള കാര്യങ്ങൾ അവിടെ അവതരിപ്പിക്കുക മാത്രമായിരുന്നില്ല ഉദ്ദേശം, വായനക്കാർ അതുപോലെയുള്ള ചിത്രങ്ങളുമായി വന്ന് കൂടുതൽ ചർച്ചകൾ തുടരും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. അതുപോലെ നിങ്ങൾക്കറിയാവുന്ന കമ്പോസിംഗ് ടെക്നിക്കുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കും എന്നും പ്രതീക്ഷിച്ചു. പക്ഷേ അതും അത്ര ഫലം കണ്ടില്ല.
അതിനുശേഷമാണ് “ആഴ്ചക്കുറിപ്പുകൾ“ എന്ന പംക്തി തുടങ്ങിയത്. ഫോട്ടോബ്ലോഗുകളിൽ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ നിന്ന് ഒരു റിവ്യൂ ടീം ഏറ്റവും നല്ല ചിത്രങ്ങൾ തെരഞ്ഞെടുത്ത് അവയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ പറയുവാനാണ് അത് ആരംഭിച്ചത്. കമന്റുകളീൽ കൂടി മറ്റുള്ള അംഗങ്ങൾക്കും ആ ഫോട്ടോകളെ വിലയിരുത്തുവാനുള്ള അവസരം അതുവഴി ഉണ്ടായിരുന്നു. പക്ഷേ വളരെ ചുരുക്കം അംഗങ്ങളൊഴികെ ആരും തന്നെ ആ പംക്തിയിൽ അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ക്രിട്ടിക് കമന്റുകൾ പറയാൻ അറിയില്ലാത്തതിനാലാണ് ഒന്നും മിണ്ടാത്തത് എന്ന് ചിലരൊക്കെ പറഞ്ഞു. പക്ഷേ അതുതന്നെയാണോ കാര്യം?
“കഥപറയുന്ന ചിത്രങ്ങൾ” എന്നപേരിൽ പുതിയ പംക്തി തുടങ്ങുമ്പോൾ അതെങ്കിലും മുടങ്ങീപ്പോകാതെ എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കാനാവുമല്ലോ എന്ന പ്രതീക്ഷയുണ്ടായിരുന്നു. കാരണം ഓരോ ഫോട്ടോഗ്രാഫറും എടുക്കുന്ന ഓരോ നല്ലചിത്രത്തിനും പിന്നിൽ ഒരു കഥയുള്ളതിനാൽ ആരെങ്കിലുമൊക്കെ എഴുതും എന്നു പ്രതീക്ഷിച്ചു. ആ പ്രതീക്ഷയും അസ്ഥാനത്താണ് എന്നതിന്റെ തെളിവാണ് പുണ്യാളൻ എഴുതിയ ആദ്യ പോസ്റ്റിനു ശേഷം നാളിതുവരെ ഒരാളും ഒരു കഥയും അയച്ചുതന്നില്ല എന്നത്! ദോഷം പറയരുതല്ലോ, സൂമിംഗ് ഇൻ എന്ന പേരിൽ ആരംഭിച്ച ഇന്റർവ്യൂവിനു പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് ലഭിച്ചത്.
ഓരോ മാസവും ഒരു വിഷയം നൽകി അതിനെ അടിസ്ഥാനമാക്കി ഒരു ഫോട്ടോഗ്രാഫി മത്സരം നടത്താം എന്ന ആശയത്തിന്റെ ആരംഭമായാണ് 2010 ലെ വർഷാന്ത്യ ഫോട്ടോമത്സരം എന്ന പേരിൽ ഒരെണ്ണം അനൌൺസ് ചെയ്തത്. അതിന്റെ പ്രതികരണവും വളരെ നിരാശാജനകമായിരുന്നു എന്ന് രണ്ടുദിവസം മുമ്പ് നമ്മൾ കണ്ടതാണ്. മൂന്നൂറിലേറെ ആളുകൾ അംഗങ്ങളായുള്ള ക്ലബിൽ ലഭിച്ചത് വെറും പത്തിൽ താഴെ എൻട്രീകൾ. പുതിയ ചിത്രങ്ങൾ ഒന്നും അയച്ചു തരുവാനല്ല ആവശ്യപ്പെട്ടിരുന്നത് എന്നോർക്കുക, പ്രസിദ്ധീകരിച്ച ചിത്രങ്ങളുടെ ലിങ്കുകൾ മാത്രം അയച്ചു തന്നാൽ മതിയായിരുന്നു. എന്നാൽ അതിനുപോലും ഭൂരിഭാഗത്തിനും താല്പര്യമുണ്ടായില്ല എന്നത് വളരെ നിരാശയുളവാക്കുന്നു. ലഭിച്ച ചിത്രങ്ങളുടെ വോട്ടിങ്ങിലും ഈ നിഷ്ക്രിയത പ്രകടമായിരുന്നു. നൂറിൽ പരം ആളുകൾ മാത്രമാണ് ഒരു വോട്ട് രേഖപ്പെടുത്താൻ പോലും തയ്യാറായത്.
തുറന്നു പറയട്ടെ, ഈ രീതിയിൽ നിഷ്ക്രിയരായ ഒരു കൂട്ടം അംഗങ്ങളുമായി ഇങ്ങനെയൊരു ഗ്രൂപ്പ് ബ്ലോഗ് തുടർന്നുപോകാൻ ബുദ്ധിമുട്ടുണ്ട്. ഇന്റർനെറ്റിനുമുന്നിൽ ഒരുപാടു സമയം ചെലവഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഐ.ടി / ഗ്രാഫിക്സ് / ഫോട്ടോഗ്രാഫി മുതലായ മേഖലയികളിലൊന്നുമല്ല ഞങ്ങൾ രണ്ടുപേരും ചെയ്യുന്നത്. ജോലിസമയത്തിനു ശേഷം കിട്ടുന്ന സമയവും ചുരുക്കം തന്നെ. ബ്ലോഗിൽ ചെലവഴിക്കാൻ ധാരാളം സമയമുള്ളവർ എന്നു ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്ന ചിലരെയൊക്കെ ഞങ്ങൾ ഈ ബ്ലോഗിന്റെ നടത്തിപ്പിലുള്ള സഹായത്തിനായി സമീപിക്കുകയുണ്ടായി. ചിലരൊക്കെ നിസ്സാരകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. എങ്കിലും ഞങ്ങളുടെ അഭ്യത്ഥനമാനിച്ച് ബിന്ദു കെ.പി., ബിക്കി എന്നീ സുഹൃത്തുക്കൾ സഹായഹസ്തവുമായി മുമ്പോട്ട് വന്നു. അവരോടുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ. അവരുടെ സഹായസഹരണങ്ങളിലാണ് ആഴ്ചക്കുറിപ്പുകളും വർഷാന്ത്യഫോട്ടോമത്സരവും കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മുമ്പോട്ട് പോയത്. ഇവരെപ്പോലെ ഏതെങ്കിലുമൊക്കെ പംക്തികൾക്കായി സമയം ചെലവഴിക്കാൻ സാധിക്കുന്നവർ സ്വയമേവ മുന്നോട്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു.
നമ്മുടെ ഇടയിൽ ഫോട്ടോഗ്രാഫിയെപ്പറ്റി നല്ല പ്രായോഗിക അറിവും, വായിച്ചുള്ള അറിവും എഴുതാനുള്ള കഴിവും ഒക്കെ ഒത്തിണങ്ങിയവർ പലരും ഉണ്ട്. പക്ഷേ പലർക്കും എഴുതാൻ മടിയാണ്, മുമ്പോട്ട് വന്നാൽ ആൾക്കാരുടെ കൈയ്യിൽ നിന്ന് ആവശ്യമില്ലാതെ പഴികേൾക്കുമോ എന്ന പേടിയും. പക്ഷേ ഈ ചിന്തകളുടെയൊന്നും കാര്യമില്ല, ഷെയർ ചെയ്യാനുള്ള മനസ്സാണു വേണ്ടത്. കൊടുക്കുന്തോറും ഏറിവരുന്ന ധനമാണ് അറിവ് എന്നാണല്ലോ പറയാറ്.
ഈ ഫോട്ടോക്ലബ്ബിൽ എല്ലാ അംഗങ്ങൾക്കും പ്രയോജനകരമാവുന്ന തരത്തിലും എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിലും എന്തൊക്കെ പദ്ധതികൾ ഇനി ആവാം എന്ന കാര്യത്തിൽ എല്ലാവരും അഭിപ്രായങ്ങൾ പറയുവാൻ അഭ്യർത്ഥിക്കുന്നു. ഇതുവരെ തുടങ്ങിയ പംക്തികൾ ഇനി തുടരണോ വേണ്ടയോ എന്നും പറയുക. ഏതായാലും ആഴ്ചക്കുറിപ്പുകൾ തൽക്കാലത്തേക്ക് നിർത്തുവാൻ ഞങ്ങൾ തീരുമാനിച്ചു. ഫോട്ടോഗ്രാഫിയിൽ പുതുമുഖങ്ങളായവർക്ക് ആവശ്യമായ പല ഐഡിയകളും ഉണ്ടാവും എന്നറിയാം. അവരും അത് ഇവിടെ കമന്റുകളായി എഴുതുവാൻ താല്പര്യപ്പെടുന്നു. അതുപോലെ ഏതെങ്കിലുമൊക്കെ പംക്തികൾ ഏറ്റെടുത്ത് നടത്തുവാൻ സമയവും താല്പര്യവുമുള്ളവർ അതും അറിയിച്ചാൽ വലിയ ഒരു ഉപകാരമായിരുന്നു.
ഇനി അഥവാ ഭൂരിഭാഗത്തിനും ഇങ്ങനെഒരു ഗ്രൂപ്പ് ബ്ലോഗിനോട് താല്പര്യമില്ല എങ്കിൽ ഈ ബ്ലോഗിനെ ഒരു ഇൻവൈറ്റഡ് ബ്ലോഗ് ആക്കി മാറ്റി, താല്പര്യമുള്ളവർക്കായി information sharing എന്നരീതിയിൽ മാത്രം മുമ്പോട്ട് കൊണ്ടുപോകാം എന്നാണ് ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.
ഫോട്ടോക്ലബ്ബ് എന്ന ഈ സംരഭത്തോട് താല്പര്യമുള്ള എല്ലാവരും ഇതിന്റെ ഭാവിപ്രവർത്തനങ്ങൾ എങ്ങനെയാവണം എന്നതിനെപ്പറ്റി ഒരു അഭിപ്രായം പറയും എന്ന പ്രതീക്ഷയോടെ
Appu & Prasanth
6 comments:
നിരാശരാകാതെ മുന്നോട്ടു പോകണമെന്നാണ് എനിക്കു തോന്നുന്നത്.
വളരെ പ്രയോജനപ്രദമായ ഈ കൂട്ടുകെട്ട് മുന്നോട്ട് പോകണമെന്നാണ് എന്റെ അഭിപ്രായം.
പുണ്യാളന്‍ പറഞ്ഞത് ഞാനും ആവര്‍ത്തിക്കുന്നു.
ഒക്കെ ശരിയാകും ഇഷ്ടാ. വഴിക്ക് ഇട്ടിട്ടു പോകല്ലേ... :)
ഉം...
ഒരുനാള്‍ ഞാനും പുലിയാകും ...
ഈ ഫോട്ടോ ബ്ലോഗും കൂട്ടുകാരായ എല്ലാ ഗഡികളും ഇവിടെ തന്നെ കാണണം...
:P
എനിക്ക് വളരെ ഇഷ്ടപ്പെട്ട, ഏറെ പ്രയോജനകരമായ ഒന്നാണ് ഫോട്ടോക്ലബ്ബ്.6 അല്ലെങ്കിൽ 7 മാസം പരിചയം മാത്രമെ ഉള്ള്,i am a beginner, എന്റെ എല്ല സഹായം ഉണ്ടാവും.
ആശംസകള്‍.
aashamsakal.......
Vivaramillayma Kond Mathramanu Sajeevamayi pankedukkathath But Iam Studying A Lot From This Blog And Am A Frequent Visitor............So Go On...........
Post a Comment