This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

ഫോട്ടോക്ലബ് ഭാവിപരിപാടികൾ - ചർച്ചയുടെ സംഗ്രഹം


സുഹൃത്തുക്കളേ,

ഫോട്ടോക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങൾ എങ്ങനെയാവണം എന്ന ചോദ്യവുമായി പ്രസിദ്ധീകരിച്ച കഴിഞ്ഞ പോസ്റ്റിൽ മുപ്പതിലേറേ അംഗങ്ങൾ അഭിപ്രായങ്ങൾ പറഞ്ഞു. സന്തോഷം. ഇത്രയും ആളുകൾ തങ്ങളാലാവും വിധം സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നതിനാൽ ഈ ഗ്രൂപ്പ് ബ്ലോഗ് തുടരാം എന്നുതന്നെ തീരുമാനിക്കുന്നു. നിങ്ങൾ പറഞ്ഞ  അഭിപ്രായങ്ങളെയെല്ലാം ഒന്നിച്ച് ഒരു അവലോകനം ചെയ്യുവാനാണ് ഈ പോസ്റ്റിൽ ഉദ്ദേശിക്കുന്നത്. ഒപ്പം ഭാവിയിൽ കൂട്ടായപ്രവർത്തനങ്ങൾ എന്തൊക്കെ ചെയ്യാം എന്നും അത് ആരൊക്കെ ഏറ്റെടുക്കും എന്നതും ചർച്ചചെയ്യാം.  ഒപ്പം നിങ്ങൾക്ക് കമന്റുകളും എഴുതാം. 

പുലിപ്പേടിയും ഫോട്ടോമത്സരങ്ങളും:

"വൻപുലികളായ ഫോട്ടോ ബ്ലോഗ്ഗർമാർ ഉള്ളതുകൊണ്ടാണ് മത്സരത്തിൽ കൂടുതൽ ശ്രദ്ധിക്കാഞ്ഞത് ..."
"വൻ പുലികളുടെ നിഴല്‍ ബ്ലോഗിലുടനീളം പരന്നു കിടക്കുന്നു...സെലിബ്രിറ്റികളുടെ ചിത്രങ്ങൾ വല്ലാതെ ആഘോഷിക്കുന്നപോലെ..“

ഈ അഭിപ്രായങ്ങൾ ഈ ബ്ലോഗിനെപ്പറ്റിയുള്ള ഒരു പൊതു കാഴ്ചപ്പാടായി ഞങ്ങൾ മനസ്സിലാക്കുന്നു. ഇതിന്റെ കാരണം ആഴ്ചക്കുറിപ്പുകൾ എന്ന പംക്തി ആവാനാണ് സാധ്യത. ആഴ്ചക്കുറിപ്പുകൾ എന്ന പംക്തിയിൽ ഓരോ ആഴ്ചയിലും മലയാളം ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് ഏറ്റവും നല്ല പെർഫെക്ഷനോടുകൂടിയ ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ സ്വാഭാവികമായും  ശ്രദ്ധയോടെ ചിത്രങ്ങൾ എടുക്കുന്ന ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ മാത്രമേ അവിടെ ഇടം‌പിടിക്കുകയുള്ളൂ. അത് സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ആഘോഷിക്കുന്നതുകൊണ്ട് സംഭവിക്കുന്നതല്ല.  ഈ പംക്തികൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചിരുന്നത് മറ്റൊന്നാണ്. അത് രഞ്ജിത് വിശ്വം തന്റെ കമന്റിൽ എഴുതിയിട്ടുണ്ട്. 

" ഓരോ പുതിയ പടം എടുക്കുമ്പോഴും അത് ഈ പ്രാവശ്യം ഫോട്ടോ ബ്ലോഗ് ആഴ്ച്ചക്കുറിപ്പുകളി വരുത്തണം എന്ന വാശിയോടെയാണ് എടുക്കാറ്.. പക്ഷേ അതിലേക്കൊക്കെ എത്തുവാന്‍ ഇനീം ഏറെ ദൂരമുണ്ട്....."

ഈ വാശി ഓരോ ഫോട്ടോഗ്രാഫറിലും കൊണ്ടുവരിക എന്നതായിരുന്നു ആഴ്ചക്കുറിപ്പുകൾ എന്ന പംക്തിയുടെ ലക്ഷ്യം. അല്ലാതെ ആ പംക്തിയിൽ സ്ഥിരമായി പുണ്യാളന്റെയോ, യൂസുഫ് ഷാലിയുടെയോ പകൽക്കിനാവന്റെയോ സുനിൽ വാര്യരുടെയോ ചിത്രങ്ങൾ പ്രമോട്ട് ചെയ്യുക എന്നത് അല്ല ഉദ്ദേശിച്ചിരുന്നത്. ഏതായാലും ഈ പംക്തികൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല എന്നതിനാൽ അത് ഇനി തുടരണോ വേണ്ടയോ എന്നു തീരുമാനിച്ചിട്ടില്ല - വായനക്കാർ അഭിപ്രായം പറയൂ. സെലിബ്രിറ്റീസിനെ ഒഴിവാക്കുന്നതിന്റെ ഭാ‍ഗമായി പുണ്യാളൻ പറഞ്ഞ കമന്റ്  

“ഇനി പ്രസിദ്ധീകരിക്കുന്ന ആഴ്ചക്കുറിപ്പുകളില്‍ എന്‍റെ ഫോട്ടോകള്‍ പരിഗണിക്കരുതെന്ന് അപേക്ഷിക്കുന്നു".

സ്വീകരിക്കുവാൻ പ്രായോഗികമായി ബുദ്ധിമുട്ടുമുണ്ട്. അതുകൊണ്ട് ആഴ്ചക്കുറിപ്പുകൾക്ക് പകരം ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കുവാൻ പാകത്തിൽ, ക്യാപ്റ്റൻ ഹാഡോക് പറഞ്ഞ പംക്തി ആരംഭിക്കാം എന്നു കരുതുന്നു. 


ക്രിട്ടിക് കമന്റുകൾക്കായുള്ള പംക്തി:

ഓരോ ആഴ്ചയിലും ഫോട്ടോബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളുടെ ഉടമകൾ ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്നു എങ്കിൽ ആ പോസ്റ്റിന്റെ ലിങ്കും, ചിത്രത്തിലേക്കുള്ള URL എന്നിവ ഫോട്ടോക്ലബ്ബിനു അയച്ചു തരിക. ആ ചിത്രങ്ങൾ ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ച് ഒപ്പം ഒരു ടീം കമന്റുകളും നൽകും. വായനക്കാർക്കും ഏതു ചിത്രത്തേയും അവലോകനം ചെയ്യാം. പക്ഷേ ഒരു കണ്ടീഷൻ ഒപ്പം പറയട്ടെ, ചിത്രങ്ങൾ ക്രിട്ടിക് കമന്റിനായി അയച്ചൂ തരുന്ന ഓരോ ഫോട്ടോഗ്രാഫറും, അതേ പോസ്റ്റിലെ മറ്റു  മൂന്നു ചിത്രങ്ങളെപ്പറ്റിയെങ്കിലും അഭിപ്രായം നിർബന്ധമായും പറയണം (കിടിലം, ഗംഭീരം എന്നിങ്ങനെ അല്ല; എന്തുകൊണ്ട് ഒരു ചിത്രം ഇഷ്ടമായി അല്ലെങ്കിൽ ആയില്ല എന്ന വിവരങ്ങളാണ് കമന്റിൽ വേണ്ടത്).  ഫോട്ടോക്ലബ് സ്വയം ഈ പംക്തിയിലേക്ക് ചിത്രങ്ങൾ തെരഞ്ഞെടുക്കണം എന്ന് ആഗ്രഹിക്കുന്നില്ല; പകരം അയച്ചുതരുന്ന ചിത്രങ്ങൾക്ക് ക്രിട്ടിക് കമന്റുകൾ പറയുകയായിരിക്കും ചെയ്യുന്നത്. അതുപോലെ അയച്ചു തരുന്ന ചിത്രങ്ങൾ അതാതു ആഴ്ചയിൽ നിങ്ങളുടെ ബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചവയും ആവണം.  ഈ പംക്തി ഫോട്ടോക്ലബ്ബിൽ കൈകാര്യം ചെയ്യാം എന്ന് ഏറ്റിരിക്കുന്നത് ക്യാപ്റ്റൻ ഹാഡോക് (ആഷ്‌ലി) ആണ്. ഈ പംക്തിയെപ്പറ്റി കൂടുതൽ കാര്യങ്ങൾ പിന്നിട് വിശദമാക്കാം.


ഫോട്ടോഗ്രാഫി മത്സരങ്ങൾ / വർക്ക് ഷോപ്പുകൾ:

ഒരു ഫോട്ടോഗ്രാഫി മത്സരം നടത്തിയാൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണ് എന്നതിനു രണ്ടുമൂന്ന് വിധത്തിലുള്ള വിശദീകരണങ്ങൾ ഇവിടെ കമന്റുകളിൽ കാണുകയുണ്ടായി. ചില ഉദാഹരണങ്ങൾ നോക്കൂ

"വൻപുലികളായ ഫോട്ടോ ബ്ലോഗ്ഗർമാർ ഉള്ളതുകൊണ്ടാണ് മത്സരത്തിൽ കൂടുതൽ ശ്രദ്ധിക്കാഞ്ഞത്...."
" ഫോട്ടോഗ്രാഫി മത്സരതിനു അയക്കാതിരുന്നതിനു കാരണം ആത്മവിശ്വാസക്കുറവാണ്...."
"മത്സരത്തിന് അയക്കാതിരുന്നത് പുലികളുടെ ഇടയില്‍ വെറുതേ എന്തിനാന്നു കരുതിത്തന്നെയാ..."
"ടൺ കണക്കിനു ലെൻസുകളുമായി ലോകം മുഴുവൻ പറന്നുനടന്ന് ഫോട്ടോകളെടുക്കുന്ന പുലികൾക്കിടയിൽ ഒരു എസ്.എൽ.ആർ ക്യാമറ പോലും സ്വന്തമായി ഇല്ലാത്ത ഞാനെന്തിനു മത്സരിക്കണം എന്നു തോന്നി. എന്തേത് ഒരു CanonSX20is ക്യാമറയാണ്.... “

ചുരുക്കത്തിൽ തങ്ങളെക്കൊണ്ട് നല്ല ഫോട്ടോകൾ എടുക്കുവാൻ സാധിക്കുന്നില്ല, അല്ലെങ്കിൽ ഇതുവരെ സാധിച്ചിട്ടില്ല എന്ന കോമ്പ്ലക്സാണ് “എലി“ (പുലി എന്നതിന്റെ വിപരീതപദം അറിയാത്തതിനാലാണ് എലി എന്നെഴുതിയത്) കളായി സ്വയം കരുതുന്നവരുടെ പ്രശ്നം! 

അപ്പോൾ പുലികളുടെ പ്രശ്നമെന്താണ്? പുലികളാരും ഇതേപ്പറ്റി ഒന്നും തന്നെ എഴുതിയില്ലെങ്കിലും കുഞ്ഞൻ അപ്പുവിന്റെ Buzz ൽ പറഞ്ഞ ഒരു കമന്റ് ശ്രദ്ദേയമായി തോന്നി. 

“മത്സരത്തിന് എൻ‌ട്രികൾ അയക്കാത്തതിന് കാരണം ഒരു പക്ഷെ ഇമേജിന് കോട്ടം സംഭവിക്കുമൊയെന്നതിനാലാകാം. നേരെ ചൊവ്വെ പറഞ്ഞാൽ പടം പിടുത്തത്തിൽ പുലിയായ ഒരാൾ മത്സരത്തിലെ സെലക്ഷനിൽ നിന്നും പിൻ‌തള്ളപ്പെടുമൊയെന്ന ധാരണയാൽ അയക്കാതിരിക്കാം..! “

ഇതാണ് പുലികൾ പങ്കെടുക്കാത്തതിനു കാരണമെങ്കിൽ ഞങ്ങൾക്ക്  ഒന്നും പറയാനില്ല. ഓരോരുത്തരുടെയും ഇഷ്ടം പോലെ മത്സരത്തിൽ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയട്ടെ.

ഏതായാലും ഫോട്ടോക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ മാസവും ഒരു വിഷയത്തെ ആസ്പദമാക്കി ഒരു മത്സരം നടത്തുവാൻ ആഗ്രഹിക്കുന്നു. മത്സരം എന്നതിനേക്കാൾ ഒരു വർക്ക്ഷോപ്പ് എന്ന് ഇതിനെ വിളിക്കാനാണ് ഞങ്ങൾക്ക് താല്പര്യം. ഈ മത്സരത്തിൽ താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം. മുൻ‌കൂട്ടി അനൌൺസ് ചെയ്യുന്ന ഒരു ജഡ്ജ് എല്ലാ ചിത്രങ്ങളും അവലോകനം ചെയ്യുകയും ഓരോ ചിത്രങ്ങളെപ്പറ്റിയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യും. വായനക്കാർക്കും അഭിപ്രായങ്ങൾ പറയുകയും വോട്ട് ചെയ്യുകയും ചെയ്യാം. ഈ പംക്തി കോർഡിനേറ്റ് ചെയ്യുന്നത് ബിക്കി ആയിരിക്കും. ഇതേപ്പറ്റിയുള്ള വിശദവിവരങ്ങൾ പുറകാലെ പ്രതീക്ഷിക്കാം. 


പോസ്റ്റ് പ്രോസസിംഗ് / ഫോട്ടോഷോപ്പ്:

പോസ്റ്റ് പ്രോസസിംഗ് സഹായി ആണ് എങ്ങുമെത്താതെ കിടക്കുന്ന ഒരു വിഭാഗം. ഫോട്ടോഷോപ്പ് ടിപ്സ് ഏറ്റെടുത്തുനടത്താം എന്ന് ഇതിൽ വൈദഗ്ദ്ധ്യമുള്ള ആരും ഇതുവരെ പറഞ്ഞതുമില്ല മുന്നോട്ട് വന്നിട്ടുമില്ല. എങ്കിലും ഈ വിഭാഗത്തെപ്പറ്റി ഒന്നുരണ്ടു കമന്റുകൾ ലഭിച്ചു. Buzz ൽ നിവിൻ ഇങ്ങനെ എഴുതി. 

“ഫോട്ടോഷോപ്പ് ടിപ്സ് പരിപാടി നിന്നതോടെ അതിനകത്ത് കയറുന്നതേ നിര്‍ത്തി. കുറെക്കാലം അതിനുവേണ്ടി നോക്കി ഇരുന്നെങ്കിലൂം ആരംഭശൂരത്വം ആണെന്നു തോന്നിയതു കൊണ്ട് ആ പരിസരത്തോട്ട് വന്നിട്ടില്ല. പിന്നെ വല്ലപ്പോഴും ഫോട്ടോസ് കാണാന്‍ കയറാറുണ്ട്. ഈ ബ്ലോഗ് വഴി ഒരുപാട് ഫോട്ടോ ബ്ലോഗുകള്‍ കാണാനും നല്ല ഒരുപാട് ചിത്രങ്ങള്‍ കാണാനും കഴിഞ്ഞിട്ടുണ്ട്. ഒരുപാടു പദ്ധതികള്‍ തുടങ്ങി വയ്ക്കാതെ തുടങ്ങിയത് ഭംഗിയായി കൊണ്ട് പോകുന്നതിലാണു വിജയം !!“

നിവിൻ അല്പം പരിഹാസരൂപേണ പറഞ്ഞ അഭിപ്രായം ഞങ്ങൾ സ്വീകരിക്കുന്നു; പക്ഷേ ഒരു കാര്യംകൂടി ചോദിക്കാൻ ആഗ്രഹിക്കുന്നു. തുടങ്ങിവച്ച ഈ പംക്തി മുടങ്ങാതെ കൊണ്ടുപോകാൻ നിവിൻ സഹായിക്കാമോ?  നിവിന്റെ “വെറുതെ ഒരു ബ്ലോഗ്” എന്ന പേരിലുള്ള ഫോട്ടോബ്ലോഗ് നോക്കിയാൽ അതിൽ അനവധി ചിത്രങ്ങൾ    ഫോട്ടോഷോപ്പ് (അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രാഫിക്സ് സോഫ്റ്റ്വെയർ) ഉപയോഗിച്ച് താങ്കൾ വരച്ചിട്ടുണ്ട്.  താങ്കൾ ഈ രംഗത്ത് ഒരു പ്രൊഫഷനൽ ആണെന്നും  മനസ്സിലാകുന്നു.   ഈ പംക്തി നിവിൻ തന്നെ ഏറ്റെടുത്തു നടത്താമോ എന്നു ഈ അവസരത്തിൽ  ചോദിക്കാൻ ആഗ്രഹിക്കുന്നു. ഫോട്ടോഷോപ്പിന്റെ  അത്യന്തം വിശദമായ സാങ്കേതികാര്യങ്ങളൊന്നും പഠിപ്പിക്കേണ്ടതില്ല. ബേസിക് കാര്യങ്ങൾ മാത്രം മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്താൽ  മതിയാകും. തയ്യാറാണെങ്കിൽ അറിയിക്കുക. 

ഇതോടൊപ്പം ചാക്കോച്ചി എഴുതിയ കമന്റിനുള്ള മറുപടികൂടി പറയട്ടെ :  “പോസ്റ്റ്‌ പ്രോസിസ്സിംഗ് ചെയ്യാത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള ഒരു സൗകര്യം ഒരുക്കിയാല്‍ വളരെ നല്ലത് ആയിരുന്നു എന്നാണ്. എല്ലാവര്ക്കും ഫോടോഷോപ്പോ അത് പോലെ ഉള്ള മറ്റു സോഫ്റ്റ്‌ വരുകളും ഉപയോഗിച്ച് ചിത്രങ്ങള്‍ പോസ്റ്റ്‌ പ്രോസിസ്സിങ്ങിനു വിധേയമാക്കാന്‍ സാധിക്കാറില്ല. തീര്‍ച്ചയായും അങ്ങനെ ഉള്ള ചിത്രങ്ങള്‍ പോസ്റ്റ്‌ പ്രോസിസ്സിംഗ് ചെയ്തവയുമായി ഉള്ള താരതമ്യത്തില്‍ പിന്നോക്കം ആവുകയും ചെയ്യും“

ചാക്കോച്ചിയെപ്പോലെ ചിന്തിക്കുന്ന ഒരുപാട് പേരുണ്ടാവും എന്നറിയാം. പോസ്റ്റ് പ്രോസസിംഗ് എന്നുപറഞ്ഞാൽ ഫോട്ടോഷോപ്പോ മറ്റു ഗ്രാഫിക്സ് സോഫ്റ്റ്‌വെയറൂകളോ ഉപയോഗിച്ച് ഒരു ചിത്രത്തെ മറ്റെന്തൊക്കെയോ ആക്കി മാറ്റുക എന്നല്ല ചാക്കോച്ചീ. ഡിജിറ്റൽ ഫോട്ടോഗ്രാഫുകളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമാണ് പോസ്റ്റ് പ്രോസസിംഗ്.  ഒരു ഡിജിറ്റൽ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ഡീറ്റെയിത്സ് വെളിച്ചത്തുകൊണ്ടുവരുക, ആ ചിത്രത്തിനെ കൂടുതൽ മെച്ചമായി കാണിക്കുക തുടങ്ങീയ കാര്യങ്ങളാണ് ഇതുവഴി ഉദേശിക്കുന്നത്. പോസ്റ്റ് പ്രോസസിംഗ് ചെയ്താലും ഇല്ലെങ്കിലും ഒരു ചിത്രത്തിന്റെ മനോഹാരിതയുടെ 80% വും അതിന്റെ കമ്പോസിഷൻ, പെർസ്പെക്റ്റീവ്, സബ്‌ജക്റ്റ് പ്ലെയ്സ്‌മെന്റെ തുടങ്ങിയ കാര്യങ്ങളിലാണിരിക്കുന്നത് എന്നതുകൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. 


ഡിജിറ്റൽ പ്രോസസിംഗ് വർക്ക് ഫ്ലോ:

ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഒരു ഡിജിറ്റൽ ചിത്രം എഡിറ്റ് ചെയ്ത് എടുക്കുന്നവർക്ക് പലരീതിയിലുള്ള work-flow ഉണ്ടായിരിക്കും. ആ സ്റ്റെപ്പുകൾ മറ്റുള്ളവർക്കുകൂടി പ്രയോജനകരമാവുന്ന രീതിയിൽ പടിപടിയായി വിവരിക്കുന്ന ഒരു പംക്തി തുടങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരേ ചിത്രത്തിന്റെ ഒട്ടും എഡിറ്റ് ചെയ്യാത്ത ഒറിജിനൽ വിവിധ ഫോട്ടോഷോപ്പ് വിദഗ്ദ്ധരെക്കൊണ്ട് എഡിറ്റ് ചെയ്യിച്ച് അതിന്റെ റിസൽട്ടുകൾ വിവരണങ്ങളോടെ കാണിക്കുക എന്നതാണ് ഞങ്ങളുടെ മനസിലുണ്ടായിരുന്ന പദ്ധതി. പക്ഷേ ഇതു നടത്തുവാനും ഫോട്ടോഷോപ്പ് ഉപയോഗിക്കുവാൻ അറിയുന്ന ഒരുകൂട്ടം ആളുകൾ മുന്നോട്ട് വന്നാൽ മാത്രമേ സാധിക്കൂ.


Behind the frames / പരിചയപ്പെടൽ:

ശ്രീലാൽ പറഞ്ഞ അഭിപ്രായങ്ങളിൽ രണ്ടെണ്ണം നമുക്ക് നടത്തുവാൻ പറ്റുന്നതാണ്. ഫോട്ടോക്ലബ്ബിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി - ഒരു പൊതുവായ ചോദ്യാവലിക്ക് എല്ലാവരും ഉത്തരം എഴുതിത്തന്നാൽ മാത്രം മതിയാവും. ശ്രീലാൽ ഇതിനു മുൻ‌കൈ എടുക്കും എന്നുകരുതട്ടെ? ഒപ്പം “Zooming in” എന്ന ഇന്റർവ്യൂ പരിപാടി ഞങ്ങൾ തന്നെ തുടർന്നും നടത്തിക്കൊള്ളാം എന്നുകൂടി അറിയിക്കുന്നു.  "Behind the frames" എന്ന പംക്തി തുടരണമെങ്കിൽ നിങ്ങൾ ഓരോരുത്തരും സഹകരിച്ചെങ്കിലേ പറ്റുകയുള്ളൂ. നല്ല ചിത്രങ്ങൾ അല്പം പരിശ്രമം എടുത്തുതന്നെ ഷൂട്ട് ചെയ്തവ, എന്തൊക്കെ നിങ്ങൾ ചെയ്തു എങ്ങനെയാണ് അവസാനം കിട്ടിയ റിസൽട്ടിലേക്ക് എത്തിയത് തുടങ്ങിയ കാര്യങ്ങൾ എഴുതി അയച്ചൂ തരിക. എഴുതാൻ അറിയില്ല എന്ന കാരണംകൊണ്ട് എഴുതാതിരിക്കേണ്ടതില്ല. പബ്ലിഷ് ചെയ്യുന്നതിനുമുമ്പുള്ള ഫൈനൽ എഡിറ്റിംഗ് ഞങ്ങൾ ആരെങ്കിലും നടത്തിക്കൊള്ളാം. കഴിഞ്ഞ പോസ്റ്റിൽ സഹകരണം വാദ്ഗാനം ചെയ്തവരെല്ലാം ആദ്യപടി എന്നനിലയിൽ ഓരോ “കഥപറയുന്ന ചിത്രങ്ങൾ” ആർട്ടിക്കിളും ചിത്രവും അയച്ചു തരൂ..  !


Composition techniques:

കമ്പോസിഷൻ ടെക്നിക്കുകൾ, മറ്റു സിറ്റുവേഷൻ ടെക്നിക്സ് തുടങ്ങിയ പംക്തികൾ ഇനിയും തുടരാം. കഴിവുള്ളവർ ഒപ്പം സഹായിച്ചാൽ നന്നായിരിക്കും.

അവസാനമായി പുലിപ്പേടിയും പുലികോമ്പ്ലക്സും മനസിൽ കൊണ്ടുനടക്കുന്നവരോട് - ഒരു ഫോട്ടോഗ്രാഫറൂം ജനിക്കുമ്പോഴേ ഒരു ഫോട്ടോഗ്രാഫി വിദഗ്ദ്ധനായി ജനിച്ചതല്ല. അവരുടെ കഴിവുകൾ പാരമ്പര്യമായി കിട്ടുന്നതുമല്ല. ഒരോരുത്തരും സ്ഥിരമായ പരിശ്രമം കൊണ്ട് നേടിയെടുക്കുന്നതാണ് ആ കഴിവുകൾ. അതുപോലെ നല്ല ചിത്രം എടുക്കാൻ SLR ക്യാമറതന്നെ വേണം എന്ന ചിന്തയും പൂർണ്ണമായും ശരിയല്ല. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾക്ക് ലിമിറ്റേഷനുകൾ ഉണ്ട് എന്നതു സമ്മതിക്കുന്നു. പക്ഷേ കമ്പോസിഷനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ രണ്ടുവിഭാഗം ക്യാമറകളിലും ഒന്നുതന്നെ. അതുകൊണ്ട് പുലിപ്പേടി ഉപേക്ഷിക്കുക. ഉഷാറായി ചിത്രങ്ങൾ എടുക്കുക. ഒരുനാൾ നിങ്ങളും പുലിയായി മാറൂം. സംശയമില്ല. 

ഫോട്ടോക്ലബ്ബിന്റെ ഭാവി പ്രവര്‍‌ത്തനങ്ങള്‍‌

ഈ ഫോട്ടോക്ലബ്ബിലെ അംഗങ്ങളുടെ ശ്രദ്ധയ്ക്കായി പ്രധാനപ്പെട്ട ഒന്നുരണ്ടു കാര്യങ്ങൾ അറിയിക്കട്ടെ.

ഫോട്ടോക്ലബ് എന്ന പേരിൽ ഈ ഗ്രൂപ്പ് ബ്ലോഗ് ആരംഭിച്ചത് 2010 ജൂൺ 1 നാണ്, അതായത് ഏഴുമാസങ്ങൾക്ക് മുമ്പ്. അന്നുമുതൽ ഇന്നുവരെ ഈ ബ്ലോഗിൽ ഫോളോവർ ആയി ചേർന്നിട്ടുള്ള ആളുകളുടെ - അവരാണ് ഈ ബ്ലോഗിലെ മെംബർമാരും - എണ്ണം മുന്നൂറ്റിനാൽ‌പ്പതോളം വരും. ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങുമ്പോൾ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന ആശയം ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കുക എന്നതുമാത്രമായിരുന്നില്ല - മലയാളം ബ്ലോഗിംഗ് വേദിയിൽ ഫോട്ടോബ്ലോഗുകൾ ഉള്ള എല്ലാവരേയും ഒരു സ്ഥലത്ത് ഒന്നിച്ചു കൂട്ടി ഒരു ഡിസ്കഷൻ ഫോറം പോലെ ഒരു സ്ഥലം - അതായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതായത് ഇതിലെ അംഗങ്ങൾ പരസ്പരം കൂട്ടായ ചർച്ചകളിൽക്കൂടി പുതിയ കാര്യങ്ങൾ പഠിക്കുകയും അങ്ങനെ അവരവരുടെ കഴിവുകൾ കൂടുതൽ മെച്ചമാക്കുകയും, വ്യത്യസ്ഥമേഖലകളിൽ അറിവുള്ളവർ അത് മറ്റുള്ളവർക്കു കൂടി പ്രയോജനകരമാകുന്ന തരത്തിൽ പങ്കുവയ്ക്കുകയും ചെയ്യും എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ ദൌർഭാഗ്യകരമെന്നു പറയട്ടെ, ഞങ്ങൾ ഒന്നുരണ്ടുപേരുടെ മാത്രം ബ്ലോഗ്  എന്ന  രീതിയിലാണ് വായനക്കാരിൽ ഭൂരിഭാഗവും ഇതിനെ കാണുന്നത് എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ  ഇപ്പോൾ തോന്നുന്നത്.

ഇത് വെറുതേ പറയുന്നതല്ല. അംഗങ്ങൾക്ക് പരസ്പരം ഇന്ററാക്റ്റ് ചെയ്യുവാൻ ഉതകുന്ന പല പംക്തികളും തുടങ്ങിയെങ്കിലും അവയിൽ ഓരോന്നിന്റെയും നിലവിലെ അവസ്ഥ ഒന്നു നോക്കിയാൽ ഇത് മനസ്സിലാകാവുന്നതേയുള്ളൂ. “ഫോട്ടോഷോപ്പ് ടിപ്സ്” എന്ന പേരിൽ ഒരു വിഭാഗം ആദ്യം തന്നെ തുടങ്ങിയിരുന്നു. ഫോട്ടോഷോപ്പ് ഉപയോഗിച്ചുള്ള പോസ്റ്റ് പ്രോസസിംഗിനെപ്പറ്റിയുള്ള കാര്യങ്ങൾ പങ്കുവയ്ക്കുക എന്നതായിരുന്നു ഉദ്ദേശം. അത് ആദ്യം കൈകാര്യം ചെയ്തിരുന്ന നൌഷാദിന് പെട്ടന്ന് ജോലി മാറേണ്ടിവന്നതിനാലും പുതിയ ജോലിയിൽ തിരക്കായതിനാലും അത് യഥാസമയം തുടരുവാനായില്ല. അതേ തുടർന്ന് ഫോട്ടോഷോപ്പ് വിദഗ്ദ്ധരായ, നമ്മളോടൊപ്പമുള്ള പലരേയും ഞങ്ങൾ സമീപിച്ചു.  “ശരി ചെയ്യാം, ചെയ്യാം“ എന്നു അവരെല്ലാവരും പറഞ്ഞതല്ലാതെ കാര്യങ്ങൾ എങ്ങുമെത്തിയില്ല.  

കമ്പോസിംഗ് ടെക്നിക്കുകൾ എന്ന വിഭാഗം പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോൾ വായിച്ചറിവുള്ള കാര്യങ്ങൾ അവിടെ അവതരിപ്പിക്കുക മാത്രമായിരുന്നില്ല ഉദ്ദേശം,  വായനക്കാർ അതുപോലെയുള്ള ചിത്രങ്ങളുമായി വന്ന് കൂടുതൽ ചർച്ചകൾ തുടരും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. അതുപോലെ നിങ്ങൾക്കറിയാവുന്ന കമ്പോസിംഗ് ടെക്നിക്കുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കും എന്നും പ്രതീക്ഷിച്ചു.   പക്ഷേ അതും അത്ര ഫലം കണ്ടില്ല. 

അതിനുശേഷമാണ് “ആഴ്ചക്കുറിപ്പുകൾ“ എന്ന പംക്തി തുടങ്ങിയത്. ഫോട്ടോബ്ലോഗുകളിൽ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ നിന്ന് ഒരു റിവ്യൂ ടീം ഏറ്റവും നല്ല ചിത്രങ്ങൾ തെരഞ്ഞെടുത്ത് അവയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ പറയുവാനാണ് അത് ആരംഭിച്ചത്. കമന്റുകളീൽ കൂടി മറ്റുള്ള അംഗങ്ങൾക്കും ആ ഫോട്ടോകളെ വിലയിരുത്തുവാനുള്ള അവസരം അതുവഴി ഉണ്ടായിരുന്നു. പക്ഷേ വളരെ ചുരുക്കം അംഗങ്ങളൊഴികെ ആരും തന്നെ ആ പംക്തിയിൽ അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ക്രിട്ടിക് കമന്റുകൾ പറയാൻ അറിയില്ലാത്തതിനാലാണ് ഒന്നും മിണ്ടാത്തത് എന്ന് ചിലരൊക്കെ പറഞ്ഞു. പക്ഷേ അതുതന്നെയാണോ കാര്യം? 

“കഥപറയുന്ന ചിത്രങ്ങൾ” എന്നപേരിൽ പുതിയ പംക്തി തുടങ്ങുമ്പോൾ അതെങ്കിലും മുടങ്ങീപ്പോകാതെ എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കാനാവുമല്ലോ എന്ന പ്രതീക്ഷയുണ്ടായിരുന്നു. കാരണം ഓരോ ഫോട്ടോഗ്രാഫറും എടുക്കുന്ന ഓരോ നല്ലചിത്രത്തിനും പിന്നിൽ ഒരു കഥയുള്ളതിനാൽ ആരെങ്കിലുമൊക്കെ എഴുതും എന്നു പ്രതീക്ഷിച്ചു. ആ പ്രതീക്ഷയും അസ്ഥാനത്താണ് എന്നതിന്റെ തെളിവാണ് പുണ്യാളൻ എഴുതിയ ആദ്യ പോസ്റ്റിനു ശേഷം നാളിതുവരെ ഒരാളും ഒരു കഥയും അയച്ചുതന്നില്ല എന്നത്! ദോഷം പറയരുതല്ലോ, സൂമിംഗ് ഇൻ എന്ന പേരിൽ ആരംഭിച്ച ഇന്റർവ്യൂവിനു പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് ലഭിച്ചത്. 

ഓരോ മാസവും ഒരു വിഷയം നൽകി അതിനെ അടിസ്ഥാനമാക്കി ഒരു ഫോട്ടോഗ്രാഫി മത്സരം നടത്താം എന്ന ആശയത്തിന്റെ ആരംഭമായാണ് 2010 ലെ വർഷാന്ത്യ ഫോട്ടോമത്സരം എന്ന പേരിൽ ഒരെണ്ണം അനൌൺസ് ചെയ്തത്. അതിന്റെ പ്രതികരണവും വളരെ നിരാശാജനകമായിരുന്നു എന്ന് രണ്ടുദിവസം മുമ്പ് നമ്മൾ കണ്ടതാണ്. മൂന്നൂറിലേറെ ആളുകൾ അംഗങ്ങളായുള്ള ക്ലബിൽ ലഭിച്ചത് വെറും പത്തിൽ താഴെ എൻ‌ട്രീകൾ. പുതിയ ചിത്രങ്ങൾ ഒന്നും അയച്ചു തരുവാനല്ല ആവശ്യപ്പെട്ടിരുന്നത് എന്നോർക്കുക, പ്രസിദ്ധീകരിച്ച ചിത്രങ്ങളുടെ ലിങ്കുകൾ മാത്രം അയച്ചു തന്നാൽ മതിയായിരുന്നു. എന്നാൽ അതിനുപോലും ഭൂരിഭാഗത്തിനും താല്പര്യമുണ്ടായില്ല എന്നത് വളരെ നിരാശയുളവാക്കുന്നു. ലഭിച്ച ചിത്രങ്ങളുടെ വോട്ടിങ്ങിലും ഈ നിഷ്ക്രിയത പ്രകടമായിരുന്നു. നൂറിൽ പരം ആളുകൾ മാത്രമാണ് ഒരു വോട്ട് രേഖപ്പെടുത്താൻ പോലും തയ്യാറായത്.

തുറന്നു പറയട്ടെ, ഈ രീതിയിൽ നിഷ്ക്രിയരായ ഒരു കൂട്ടം അംഗങ്ങളുമായി ഇങ്ങനെയൊരു ഗ്രൂപ്പ് ബ്ലോഗ് തുടർന്നുപോകാൻ ബുദ്ധിമുട്ടുണ്ട്. ഇന്റർനെറ്റിനുമുന്നിൽ ഒരുപാടു സമയം ചെലവഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഐ.ടി / ഗ്രാഫിക്സ് / ഫോട്ടോഗ്രാഫി മുതലായ മേഖലയികളിലൊന്നുമല്ല  ഞങ്ങൾ രണ്ടുപേരും ചെയ്യുന്നത്. ജോലിസമയത്തിനു ശേഷം കിട്ടുന്ന സമയവും ചുരുക്കം തന്നെ.  ബ്ലോഗിൽ ചെലവഴിക്കാൻ ധാരാളം സമയമുള്ളവർ എന്നു ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്ന ചിലരെയൊക്കെ ഞങ്ങൾ ഈ ബ്ലോഗിന്റെ നടത്തിപ്പിലുള്ള സഹായത്തിനായി സമീപിക്കുകയുണ്ടായി.    ചിലരൊക്കെ  നിസ്സാരകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. എങ്കിലും ഞങ്ങളുടെ  അഭ്യത്ഥനമാനിച്ച് ബിന്ദു കെ.പി., ബിക്കി എന്നീ സുഹൃത്തുക്കൾ  സഹായഹസ്തവുമായി മുമ്പോട്ട് വന്നു. അവരോടുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ. അവരുടെ സഹായസഹരണങ്ങളിലാണ് ആഴ്ചക്കുറിപ്പുകളും വർഷാന്ത്യഫോട്ടോമത്സരവും  കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മുമ്പോട്ട് പോയത്. ഇവരെപ്പോലെ ഏതെങ്കിലുമൊക്കെ പംക്തികൾക്കായി സമയം ചെലവഴിക്കാൻ സാധിക്കുന്നവർ സ്വയമേവ മുന്നോട്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു.

നമ്മുടെ ഇടയിൽ  ഫോട്ടോഗ്രാഫിയെപ്പറ്റി നല്ല പ്രായോഗിക അറിവും, വായിച്ചുള്ള അറിവും എഴുതാനുള്ള കഴിവും ഒക്കെ ഒത്തിണങ്ങിയവർ പലരും ഉണ്ട്. പക്ഷേ പലർക്കും എഴുതാൻ മടിയാണ്, മുമ്പോട്ട് വന്നാൽ ആൾക്കാരുടെ കൈയ്യിൽ നിന്ന് ആവശ്യമില്ലാതെ പഴികേൾക്കുമോ എന്ന പേടിയും. പക്ഷേ ഈ ചിന്തകളുടെയൊന്നും കാര്യമില്ല, ഷെയർ ചെയ്യാനുള്ള മനസ്സാണു വേണ്ടത്. കൊടുക്കുന്തോറും ഏറിവരുന്ന ധനമാണ് അറിവ് എന്നാണല്ലോ പറയാറ്. 

ഈ ഫോട്ടോക്ലബ്ബിൽ എല്ലാ അംഗങ്ങൾക്കും പ്രയോജനകരമാവുന്ന തരത്തിലും എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിലും എന്തൊക്കെ പദ്ധതികൾ ഇനി ആവാം എന്ന കാര്യത്തിൽ എല്ലാവരും അഭിപ്രായങ്ങൾ പറയുവാൻ അഭ്യർത്ഥിക്കുന്നു. ഇതുവരെ തുടങ്ങിയ പംക്തികൾ ഇനി തുടരണോ വേണ്ടയോ എന്നും പറയുക. ഏതായാലും ആഴ്ചക്കുറിപ്പുകൾ തൽക്കാലത്തേക്ക് നിർത്തുവാൻ ഞങ്ങൾ തീരുമാനിച്ചു. ഫോട്ടോഗ്രാഫിയിൽ   പുതുമുഖങ്ങളായവർക്ക് ആവശ്യമായ പല ഐഡിയകളും ഉണ്ടാവും എന്നറിയാം. അവരും അത് ഇവിടെ കമന്റുകളായി എഴുതുവാൻ താല്പര്യപ്പെടുന്നു. അതുപോലെ ഏതെങ്കിലുമൊക്കെ പംക്തികൾ ഏറ്റെടുത്ത് നടത്തുവാൻ സമയവും താല്പര്യവുമുള്ളവർ അതും അറിയിച്ചാൽ വലിയ ഒരു ഉപകാരമായിരുന്നു.  

ഇനി അഥവാ ഭൂരിഭാഗത്തിനും ഇങ്ങനെഒരു ഗ്രൂപ്പ് ബ്ലോഗിനോട് താല്പര്യമില്ല എങ്കിൽ ഈ ബ്ലോഗിനെ ഒരു ഇൻ‌വൈറ്റഡ് ബ്ലോഗ് ആക്കി മാറ്റി, താല്പര്യമുള്ളവർക്കായി  information sharing എന്നരീതിയിൽ മാത്രം മുമ്പോട്ട് കൊണ്ടുപോകാം എന്നാണ് ഞങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. 

ഫോട്ടോക്ലബ്ബ് എന്ന ഈ സംരഭത്തോട് താല്പര്യമുള്ള എല്ലാവരും ഇതിന്റെ ഭാവിപ്രവർത്തനങ്ങൾ എങ്ങനെയാവണം എന്നതിനെപ്പറ്റി ഒരു അഭിപ്രാ‍യം പറയും എന്ന പ്രതീക്ഷയോടെ 

Appu & Prasanth

വർഷാന്ത്യ ഫോട്ടോ മത്സരം - ഫലപ്രഖ്യാപനം

ഫോട്ടോക്ലബ് നടത്തിയ വർഷാന്ത്യ ഫോട്ടോമത്സരത്തിൽ ലഭിച്ച ചുരുക്കം എൻ‌ട്രികൾ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റുകളിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ചിത്രങ്ങളെ വിലയിരുത്തി ഏകദേശം നൂറോളം വായനക്കാർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതായി പോൾ ഗാഡ്ജറ്റിലെ കണക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.

രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ അടിസ്ഥാനത്തിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമായ ചിത്രങ്ങൾ ഓരോ വിഭാഗത്തിലും താഴെപ്പറയുന്നവയാണ്.

NATURE

Photographer : Sids

MACRO PHOTOGRAPHY

Photographer : Noushad P.T

PORTRAIT

Photographer : Kurian K.C

ANIMALS / BIRDS

Photographer : Sunil Gopinath (Jimmy)


FLOWERS

Photographer : Sunil Gopinath (Jimmy)

വിജയികൾക്കും, തെരഞ്ഞെടുപ്പ് നടത്തിയ വായനക്കാർക്കും അഭിനന്ദനങ്ങൾ. നന്ദി.

വർഷാന്ത്യ ഫോട്ടോ മത്സരം - Nature

2010 ൽ ഫോട്ടോബ്ലോഗുകളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ നിന്ന് ഏറ്റവും നല്ല ചിത്രങ്ങൾ തെരഞ്ഞെടുക്കുവാൻ ഒരു സൗഹൃദമത്സരം ഫോട്ടോക്ലബ്ബ് അനൗണ്‍സ്‌ ചെയ്തിരുന്നുവല്ലോ. വളരെ നിരാശാജനകമായ ഒരു പ്രതികരണമാണ്‌ ക്ലബ്‌ അംഗങ്ങളിൽ നിന്നും ഈ മത്സരത്തിനു  ലഭിച്ചത്‌ എന്ന്‍ എടുത്തുപറയട്ടെ.. ഓരോ വിഭാഗത്തിലും വെറും പത്തിൽ താഴെ എന്‍ട്രികള്‍ മാത്രമേ കിട്ടിയിട്ടുള്ളൂ.  പങ്കെടുക്കുവാന്‍ ആര്‍ജ്ജവവും ഉത്സാഹവും കാണിച്ച എല്ലാവരേയും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Nature    Macro   Portraits   Animals & Birds    Flowers 

Nature എന്ന വിഭാഗത്തിലേക്ക്‌ ലഭിച്ച എന്‍ട്രികളാണ്‌ ഈ പോസ്റ്റിൽ ഉള്ളത്‌. മറ്റുള്ള നാലു വിഭാഗങ്ങള്‍ ഇതിനു താഴെയായുള്ള പോസ്റ്റുകളിൽ കാണാം. ഓരോ വിഭാഗത്തിലും  നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായ ചിത്രത്തിനുള്ള വോട്ട്‌ സൈഡ്‌ ബാറിലെ പോൾ ഗാഡ്ജറ്റില്‍ രേഖപ്പെടുത്തുക. 

1. Abdul Saleem


2. sids images


3. Noushad.PT


4. Kurian KC


5. Ashly A K


6. Sunil Gopinath


7. Vimal C


8. Baiju

വർഷാന്ത്യ ഫോട്ടോമത്സരം - Macro Photography

Nature    Macro   Portraits   Animals & Birds    Flowers 

വർഷാന്ത്യഫോട്ടോ മത്സരത്തിൽ "Macro Photography" എന്ന വിഭാഗത്തിലേക്ക്‌ ലഭിച്ച എന്‍ട്രികളാണ്‌ ഈ പോസ്റ്റിൽ ഉള്ളത്‌. മറ്റുള്ള നാലു വിഭാഗങ്ങൾ  ഇതോടൊപ്പമുള്ള പോസ്റ്റുകളിൽ കാണാം. ഓരോ വിഭാഗത്തിലും  നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായ ചിത്രത്തിനുള്ള വോട്ട്‌ സൈഡ്‌ ബാറിലെ പോൾ ഗാഡ്ജറ്റിൽ രേഖപ്പെടുത്തുക.

1. Abdul Saleem


2. Noushad P T


3. Vimal C

വർഷാന്ത്യ ഫോട്ടോമത്സരം- Portraits

Nature    Macro   Portraits   Animals & Birds    Flowers 

വർഷാന്ത്യഫോട്ടോ മത്സരത്തിൽ "Portraits" എന്ന വിഭാഗത്തിലേക്ക്‌ ലഭിച്ച എന്‍ട്രികളാണ്‌ ഈ പോസ്റ്റിൽ ഉള്ളത്‌. മറ്റുള്ള നാലു വിഭാഗങ്ങൾ  ഇതോടൊപ്പമുള്ള പോസ്റ്റുകളിൽ കാണാം. ഓരോ വിഭാഗത്തിലും  നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായ ചിത്രത്തിനുള്ള വോട്ട്‌ സൈഡ്‌ ബാറിലെ പോൾ ഗാഡ്ജറ്റിൽ രേഖപ്പെടുത്തുക.

1. Abdul saleem

2. sids images



3. Noushad P T


4. Kurian K C


5. Ashly A K


6. Mini


7. Sunil Gopinath


8. Vimal C



9. Baiju 

വർഷാന്ത്യ ഫോട്ടോ മത്സരം - Animals and Birds

Nature    Macro   Portraits   Animals & Birds    Flowers 

വർഷാന്ത്യഫോട്ടോ മത്സരത്തിൽ "Animals and birds" എന്ന വിഭാഗത്തിലേക്ക്‌ ലഭിച്ച എന്‍ട്രികളാണ്‌ ഈ പോസ്റ്റിൽ ഉള്ളത്‌. മറ്റുള്ള നാലു വിഭാഗങ്ങൾ  ഇതോടൊപ്പമുള്ള പോസ്റ്റുകളിൽ കാണാം. ഓരോ വിഭാഗത്തിലും  നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായ ചിത്രത്തിനുള്ള വോട്ട്‌ സൈഡ്‌ ബാറിലെ പോൾ ഗാഡ്ജറ്റിൽ രേഖപ്പെടുത്തുക.

1.Jidhu Jose


2. Abdul Saleem


3. Sids Images

4. Noushad P T

5. Ashly A K

6. Mini


7. Sunil Gopinath

8. Vimal C

9. Baiju

വർഷാന്ത്യ ഫോട്ടോ മത്സരം - Flowers

Nature    Macro   Portraits   Animals & Birds    Flowers 

വർഷാന്ത്യഫോട്ടോ മത്സരത്തിൽ "Flowers" എന്ന വിഭാഗത്തിലേക്ക്‌ ലഭിച്ച എന്‍ട്രികളാണ്‌ ഈ പോസ്റ്റിൽ ഉള്ളത്‌. മറ്റുള്ള നാലു വിഭാഗങ്ങൾ  ഇതോടൊപ്പമുള്ള പോസ്റ്റുകളിൽ കാണാം. ഓരോ വിഭാഗത്തിലും  നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായ ചിത്രത്തിനുള്ള വോട്ട്‌ സൈഡ്‌ ബാറിലെ പോൾ ഗാഡ്ജറ്റിൽ രേഖപ്പെടുത്തുക.

1. Jidhu Jose


2. Abdul Saleem


3. Noushad P T


4. Mini


5. Sunil Gopinath


6. Vimal C