This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

ഫോട്ടോഗ്രാഫി മത്സരം - 1

കൂട്ടുകാരേ,

ഫോട്ടോക്ലബ്ബിന്റെ ഇനിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ മാസവും ഓരോ ഫോട്ടോഗ്രാഫി സൌഹൃദ മത്സരം സംഘടിപ്പിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തെ അടിസ്ഥാനമാക്കി ഒരു മത്സരമായിരിക്കും ഓരോ മാസവും നടത്തുന്നത്. ഒരു ജഡ്ജിനെ ആദ്യം തന്നെ തീരുമാനിക്കും. എൻ‌ട്രികൾ സമർപ്പിക്കുവാനുള്ള അവസാനദിവസത്തിനു ശേഷം, അതുവരെലഭിച്ച എൻ‌ട്രികൾ ഫോട്ടോക്ലബ്ബിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഓരോ ചിത്രത്തെപ്പറ്റിയും ജഡ്ജ് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും 1 - 10 വരെ പോയിന്റുകൾ നൽകുകയും ചെയ്യുന്നതാണ്. ക്രിയേറ്റിവിറ്റിക്കായിരിക്കും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുക എന്നകാര്യം മത്സരാർത്ഥികളെ ഓർമ്മിപ്പിക്കട്ടെ. വെറുതേ എടുത്ത പോയിന്റ് ആന്റ് ഷൂട്ട്  രീതിയിലുള്ള ചിത്രങ്ങളേക്കാൾ  (പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൊണ്ട് എടുത്ത എന്ന് തെറ്റിദ്ധരിക്കരുതേ)  വെയിറ്റേജ് ശ്രദ്ധയോടെ എടുത്ത ചിത്രങ്ങൾക്കായിരിക്കും എന്നുസാരം.  വായനക്കാർക്കും കമന്റു വഴി ഇഷ്ടപ്പെട്ട മൂന്നു ചിത്രങ്ങൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ) തെരഞ്ഞെടുക്കാം.  മത്സരാവസാനം ജഡ്ജസ് ചോയിസ് - 1, 2. 3  വായനക്കാരുടെ ചോയിസ് 1, 2, 3 എന്നിങ്ങനെ ഫലപ്രഖ്യാപനം നടത്തും. ഇതൊരു സൌഹൃദ മത്സരമായതിനാൽ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതല്ല !

മാർച്ച് മാസത്തെ മത്സരത്തിനായുള്ള വിഷയം “ചുവപ്പ്” എന്നതാണ്. ചുവപ്പുനിറവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നിങ്ങൾക്ക് അയക്കാം.  ചിത്രങ്ങൾ നിങ്ങളുടെ ഫോട്ടോബ്ലോഗിൽ ഇതിനോടകം പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആവാം (ആദ്യമത്സരത്തിനു മാത്രമാണ് ഈ ഇളവ്, ഇനിയുള്ള മത്സരങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ അനുവദിക്കില്ല).  ചിത്രങ്ങളുടെ സൈസ് കുറഞ്ഞത് 1200 x 800 പിക്സൽ എങ്കിലും ആകുവാൻ ശ്രദ്ധിക്കുക.

POST PROCESSING അടിസ്ഥാനപരമായ ടൂളുകൾ മാത്രമേ പാടുള്ളൂ  - ലെവൽ, ബ്രൈറ്റ്‌നെസ്, നിറങ്ങൾ എന്നിവയുടെ കറക്ഷൻ,  ക്രോപ്പിംഗ് തുടങ്ങിയവ.  ഒറീജിനൽ ചിത്രത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയിലുള്ള പോസ്റ്റ് പ്രോസസിംഗ് ചെയ്ത് ചിത്രങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തുകയില്ല.

അയക്കേണ്ട വിലാസം mlphotoentries@gmail.com. മാർച്ച് മാസത്തിലെ മത്സരത്തിന്റെ ജഡ്ജ് പ്രശാന്ത് ഐരാണിക്കുളം ആയിരിക്കും.  മത്സരം കോർഡിനേറ്റ് ചെയ്യുന്നത് ബിക്കിയും ബിന്ദുവും.

അപ്പോൾ ആരംഭിക്കാം അല്ലേ ..!! എൻ‌ട്രികൾ ലഭിക്കേണ്ട അവസാനതീയതി മാർച്ച് 15. 

ഫോട്ടോഷോപ്പ് പാഠങ്ങള്‍ - 3

മധുസൂദനൻ പേരടി എഴുതുന്ന ഫോട്ടോഷോപ്പ് പാഠം ഇവിടെ.....

ഫോട്ടോഷോപ്പ് പാഠങ്ങൾ പുനരാരംഭിക്കുന്നു

സ്നേഹിതരേ,  

ഫോട്ടോക്ലബ്ബിൽ നമ്മൾ ആരംഭിച്ച് തുടക്കത്തിലേ മുടങ്ങിപ്പോയ ഒരു പംക്തിയുണ്ട് - ഫോട്ടോഷോപ്പ് പാഠങ്ങൾ. ഇത് ഏറ്റെടുത്തുനടത്തുവാൻ ആരെങ്കിലും തയാറുണ്ടോ എന്ന് ‘ഫോട്ടോക്ലബ്ബിന്റെ ഭാവിപ്രവർത്തനങ്ങൾ’ എന്ന പോസ്റ്റിൽ ഞങ്ങൾ ചോദിച്ചതിനു മറുപടിയായി അറിയാവുന്ന ഗ്രാഫിക്സ് വിദഗ്ദ്ധരാരും കടന്നുവന്നില്ല.  എങ്കിൽ ആ പോസ്റ്റിൽ  ‘മധുസൂദനൻ പേരടി‘ എന്ന ബ്ലോഗർ ഞങ്ങളുടെ ഇ-മെയിൽ വിലാസം ആവശ്യപ്പെട്ടുകൊണ്ട് ഒരു കമന്റ് ഇട്ടിരുന്നു. അതിന്റെ മറുപടി അന്വേഷിച്ചു പോയ ഞങ്ങൾക്ക് ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയിരുന്നു. ഫോട്ടോഷോപ്പിന്റെ മുടങ്ങിയ പാഠങ്ങൾ തുടർന്നുനടത്തുവാൻ തയ്യാറായി ഒരു ഗ്രാഫിക്സ് ഡിസൈനർ എത്തിയിരിക്കുന്നു. ഒപ്പം സാമ്പിൾ ആയി അദ്ദേഹം തയ്യാറാക്കിയ ഒരു പാഠഭാഗവും! ബാംഗ്ലൂരിൽ ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്ന മധു, പക്ഷേ ബ്ലോഗിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ കവിതയും കഥയുമാണ്. ഒരു ഫോട്ടോബ്ലോഗ്  അദ്ദേഹത്തിന്റേതായി ബ്ലോഗിൽ ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ ഫ്ലിക്കർ  പേജിൽ അദ്ദേഹം എടുത്ത ഫോട്ടോകൾ നിങ്ങൾക്ക് കാണാം. ലിങ്ക് ഇവിടെ.   പ്രഗത്ഭനായ ഒരു അദ്ധ്യാപകന്റെ രീതിയിലുള്ള ഇദ്ദേഹത്തിന്റെ വിവരണ ശൈലി എല്ലാവർക്കും ഇഷ്ടമാകും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മധുവിനെ ഫോട്ടോക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം അദ്ദേഹം എഴുതുന്ന ഫോട്ടോഷോപ്പ് പാഠങ്ങൾ രണ്ടുദിവസത്തിനുള്ളിൽ    പ്രസിദ്ധീകരിച്ചുതുടങ്ങുന്നതാണ് എന്ന സന്തോഷവാർത്തകൂടി അറിയിക്കട്ടെ. ഫോട്ടോഷോപ്പ് എന്ന പാരാവാരം മുഴുവൻ കുടിച്ചു തീർക്കുവാനുള്ള ഒരു സംരംഭമല്ലിത്. ഇമേജ് എഡിറ്റിംഗിനുവേണ്ടി ഫോട്ടോഷോപ്പിനെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നാണ് പ്രധാനമായും മധു നമുക്ക് കാണിച്ചു തരുന്നത്.  

ആശംസകളോടെ 
അപ്പു & പ്രശാന്ത്

അഭിമുഖം - പുണ്യാളൻ

"Zooming in" അഭിമുഖവേദിയിൽ ഇന്നു നമ്മൾ പരിചയപ്പെടാൻ പോകുന്നത്‌ മലയാളം ഫോട്ടോബ്ലോഗുകളിൽ ഏറെപ്രശസ്തനായ "പുണ്യാളൻ" എന്ന ഫോട്ടോഗ്രാഫറെയാണ്‌. കെമിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്‌ ബിരുദവും, Environmental science ൽ പി.എച്‌.ഡി യും ഉള്ള അദ്ദേഹം ഇപ്പോൾ Middle East ലെ ഒരു പ്രശസ്ത കമ്പനിയുടെ MD പദവിയിൽ ജോലി ചെയ്യുന്നു; ഒപ്പം ഐക്യരാഷ്ടസഭയുടെ enivironmental programme consultant എന്ന ചുമതലയും. സ്വഭാവത്തിലും പെരുമാറ്റത്തിലും വളരെ സാധാരണക്കാരനായ അദ്ദേഹം ആരുമായും വേഗം    സൗഹൃദത്തിലാകുന്ന വ്യക്തിയും സൌഹൃദങ്ങൾക്ക് വളരെയേറേ വിലകൽ‌പ്പിക്കുന്ന ആളുമാണ്. ‘പുണ്യാളൻ ചിത്രങ്ങൾ’ എന്നൊരു ലേബൽ തന്നെ ഒട്ടിച്ചുവയ്ക്കാവുന്ന രീതിയിൽ സ്വന്തമായ പ്രത്യേകതകളോടെ ഫോട്ടോഗ്രാഫി ചെയ്യുന്ന ആളാണദ്ദേഹം. പുണ്യാളനുമായി   . നടത്തിയ ഇന്റർവ്യൂ ഇനി വായിക്കൂ..    


- അപ്പു 


പുണ്യാളൻ മാഷേ, സൂമിംഗ് ഇൻ വേദിയിലേക്ക് സ്വാഗതം. താങ്കൾ ബ്ലോഗിലേക്ക് വന്നിട്ട് കേവലം ഒരു വർഷം ആയതേയുള്ളൂ. അതിനിടെ പുണ്യഭൂമി, ഔട്ട്‌ ഓഫ് ഫോക്കസ്, faces എന്നിങ്ങനെ  മൂന്നുബ്ലോഗുകളിലായി നാനൂറ്റമ്പതിലേറെ ചിത്രങ്ങൾ പബ്ലിഷ് ചെയ്തുകഴിഞ്ഞു ഫോളോവേഴ്സും ആരാധകരും ഒട്ടനവധി! എങ്ങനെകാണുന്നു ഈ സ്ഥിതിവിശേഷത്തെ? ബ്ലോഗ്‌ എന്ന മാധ്യമം വഴി അപ്രതീക്ഷിതമായി  കിട്ടിയ ഈ നേട്ടത്തിൽ പ്രത്യേകമായ സന്തോഷമുണ്ടോ?

തീര്‍ച്ചയായും സന്തോഷമുണ്ട്. കുട്ടിക്കാലത്തെ ഒരു ഗൂഡ സ്വപനത്തിന്റെ സാക്ഷാല്‍ക്കാരം. ഒരു ഫോട്ടോഗ്രാഫര്‍ ആകണം എന്നത് എന്‍റെ സ്വപ്നമായിരുന്നു. സ്വപ്നങ്ങൾ കഠിനപ്രയത്നത്തിൽകൂടി യാഥാർത്ഥ്യങ്ങളാക്കിമാറ്റുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തിയുണ്ടല്ലോ, ഫോട്ടോഗ്രാഫർ എന്നനിലയിൽ അത് വേണ്ടുവോളം ഇപ്പോൾ എനിക്ക് ലഭിക്കുന്നുണ്ട്. ജീവിതം എവിടെയെല്ലാമോ എത്തി നില്‍ക്കുന്നു. ഇപ്പോള്‍ എന്നെ ഒരു ഫോട്ടോഗ്രാഫർ എന്ന് ഒരാൾ സംബോധന ചെയ്യുമ്പോള്‍   “ഡോക്ടര്‍“ എന്ന സംബോധന ആദ്യമായി കേട്ട സുഖം. ആരാധകര്‍ ഉണ്ടോ എന്നനിക്കറിയില്ല. സുഹൃത്തുക്കള്‍ എന്ന വാക്കായിരിക്കും കൂടുതൽ ഉചിതം.

എങ്ങനെയായിരുന്നു ഫോട്ടോ ബ്ലോഗിലേക്കുള്ള വരവ്?

ഫോട്ടോ എടുക്കുക അത് നോക്കിയിരുന്നു സ്വയം സന്തോഷിക്കുക, വളരെ ചുരുക്കം സുഹൃത്തുക്കളുമായി അഭിപ്രായം തേടുക മാത്രമായിരുന്നു ഒരു വര്‍ഷം മുമ്പ് വരെ എന്റെ രീതി. എന്‍റെ ആത്മ സുഹൃത്തും എഞ്ചിനീയറിംഗ് ക്ലാസ്സ്‌ മേറ്റും ബ്ലോഗറും അയ “പാഞ്ചാലി“ എന്‍റെ കുറെ പടങ്ങള്‍ ബ്ലോഗ്ഗില്‍ പബ്ലിഷ് ചെയ്തു. കുറച്ചു നല്ല അഭിപ്രായങ്ങള്‍ കണ്ട പാഞ്ചാലി ആണ് എന്നെ വലിച്ചിഴച്ചു ബ്ലോഗ്ഗില്‍ കയറ്റിയത്. ഒരു ഫോട്ടോബ്ലോഗും ഉണ്ടാക്കിത്തന്നു. ഇപ്പോള്‍ ബ്ലോഗിൽനിന്ന് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്! Addiction! 

ഫോട്ടോഗ്രാഫർമാരിൽ ഏറിയ പങ്കും  നല്ല ചിത്രം എടുക്കാനായി ഒരു സാഹചര്യം ഒത്തുകിട്ടാൻ കണ്ണുംനട്ട് നോക്കിയിരിക്കുമ്പോൾ പുണ്യാളൻ ഒരാഴ്ചയിൽ മൂന്നും നാലും ചിത്രങ്ങൾ ബ്ലോഗിൽ പ്രസിദ്ധീകരിച്ച് എപ്പോഴും മുൻ‌പന്തിയിലാണ്. ഇത്രയധികം ചിത്രങ്ങളുടെ സ്റ്റോക്കിന്റെ രഹസ്യം എന്താണ്? എത്രവർഷമായി ഈ ഫോട്ടോഗ്രാഫി ഒരു പാഷൻ ആയി മാറിയിട്ട്?



ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഈ ഭൂതം എന്നെ പിടികൂടിയത്. ഇപ്പോള്‍ മുപ്പതു വര്‍ഷമായി. ഫിലിമില്‍ എടുത്ത പടങ്ങള്‍ ഇപ്പോഴും കുറെ അധികം വെളിച്ചം കാണാതെ ഉണ്ട്. ഡിജിറ്റല്‍ ക്യാമറയില്‍ എടുത്തതും കുറെ അധികം കൈവശമുണ്ട്. ഇനിയും ദിവസം ഒന്ന് വച്ച് പോസ്റ്റിയാൽ ഒരു രണ്ടു വര്‍ഷം തികക്കാം. അതല്ലാതെ ഞാൻ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ മുഴുവൻ അതാത് ആഴ്ചയിൽ എടുക്കുന്നവയാണെന്നു വിചാരിക്കരുതേ! ഞാൻ ഫോട്ടോബ്ലോഗുകളിൽ വച്ച് മുൻ‌പന്തിയിലാണോ എന്നൊന്നും അറിയില്ല.  കൈവശമുള്ള ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നു, അത്രതന്നെ.

ഫിലിം ക്യാമറമാത്രം നിലവിലുണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണല്ലോ താങ്കൾ ഫോട്ടോഗ്രാഫിയിലേക്ക് കടന്നുവരുന്നത്. അന്നൊക്കെ ഫിലിം റോളുകൾ വാങ്ങാനും ഫോട്ടോ എടുത്ത ശേഷം അവ ഡെവലപ് ചെയ്ഹ് എടുക്കാനുമൊക്കെയുള്ള സൌകര്യങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നോ? എങ്ങനെയായിരുന്നു അന്ന് ഫിലിം പ്രോസസ് ചെയ്തിരുന്നത്?

അന്ന് color പ്രോസിസ്സിംഗ് ഇല്ലാ എന്നു തന്നെ പറയണം. അന്നും 100 ASA ഫിലിം നാട്ടില്‍ കിട്ടുമായിരുന്നു. അതില്‍ കൂടുതല്‍ ലൈറ്റ് സെൻസിറ്റിവിറ്റിയുള്ള ഫിലിം ബോംബെയിൽനിന്നു വരുത്തണം .  പ്രോസസ്സിങ്ങിനും ബോംബെയില്‍ പാര്‍സല്‍ ചെയ്തു കൂടെ മണി ഓര്‍ഡര്‍ അയച്ചു കാത്തിരിക്കണം. ഓരോ post കാര്‍ഡ്‌ സൈസില്‍ എല്ലാം പടങ്ങളും പ്രിന്റായി വരും ഒരു മാസത്തിനു ശേഷം. ഈ പൈസയെല്ലാം മികവാറും വാപ്പയുടെ പോക്കറ്റില്‍ നിന്നു അടിച്ചു മാറ്റിയതാണ്. ഒന്ന് രണ്ടു പ്രാവശ്യം അത്യാവശ്യത്തിനു തല്ലും വാങ്ങികൂട്ടിയിട്ടുണ്ട് ഈ രീതിയിലുള്ള  മോഷണത്തിന്. അതൊക്കെ ഫോട്ടോഗ്രാഫിയെപ്പറ്റിയുള്ള മധുരമുള്ള സ്മരണകൾ!

ഫോട്ടോഗ്രാഫിയിലേക്ക് ഉള്ള സീരിയസ് ആയ കടന്നുവരവ് എന്നായിരുന്നു? ഏതാണ് ആദ്യമായി സ്വന്തമായി വാങ്ങിയ ക്യാമറ.

ഫോട്ടോഗ്രഫിയില്‍ ഞാൻ  സീരിയസ് ആണോ ആവൊ? വളരെ ഇഷ്ടമുള്ള ഒരു ഹോബ്ബിയാണ് എനിക്കത് എന്നതു സത്യം. വളരെ ആസ്വദിച്ച് ചെയ്യുന്ന ഒന്ന്. അതിലും അപ്പുറം ഇതുവരെ ചിന്തിച്ചിട്ടില്ല. എടുക്കുന്ന ചിത്രങ്ങളിൽ പെർഫക്ഷൻ ഉണ്ടാവണം എന്ന് ആഗ്രഹിക്കാറുണ്ട്. അതിനായി എത്ര എഫർട്ട് എടുക്കുന്നതിനും മടിയില്ല.  ആദ്യ ക്യാമറ സ്വന്തം അമ്മാവന്റെ സമ്മാനം. അതും SLR മാമിയ. പണയം വച്ച മാല എടുത്തു വീട്ടില്‍ “പുണ്യാളന്‍“ ആകാന്‍ അന്നത്തെ മുവായിരം രൂപക്ക് വിറ്റു.

ഫോട്ടോഗ്രാഫി കൂടാതെ പല “വട്ടുകൾ” തലയിൽ കൊണ്ടുനടക്കുന്ന ഒരാളാണല്ലോ പുണ്യാളൻ. എന്തൊക്കെയാണ് ഏറ്റവും കൂടുതലായുള്ള “വട്ടുകൾ

അപ്പു മാഷേ, വട്ടിന്റെ നിര്‍വചനം ഒന്ന് പറയാമോ ? ഏത് ലെവല്‍ ആരെ ഉള്ള വട്ടുകള്‍ പുറത്തു പറയാം? ശരി ശരി ! ഡൈവിംഗ്, ഐസ് സ്കീയിംഗ് ഒക്കെ ഇഷ്ടമാണ്, വർഷത്തിലൊരിക്കലെങ്കിലും ഇതിനൊക്കെ ഞാൻ പോകാറുണ്ട്. തികച്ചും പരിചയമില്ലാത്ത സ്ഥലങ്ങളില്‍ എത്തിപ്പെടുക, മഴയത്ത് നനഞ്ഞുകൊണ്ട് നടക്കുക, ഇഷ്ട സുഹൃത്തുമായി ദൂരെ യാത്ര .. അങ്ങനെ അങ്ങനെ പലതരം വട്ടുകൾ! ഇഷ്ടങ്ങൾ! .. പക്ഷെ സ്ഥിരം വട്ടു പടം പിടിത്തവും , സ്വന്തം ഭാര്യയും മകളും മാത്രം .

water diving ഇഷ്ടമാണെന്നു പറഞ്ഞല്ലോ. ടി.വിയിൽ കണ്ടിട്ടുള്ളതല്ലാതെ കടലിനുള്ളിലെ കാഴ്ചകൾ കണ്ടിട്ടുണ്ടാവില്ല നമ്മുടെ വായനക്കാരിൽ അധികം പേരും. അതുകൊണ്ട് ചോദിക്കട്ടെ, ജലക്കാഴ്ചകൾ കരയിലെ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാകുന്നതെ എങ്ങനെയൊക്കെയാണ്? 


നമ്മൾ ഡൈവ് ചെയ്ത് പോകുന്ന ആഴമനുസരിച്ച് രണ്ടുവിധത്തിൽ ഡൈവിംഗിനെ തിരിക്കാം. shallow water and deep water diving. ആഴമുള്ള പ്രദേശങ്ങളിലെ ഡൈവിംഗിന് പ്രത്യേകമായ സ്യൂട്ടുകളും അനുബന്ധ ഉപകരണങ്ങളും മെഡിക്കൽ സപ്പോർട്ടും ആവശ്യമാണ്. എങ്കിലും മനോഹരമായ കാഴ്ചകൾ അവിടെയാണുള്ളത്. ജലാശയത്തിനുള്ളിലെ കാഴ്ചകൾ മാത്രമല്ല നമ്മുടെ ഓരോ ചലനങ്ങൾ പോലും വ്യത്യസ്ഥമാണ്. ഭാരമില്ലാതെ ആയതുപോലെ ഒരു അവസ്ഥ. ഫ്രീയായി എങ്ങോട്ടും മൂവ് ചെയ്യാനുള്ള സ്വാതന്ത്ര്യം... അവിടെയുള്ള നിറങ്ങളും ജീവികളും ലൈറ്റിംഗും എല്ലാമെല്ലാം വ്യത്യസ്ഥം- അതൊക്കെ എഴുതിവിവരിച്ചാൽ യഥാർഥ അനുഭവത്തിന്റെ ഏഴയലത്തുപോലും വരില്ല. നേരിൽ കണ്ട് അനുഭവിച്ച് ആസ്വദിക്കേണ്ട കാഴ്ചകൾതന്നെ. 

അക്കാഴ്ചകൾ അധികമൊന്നും  ക്യാമറയിൽ പകർത്തിയിട്ടില്ലേ? 

Underwater photography ക്ക് ആവശ്യമായ പ്രൊഫഷനൽ കിറ്റുകൾ എന്റെ കൈവശമില്ല. എങ്കിലും അമച്വർ ക്യാമറകളിൽ ചില പോയിന്റ് ആന്റ് ഷൂട്ട് ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഡൈവിംഗ് ആസ്വദിക്കാൻ പോകുമ്പോൾ ഫോട്ടോഗ്രാഫിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തോന്നിയിട്ടില്ല എന്നതാണ് നേര്. 

മനുഷ്യർക്ക് പലതരം ഇന്ററസ്റ്റുകൾ ഉണ്ടെങ്കിലും ബാനറും ചുവരെഴുത്തും എഴുതുന്നത്  ഇഷ്ടപ്പെടുന്നവരെ ഞാൻ അപൂർവമായേ കണ്ടിട്ടുള്ളൂ. താങ്കൾ അക്കൂട്ടത്തിൽ പെട്ട ഒരാളെന്നു കേട്ടു? അക്കഥ ഒന്നു പറയാമോ?

അത് കഥയൊന്നും അല്ല. പഠിക്കുന്ന കാലത്ത് കുറെ സുഹൃത്തുക്കളുമായി ഒരു advertising സ്ഥാപനം നടത്തിയിരുന്നു. അന്ന് ബക്കറ്റ്‌ പിടിച്ചു കുറെ ചുവര്‍ ചിത്രങ്ങളും, ബാനർ, ഹോർഡിംഗ്സ് എഴുത്തും നടത്തിയിരുന്നു. അങ്ങനെ ഒരു ബാനർ എഴുതിക്കൊണ്ടിരുന്നപ്പോഴാണ് അമ്മാവൻ വന്ന് എന്നെ പിടികൂടി എഞ്ചിനീയറിംഗിനു ചേർത്തത്. ഇപ്പോഴും ഒരു അവസരം കിട്ടിയാല്‍ ചുവരെഴുത്ത് ഇഷ്ടമാണ്. 

എവിടെയായിരുന്നു സ്കൂൾ, ഉപരി വിദ്യാഭ്യാസ പഠനം എന്നിവ? അതുപോലെ  എഞ്ചിനീയറിംഗ് പഠനം ഏതു കോളജിൽ ആയിരുന്നു?

എഞ്ചിനീയറിംഗ് ബിരുദം വരെ കൊല്ലം. പഠിക്കാന്‍ മിടുക്കനായത് കൊണ്ട് നാലു വര്‍ഷത്തെ പഠനം അഞ്ചു വര്‍ഷം എടുത്തു. പിന്നെ ജോലി തെണ്ടല്‍ ദുബൈയില്‍. പിന്നെ ഒരു PG Diploma in Environmental engineering. അവസാനം Persistant toxic substance - heavy metal accumilation ല്‍‌ ഒരു Phd.

എപ്പോഴും എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കണം എന്ന താല്പര്യമുള്ള ആളാണോ? പി.എച്.ഡി എടുക്കുവാനുള്ള പ്രചോദനം എന്തായിരുന്നു?

എന്തെങ്കിലും ഒക്കെ അറിയണമെന്ന് താല്പര്യം ഇപ്പോഴും ഉണ്ട്. പി എച് ഡി പ്രചോദനം ഒരു വല്യ കഥയാണ്. UN ൽ കയറിപ്പറ്റാന്‍ കുറെ ശ്രമം നടത്തി. ഫലം വിഫലം. രണ്ടു പ്രോജക്റ്റുകളിൽ വളരെ കാര്യമായി കുറെ പരിസ്ഥിതി scientist മായി ഇടപെടാന്‍ അവസരം കിട്ടി. അതില്‍  സൌത്ത് ആഫ്രിക്കക്കാരനായ ജാക്ക് എന്ന പരിസ്ഥിതി ശാസ്ത്രജ്ഞനാണ് എന്നെ പി.എച്.ഡി എടുക്കുവാൻ പ്രേരിപ്പിച്ചത്.

ജീവിതത്തിൽ ഏറ്റവും ആഗ്രഹിക്കുന്നതും എന്നാൽ സമയ ചുരുക്കത്തിൽ സാധിക്കാത്തതുമായ കാര്യം എന്തെങ്കിലും ഉണ്ടോ?

എന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒന്നും ഈ സമയം പോരെന്നു ഞാന്‍ പറയില്ല. എല്ലാത്തിനും സമയം കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. I aways feel that i am verb than a nown. ജീവിതത്തില്‍ ഒരു നിമിഷം പോലും വിരസമായി തോന്നിയിട്ടില്ല. ഒന്നെല്ലെകില്‍ മറ്റൊന്ന് എപ്പോഴും ചെയ്യാനുണ്ട്.  ഇനിയും കുറേയേറേ സ്ഥലങ്ങളിൽ കൂടി യാത്ര ചെയ്യണമെന്നു ആഗ്രഹം ഉണ്ട് .

ലോകത്തെ ഒരുപാടു രാജ്യങ്ങളിലൊക്കെ യാത്രപോയിട്ടുള്ള ആളാണല്ലോ താങ്കൾ. അതുകൊണ്ടു തന്നെ ഏതൊക്കെ രാജ്യങ്ങളിൽ പോയിട്ടുണ്ട് എന്നു ചോദിക്കുന്നതിനേക്കാൾ ഇനി പോകാൻ ആഗ്രഹമുള്ള രാജ്യങ്ങൾ ഏതൊക്കെയാണ് എന്നു ചോദിച്ചോട്ടെ! എന്തുകൊണ്ടാണ് ആ സ്ഥലങ്ങളെ ഇഷ്ടപ്പെടുന്നത്? 

ഭാഗ്യംകൊണ്ടും ജോലിയുടെ ഭാഗമായും ഒട്ടനവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും പലവിധ ആൾക്കാരുമായും സഹകരിക്കാനുമുള്ള അവസരം കിട്ടി. ഒരുപാടുയാത്രകൾ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും ജോലി, കുടുംബം മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവമൂലം ഒരു സമ്പൂർണ്ണയാത്രക്കാരനായി മാറാൻ എനിക്ക് സാധിക്കുന്നില്ല ! ഇനിയും സന്ദർശിക്കാൻ ആഗ്രഹമുള്ള രാജ്യങ്ങൾ ഏതൊക്കെ എന്നു ചോദിച്ചാൽ.... സൈബീരിയയിൽ ഒന്നുകൂടി പോകണം എന്നുണ്ട്. സൈബീരിയൻ പ്രദേശത്തിന്റെ ഒരറ്റമായ “വ്ലാഡിവോസ്ക” എന്ന സ്ഥലം വരെ പോകാൻ എനിക്ക് അവസരമുണ്ടായി. അപ്പുമാഷേ, ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ആളുകളുടെ സംസ്കാരിക വൈവിധ്യവും കണ്ട് ഞാൻ അതിശയിച്ചുപോയി.  പോകണം എന്നാഗ്രഹമുള്ള മറ്റൊരു രാജ്യം ബ്രസീൽ ആണ്. മനോഹരമായ ബീച്ചുകൾ, സുന്ദരികളായ യുവതികൾ  :-) ഇതൊക്കെയുള്ള ഒരു രാജ്യം. ഭൂപ്രകൃതിയാൽ അനുഗൃഹീതമായ ഒട്ടനവധി സ്ഥലങ്ങളും ബ്രസീലിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ തീർച്ചയായും ഫോട്ടോഗ്രാഫിക്കുള്ള സ്കോപ്പും ഇഷ്ടം പോലെയുണ്ടാവുമല്ലോ. 

ഇതുവരെ സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളിൽ പ്രകൃതി രമണീയതയാൽ ഏറ്റവും അനുഗ്രഹീതമായ സ്ഥലം ഏതാണെന്നാണ് താങ്കൾക്ക് തോന്നിയിട്ടുള്ളത്?   

ലോകത്തെ എല്ല്ലാ രാജ്യങ്ങളും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രകൃതിഅനുഗ്രഹിച്ചതുതന്നെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം നമ്മുടെ നാട് - ഇന്ത്യ, അതിൽ പ്രത്യേകിച്ച് കേരളം തന്നെയാണ്. മുറ്റത്തെ മുല്ലക്ക് മണം ഇല്ലെന്നു ആരാ പറഞ്ഞത്?


ഒന്നുകൂടി വിശദമായി പറയൂ മാഷേ, ഇത്രയും യാത്രകൾ ചെയ്തിട്ടുള്ള താങ്കളിൽ നിന്ന് അത് കേൾക്കുവാൻ വായനക്കാർക്കും താല്പര്യമുണ്ടാവും. 

പറയാം. ഉദാഹരണത്തിന് യൂറോപ്യൻ രാജ്യങ്ങൾ നോക്കൂ, സ്വിറ്റ്സർലന്റ് പോലെയുള്ള രാജ്യങ്ങൾ അവയുടെ ലാന്റ്‌സ്കേപ്പിന്റെ ഭംഗിയിൽ പ്രശസ്തമാണ്. തായ്ലന്റ് അതിന്റെ മനോഹരമായ കടൽത്തീരങ്ങളാൽ സമ്പന്നമാണ്. നേപ്പാളിന്റെ ഭംഗി അവിടുത്തെ മഞ്ഞുമൂടിയ മലനിരകളിലാണ്.  വെനീസിന്റെ പ്രശസ്തി അവിടുത്തെ backwaters ആണ്. യെമന്റെ ഭംഗി അവിടുത്തെ പൌരാണികതയിലാണ്. ഇങ്ങനെനോക്കിയാൽ ഓരോ രാജ്യങ്ങൾക്കും സ്ഥലങ്ങൾക്കും അവയുടെസ്വന്തമായ ഒരു പ്രത്യേകതയുണ്ടെന്ന് കാണാം. എന്നാൽ ഇന്ത്യയുടെ കാര്യം നോക്കൂ ഇതെല്ലാം ഒരൊറ്റ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നമുക്ക് കാണാം. കേരളം എന്താ മോശമാണോ, നല്ല കടൽത്തീരങ്ങൾ, മനോഹരമായ നദികളും കായലുകളും, പച്ചനിറഞ്ഞ മലനിരകൾ, ചരിത്രപ്രാധാന്യമുള്ള ഒട്ടനവധി പ്രദേശങ്ങൾ!  


ലോകത്തിന്റെ മറ്റൊരു ഭാഗത്തിനും ഇത്രയധികം വ്യത്യസ്തകളെ പ്രകൃതികനിഞ്ഞുകൊടുത്തിട്ടില്ല എന്നാണെന്റെ അഭിപ്രായം.  ബാക്കിരാജ്യങ്ങൾക്കൊക്കെ അഭിമാനം കൊള്ളാൻ ഒന്നോരണ്ടോ കാര്യങ്ങളുള്ളപ്പോൾ നമ്മുടെ കൈനിറയെ കാര്യങ്ങളാണ് പ്രകൃതി തന്നിരിക്കുന്നത്.   പക്ഷേ ദുഃഖകരമെന്നു പറയട്ടെ, നമ്മളിൽ എത്രപേർ ഇതുമനസ്സിലാക്കുന്നുണ്ട്? കേരളത്തിന്റെ ഓരോ മുക്കും മൂലയും ജെ.സി.ബികൾ തച്ചുടയ്ക്കുമ്പോൾ ശരിക്കും മനസുവിങ്ങുന്നു. പൊതുസ്ഥലങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമൊക്കെ ശുചിയായി സൂക്ഷിക്കാനും നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. 


ഫോട്ടോഗ്രാഫി എന്ന ഒരൊറ്റ ഉദ്ദേശത്തിൽ കഴിഞ്ഞവർഷം താങ്കൾ വർഷം ഒരു യമൻ യാത്ര നടത്തുകയുണ്ടായല്ലോ.എന്താണ് യമനിനെ ഫോട്ടോഗ്രാഫിയിൽ പ്രത്യേകതയുള്ളതാക്കുന്നത്?

ഫോട്ടോഗ്രാഫി എന്നെ സംബന്ധിച്ചത്തോളം ഒരു സീരിയസ് കാര്യമായതിനാൽ ഒഫീഷ്യൽ ടൂറുകളോ ഫാമിലി ട്രിപ്പുകളോ ഫോട്ടോഗ്രാഫിക്കായുള്ള അവസരമായി ഞാൻ മാറ്റാറില്ല. അങ്ങനെ ചെയ്താൽ കൂടുതൽ ബുദ്ധിമുട്ടുകളേ അതുണ്ടാക്കൂ. യമന്റെ ഒരു പ്രത്യേകത എന്താണെന്നുവച്ചാൽ, പൌരാണികതയും ജീവിതത്തിന്റെ വെവ്വേറേ ഭാവങ്ങളും ഇടചേർന്നുകിടക്കുന്ന ഒരു സ്ഥലമാണത്. യമന്റെ ചില ഏരിയകളിൽ ചെന്നുപെട്ടാൽ നമ്മളൊരു നാനൂറുവർഷം പിന്നിലേക്ക് സഞ്ചരിച്ചു എന്നുതോന്നിപ്പോകും. അത്രയ്ക്കുണ്ട് അവിടുത്തെ കാഴ്ചകൾ.


ഫോട്ടോഷൂട്ടിനായി വർഷത്തിൽ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു രാജ്യം ഞാൻ സന്ദർശിക്കാറുണ്ട്. കഴിഞ്ഞവർഷം അത് യമനിലേക്ക് ആക്കിയെന്നുമാത്രം. അധികാരികളുടെ പെർമിഷനും സെക്യൂരിറ്റിയും വാങ്ങിയാണ് പോയത്. അതുകൊണ്ട് ആ യാത്രയിൽ തടികേടാകാതെ ഇഷ്ടം പോലെ നല്ല ചിത്രങ്ങളെടുത്തു പോരാൻ സാധിച്ചു. അവയിൽ ഒരുപാടു ചിത്രങ്ങൾ ഞാൻ ഇതിനോടകം എന്റെ ഫോട്ടോബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 

മലയാളം ഫോട്ടോബ്ലോഗുകളിൽ “മുഖങ്ങൾ” (faces) എന്നൊരു പ്രത്യേക വിഭാഗം തന്നെ കൊണ്ടുവരുവാൻ താങ്കൾക്ക് കഴിഞ്ഞു. മനുഷ്യരുടെ മുഖഭാവങ്ങൾ പകർത്തുന്നതിൽ ഒരു പ്രത്യേക വൈദഗ്ദ്ധ്യം തന്നെ താങ്കൾക്ക് ഉണ്ടുതാ‍നും. എങ്ങനെയാണ് ഇത്രയും ഫലപ്രദമായി മോഡലുകളുമായി സംവദിക്കുവാൻ താകൾക്ക് സാധിക്കുന്നത്? ഒരു അപരിചിതന്റെ ഫോട്ടോ എടുക്കുന്നതിലും, അവരൊട് അതിനുള്ള അനുവാദം ചോദിക്കുന്നതിലും വളരെ ചമ്മലുള്ള ആളുകളാണ് ഞങ്ങളിൽ പലരും എന്നതിനാലാണ് ഈ ചോദ്യം.

അപരിചിതരുടെ മുഖങ്ങൾ, അല്ലെങ്കിൽ പോർട്രെയ്റ്റ്സ് ഷൂട്ട് ചെയ്യുന്നതിൽ പ്രത്യേകിച്ച് മാജിക് ട്രിക്സ് ഒന്നുമില്ല മാഷേ! ഒരാളെ കണ്ടു പരിചയപ്പെട്ടുകഴിഞ്ഞാൽ അവരുടെ മുഖത്തെ ഭാവം മനസിൽ വായിച്ചുപഠിച്ചുകൊണ്ട് അല്പനേരം നിൽക്കൂ. അതിനുശേഷം അവർ camera conscious അല്ലാതെയിരിക്കുന്ന അവസരം ഒത്തുവരുമ്പോൾ അങ്ങോട്ട് പടം എടുക്കുക, അതാണു ഞാൻ ചെയ്യാറുള്ളത്. പക്ഷേ ഒരുകാര്യമുണ്ട്, ഞാൻ ഏത് അപരിചിതരെ കണ്ടാലും അങ്ങോട്ട് കയറിച്ചെന്നു വർത്തമാനം പറയും, കഴിവതും വേഗം ലോഹ്യത്തിലാകും. “തൊലിക്കട്ടി” എന്നതു വളരെ ആവശ്യമായ ഒരു കാര്യമാണിവിടെ എന്നു സമ്മതിക്കുന്നു. പക്ഷേ അതില്ലാതെ പറ്റില്ല. you might fail in getting the permission to shoot, but i get it mostly with a pleasant smile.

നമിച്ചു ഗുരോ...:-) ഞങ്ങൾ ശ്രമിക്കാം.  ആണുങ്ങളും പെണ്ണുങ്ങളുമായി ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരു വ്യക്തിയാണല്ലോ താങ്കൾ. വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ പുണ്യാളന് ഒരു പ്രത്യേക കഴിവുതന്നെയുണ്ട് എന്ന് അനുഭവത്തിൽ നിന്ന് അറിയാം. സുഹൃദ് സംഗമങ്ങളൊക്കെ നടത്താറുണ്ടൊ?

തീർച്ചയായും, എന്റെ ജീവിതത്തിൽ വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നതിനു ഞാൻ പ്രത്യേക പ്രാധാന്യം കൊടുത്തിട്ടുണ്ട്.   i value relations a lot. അതുതന്നെയാണ് എന്റെ ജീവിതത്തെ ഏറ്റവും ദൃഢമാക്കിയിട്ടുള്ളതും എന്നു ഞാൻ കരുതുന്നു എല്ലാവർഷവും ഞങ്ങൾ എഞ്ചിനീയറിംഗ് ക്ലാസ്‌മേറ്റ്സ് എല്ലാവരും ഫാമിലികളോടൊപ്പം ഒരവധിക്കാലത്തെ രണ്ടോ മൂന്നോ ദിവസങ്ങൾ ഏതെങ്കിലും റിസോർട്ടുകളിൽ കഴിയാറുണ്ട്. മലയാളികൾ മാത്രം ഒതുങ്ങിനിൽക്കുന്നില്ല എന്റെ സുഹൃദ്‌വലയം, പലനാട്ടുകാ‍ർ, വ്യത്യസ്ത സംസ്കാ‍രമുള്ളവർ അങ്ങനെ വലിയ ഒരു സമ്പത്തിനുടമായാണ് ഞാൻ എന്നുപറയാം. 

താങ്കളുടെ പല ചിത്രങ്ങളിലും സുഹൃത്തുക്കൾ മോഡലുകളായി ‘വിളിപ്പുറത്ത്’ നിൽക്കുന്നത് കണ്ട് അതിശയിച്ചു പോയിട്ടുണ്ട്. ഫോട്ടോഗ്രാഫി ഒരു പാഷനായി കൊണ്ടുനടക്കുന്നവരാണോ അവരും?

ചിലരൊക്കെ ഫോട്ടോഗ്രാഫർമാരാണ്. അല്ലാതെയുള്ളവരാണ് കൂടുതൽ. എങ്കിലും ഏതെങ്കിലും ഒരു ചിത്രത്തിൽ മോഡലാവാൻ വിളിച്ചാൽ വരാൻ തയ്യാറാണ് മിക്കവരും.


ഫ്രെയിമുകളിൽ ഒരു “ലൈഫ് സിറ്റുവേഷൻ” കൊണ്ടുവരുക എന്നതിന്റെ പ്രയോജനം താങ്കളുടെ ചിത്രങ്ങളിൽ കൂടി വളരെ വ്യക്തമായി മനസ്സിലായിട്ടുണ്ട്. ഫോട്ടോഗ്രാഫി പഠിക്കുന്ന എല്ലാവരും കണ്ടുമനസ്സിലാക്കേണ്ട ഒരു കാര്യമാണ് ഇതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ഫ്രെയിമിൽ ഒരു മനുഷ്യനെ ഉൾപ്പെടുത്തുമ്പോൾ എന്തൊക്കെ മെച്ചങ്ങളാണ് ആ ഫ്രെയിമിനു ഉണ്ടാവുന്നത്?

ആസ്വാദകനുമായി ഒരു ഫോട്ടോഗ്രാഫിനു ഏറ്റവും നന്നായി സംവദിക്കാനാവുന്നത് ഒരു ഫ്രെയിമിൽ  ഒരു ജീവിതസന്ദർഭം ഒത്തുചേരുമ്പോഴാണ്. പ്രത്യേകിച്ചും ലാന്റ്സ്കേപ്പുകൾ  തുടങ്ങിയവയിൽ. ഫ്രെയിമിലെ ലൈഫ് സിറ്റുവേഷൻ ഒരു മൂഡ് അതിൽ സ്വാഭാവികമായും ചേർക്കുന്നു. അതാണ് അതിന്റെ മെച്ചം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഒരേ ചിത്രം തന്നെ ഒരു ലൈഫ് സിറ്റുവേഷനോടുകൂടിയും അല്ലാതെയും നോക്കൂ. കോടമഞ്ഞ് അടിച്ചു തണുത്തു നിൽക്കുന്ന ഒരു താഴ്വാരം ആണെന്നിരിക്കട്ടെ, ആദ്യ ചിത്രത്തിൽ താഴ്വരമാത്രം. രണ്ടാമത്തേതിൽ അതേ താഴ്വരയിൽ  ഒരു കമ്പിളിപ്പുതപ്പുമായി നടക്കുന്ന ഒരു വൃദ്ധൻ, മൂന്നാമത് അതേ സിറ്റുവേഷനിൽ ആടിപ്പാടി നടക്കുന്ന യുവതിയും യുവാവും. ഇവയിൽ ഓരോന്നിന്റെയും മൂഡ് എത്രവ്യത്യസ്തമാണെന്ന് പറയാതെ അറിയാമല്ലോ. ആദ്യ ചിത്രത്തിനു തന്നെ ഒരു ജീവനില്ല എന്നു  തോന്നുന്നില്ലേ! അതാണ് അതിന്റെയൊരു യിത്...! 


ചുരുക്കത്തിൽ മിക്കവാറും ഫ്രെയിമുകളിൽ  ഒരു പുരുഷൻ /സ്ത്രീ / ജീവി ഒരു ഫ്രെയിമിൽ വരുന്നതുവരെ താങ്കൾ കാത്തിരിക്കാറുണ്ടാവുമല്ലോ.  പെരിസ്ട്രോയിക്ക എന്ന ചിത്രത്തിന്റെ പിന്നിലെ കഥ ഒന്നു ചുരുക്കി പറയാമോ?

ശരിയാണ്. ഒരു ലൈഫ് സിറ്റുവേഷൻ കിട്ടുന്നതുവരെ ഞാൻ ഫ്രെയിം കമ്പോസ് ചെയ്ത് കാത്തിരിക്കാറുണ്ട്. ഇതുപോലെ കാത്തിരുന്ന ഒരു സന്ദർഭം “കഥപറയുന്ന ചിത്രങ്ങൾ“ എന്ന പംക്തിയിൽ ഞാൻ ഈയിടെ എഴുതിയിരുന്നല്ലോ. പെരിസ്ട്രോയിക്ക എന്ന ചിത്രം എടുത്ത സന്ദർഭം പറയാം. വീണുപോയ ഒരു ചുവന്നകൊടി കടൽത്തീരത്തു കിടക്കുന്നതുകണ്ടപ്പോൾ പെരിസ്ട്രോയിക്ക എന്ന തീമിനു ഇണങ്ങുന്ന നല്ല ഒരു ഫ്രെയിം ആയിരിക്കുമല്ലോ എന്നുകരുതി അല്പം ഉയർന്ന പെർസ്പെക്റ്റീവിൽ ഞാൻ ഒന്നുരണ്ട് ഫോട്ടോകൾ എടുത്തു. പക്ഷേ എന്തോ ഒരു കുറവ്. അതുവഴി നടന്നുപോകുന്ന ഒരു റഷ്യൻ പെൺകുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു, പക്ഷേ അടുത്തെങ്ങും ഒരു മനുഷ്യജീവിയെപ്പോലും കാണുന്നില്ല. അങ്ങനെ നിരാശപ്പെട്ട് ക്യാമറയും ട്രൈപ്പോടും എല്ലാം പായ്ക്ക്ചെയ്ത് പോകാനിറങ്ങി, അടുത്തുതന്നെ കണ്ട ഒരു പബ്ബിൽ കയറി ഒരു ബിയർ കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് തേടിയവള്ളി കാലിൽ ചുറ്റിയിരിക്കുന്നതു കണ്ടത്. അടുത്ത ടേബിളിൽ ബിയറും കഴിച്ചുകൊണ്ട് ഒരു റഷ്യക്കാരി ഇരിക്കുന്നു! താമസിച്ചില്ല, പരിചയപ്പെട്ടു, ഒരു ബിയറു കൂടി ഓഡർ ചെയ്തു. അല്പസമയം കഴിഞ്ഞ് ഇങ്ങനെ ഒരു ഫ്രെയിം എന്റെ മനസിലുണ്ട് എന്നും അറിയിച്ചു. മടിയൊന്നുകൂടാതെ അവർ ഞാൻ പറഞ്ഞ രീതിയിൽ തന്നെ ബീച്ചിൽ കൊടിയുടെ അടുത്തുകൂടി നടന്നുതന്നു..  മൂന്നുബോട്ടിൽ ബിയർ പോയാലെന്താ, ഉദ്ദേശിച്ചതുപോലെ ഫ്രെയിം കിട്ടിയല്ലോ.. :-) 

താങ്കളുടെ ചിത്രങ്ങളിൽ പോയിന്റ് ആന്റ് ഷൂട്ട് എന്ന് എടുത്തവ വളരെ കുറവാണ്. വളരെ ശ്രദ്ധയോടെ കാത്തിരുന്ന കമ്പോസ് ചെയ്ത് എടുത്തവയാണ് മിക്കവാറും ചിത്രങ്ങൾ. ഈ അർപ്പണമനോഭാവം തന്നെയല്ലേ പുണ്യാളചിത്രങ്ങളുടെ വിജയവും?

തീർച്ചയായും. നല്ല ഫോട്ടോഗ്രാഫുകൾ എടുക്കണം എന്നാഗ്രഹിക്കുന്ന ആരും ഇതൊക്കെ ചെയ്യും, അല്ലെങ്കിൽ ചെയ്യണം എന്നു ഞാൻ പറയും. ഫ്രെയിം നമ്മൾ ആദ്യമേ മനസിൽ പ്ലാൻ ചെയ്യണം, നല്ല ലൈറ്റിനുവേണ്ടി കാത്തിരിക്കണം, ഇതിനുവേണ്ടി ചിലപ്പോൾ വെളുപ്പിനെ എഴുനേൽക്കുകയും ലൊക്കേഷനിലെത്തി പ്രഭാതത്തിനായി കാത്തിരിക്കുകയുമൊക്കെ വേണ്ടിവന്നേക്കും. ചിലപ്പോൾ അതും പോരാ,  ഫ്രെയിമിൽ ഒരു ആക്ഷൻ ഒത്തുകിട്ടാനായി കാത്തിരിക്കണം.  എപ്പോഴും ഉദ്ദേശിക്കുന്ന റിസൽട്ട് കിട്ടണം എന്നില്ല. നദിയിൽ ചൂണ്ടയിട്ട് കാത്തിരിക്കുന്ന ഒരു മനുഷ്യനെപ്പോലെ കാത്തുകാത്തിരുന്നു കിട്ടുന്നതാണ് ഒരോ നല്ല ചിത്രവും. 

മുഖങ്ങൾ” എന്ന വിഭാഗത്തിൽ പെടുത്താവുന്ന ചിത്രങ്ങളല്ലാതെ പ്ലാൻ ചെയ്ത് എടുക്കുന്ന ഫോട്ടോഗ്രാഫുകൾ (പോർട്രെയ്റ്റുകളിലും) താങ്കൾ വളരെ വിദഗ്ധനാണ്. ആളുകളെ നന്നായി പോസ് ചെയ്യിക്കുക എന്ന ഈ ആർട്ട് എങ്ങനെയാണ് സായത്തമാക്കാൻ ആവുന്നത് എന്നു പറയാമോ? 

ഇത് ഫോട്ടോയെടുത്ത് പരിചയത്തിൽക്കൂടി ക്രമേണ ഡവലപ് ചെയ്ത് എടുക്കേണ്ട ഒരു കഴിവാണ്. ഒരു മുഖം കണ്ടാൽ ഏതൊക്കെ പോസുകളിലാണ് അവരുടെ സൌന്ദര്യം ഏറ്റവും ഭംഗിയായി ഒരു ദ്വിമാന പ്രതലത്തിൽ കൊണ്ടുവരാനാവുക എന്നത് നിരീക്ഷണത്തിൽ കൂടീ മനസ്സിലാക്കാം. അതിനനുസരിച്ച് പോസ് ചെയ്യിക്കുക. വിദേശികളായ രണ്ടു പ്രൊഫഷനൽ ഫോട്ടോഗ്രാഫർമാർ എനിക്ക് സുഹൃത്തുക്കളായുണ്ട്. അവരോടൊപ്പം ഒന്നു രണ്ടു ഫോട്ടോഷൂട്ടുകളിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ കിട്ടിയ അനുഭവ പാഠങ്ങളും എന്നെ ഇതിൽ സഹായിച്ചിട്ടുണ്ട്.



ഇപ്പോൾ ഉപയോഗിക്കുന്ന ക്യാമറകൾ, ലെൻസുകൾ, ആക്സസറീസ്?

കഴിഞ്ഞ പന്ത്രണ്ടുകൊല്ലാമായി ഞാനൊരു നിക്കോൺ ഫാൻ ആണ്.  12 to 500 mm few lenses and 3 നിക്കോൺ ബോഡികളും ഉണ്ട്. 

അവസാനമായി ഒരു ചോദ്യംകൂടി.   താങ്കൾ ശരിക്കും ഒരു പുണ്യാളനാണോ :-) എന്താണ് ഇങ്ങനെയൊരു ബ്ലോഗ് ഐഡിയുടെ പിന്നിലെ രഹസ്യം?


തീർച്ചയായും ഞാനും ഒരു പുണ്യാളനാണ്, നൂറു ശതമാനത്തിലെത്താൻ ഇനിയും ഒരു 99.99% കൂടി പുണ്യാളനാവാനുണ്ട് എന്നുമാത്രം :-) ഒരു ഫോട്ടോഗ്രാഫർ എന്ന എന്റെ ഇന്റർനെറ്റ് ബേയ്സ്ഡ്  ഐഡന്റിറ്റിയെ എന്റെ യഥാർത്ഥ ഐഡന്റിറ്റിയുമായി ചേർത്തുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നേയുള്ളൂ.  it may influence my personal life and relations with my friends.  അതുകൊണ്ടു നിങ്ങളുടെയൊക്കെ ഇടയിൽ ഒരു പാവം പുണ്യാളനായി ഞാൻ കഴിഞ്ഞോളാം..... :-) ബ്ലോഗ് വഴിയുണ്ടായ ഈ സൌഹൃദങ്ങൾക്കെല്ലാം നന്ദി. 

പുണ്യാളൻ മാഷേ, വളരെ നന്ദി ഇത്രയും കാര്യങ്ങൾ പങ്കുവച്ചതിന്. ഇനിയും താങ്കളുടെ ഫോട്ടോബ്ലോഗുകളിൽ കൂടി വളരെ വളരെ നല്ല ചിത്രങ്ങൾ കാണുവാനും, അതുവഴി ഒത്തിരികാര്യങ്ങൾ പഠിക്കുവാനും ആഗ്രഹിക്കുന്നു. ഒരിക്കൽകൂടി  നന്ദി ആശംസകൾ. 

ഫോട്ടോ ക്രിട്ടിക് ബ്ലോഗ്

ഫോട്ടോക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ അംഗങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി, സ്വന്തം ചിത്രങ്ങൾക്ക് ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്നവർക്കായി ഒരു ഫോട്ടോക്രിട്ടിക് വിഭാഗം ആരംഭിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫിയിൽ നവാഗതരായവർക്ക് ഇത് വളരെയേറെ പ്രയോജനപ്പെടും എന്നു വിശ്വസിക്കുന്നു. ആ ബ്ലോഗിലേക്കുള്ള ലിങ്ക് ഈ ബ്ലോഗിന്റെ മെനുബാറിൽ ചേർത്തിട്ടുണ്ട്. 

ക്യാപ്റ്റൻ ഹാഡോക് (ആഷ്‌ലി) യാണ്  ഈ പംക്തി coordinate ചെയ്യുന്നത് . ആദ്യ അദ്ധ്യായം ഇന്ന് ആരംഭിച്ചു. ലിങ്ക് ഇവിടെ.   ഓരോ ആഴ്ചയിലും മലയാളത്തിലെ ഫോട്ടോബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളുടെ ഉടമകൾ ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്നു എങ്കിൽ ആ പോസ്റ്റിന്റെ ലിങ്ക്, ചിത്രത്തിന്റെ URL എന്നിവ ഫോട്ടോക്ലബ്ബിനു അയച്ചു തരിക. അയക്കേണ്ട വിലാസം mlphotocritic@gmail.com. ക്ലബ് അംഗങ്ങൾ അയച്ചു തരുന്ന ചിത്രങ്ങളല്ലാതെ, ഫോട്ടോക്ലബ് സ്വയം ഒരു ചിത്രവും ഈ പംക്തിയിലേക്ക് തെരഞ്ഞെടുക്കുന്നതല്ല. 

ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങൾ ഒരു പോസ്റ്റായി പ്രസിദ്ധീകരിക്കുകയും ഒപ്പം ഫോട്ടോക്ലബ് റിവ്യൂ ടീം കമന്റുകൾ നൽകുകയും ചെയ്യൂം. വായനക്കാർക്കും ഏതു ചിത്രത്തേയും അവലോകനം ചെയ്യാം. ഇതിലേക്ക് ചിത്രങ്ങൾ അയച്ചുതരുന്നവർക്കായി ഒരു ചെറിയ കണ്ടീഷൻ ഉണ്ട്. ചിത്രങ്ങൾ ക്രിട്ടിക് കമന്റിനായി അയച്ചൂ തരുന്ന ഓരോ ഫോട്ടോഗ്രാഫറും, കുറഞ്ഞത് അതേ പോസ്റ്റിലെ മറ്റു   രണ്ടു ചിത്രങ്ങളെപ്പറ്റിയെങ്കിലും അഭിപ്രായം നിർബന്ധമായും പറയണം (കിടിലം, ഗംഭീരം എന്നിങ്ങനെ അല്ല; എന്തുകൊണ്ട് ഒരു ചിത്രം ഇഷ്ടമായി അല്ലെങ്കിൽ ആയില്ല എന്ന വിവരങ്ങളാണ് കമന്റിൽ വേണ്ടത്). കമന്റുകൾ പറയാത്തവരുടെ ചിത്രങ്ങൾ  അടുത്ത ക്രിട്ടിക് പോസ്റ്റുകളിൽ പരിഗണിക്കുന്നതല്ല. 

കൂടുതൽ വിവരങ്ങൾക്ക് ഫോട്ടോക്രിട്ടിക് ബ്ലോഗ് നോക്കുക. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.  

പാച്ചുവിന് അഭിനന്ദങ്ങൾ


സുഹൃത്തുക്കളെ,

ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കാനാണ് ഈ പോസ്റ്റ്.  പാച്ചു എന്ന ബ്ലോഗർ ഐ.ഡിയിൽ മലയാളം ബ്ലോഗിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രീ ഫൈസൽ മുഹമ്മദിന് കേരള ലളിത കലാ അക്കാദമിയുടെ ഈ വർഷത്തെ കലാ പുരസ്കാരങ്ങളിൽ ഫോട്ടോഗ്രാഫി വിഭാഗത്തിൽ അവാർഡ് ലഭിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച “സർപ്പദോഷം” എന്ന ചിത്രത്തിനാണ് അവാർഡ്. 



ബ്ലോഗ് എന്ന മാധ്യമത്തിന് വേണ്ടി മാത്രമാണ് കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഫോട്ടോഗ്രാഫുകൾ പകർത്തുന്നത് എന്ന് പാച്ചു പറയുന്നു. ആ മാധ്യമം തന്നെ അദ്ദേഹത്തെ ഈ  പുരസ്കാരത്തിലേക്കെത്തിച്ചു എന്നത് ഫോട്ടോബ്ലോഗർമാർക്കെല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഫൈസലിന്റെ ബ്ലോഗിലെ എല്ലാ ഫോട്ടോഫീച്ചറുകളും വളരെ വിലപ്പെട്ടവയാണ് എന്നതിൽ സംശയമില്ല. ഓരോ ഫോട്ടോഫീച്ചറിനു പിന്നിലും അദ്ദേഹം ചെലവഴിക്കുന്ന സമയവും അധ്വാനവും അഭിന്ദനാർഹമാണ്. ഈ അവസരത്തിൽ ഫോട്ടോക്ലബ്ബിലെ അംഗമായ പാച്ചുവിന് എല്ലാ ക്ലബ് അംഗങ്ങളുടെയും പേരിൽ ആശംസകൾ നേരുന്നു.

ഫെബ്രുവരി 13 ന് 12.00 മണിക്ക് എറണാംകുളം ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബഹു. സാംസ്കാരിക വകുപ്പു മന്ത്രി. എം.എ. ബേബി പുരസ്കാരം വിതരണം ചെയ്യും.

അവാർഡു ലഭിച്ച ചിത്രം ഇവിടെ. അതിന്റെ ഫോട്ടോ ഫീച്ചർ ഇവിടെ.



കഥപറയുന്ന ചിത്രങ്ങൾ - behind the frames (2)

കഥപറയുന്ന ചിത്രങ്ങൾ എന്ന പംക്തിയിൽ അടുത്തതായി എഴുതുന്നത് ശ്രീ. സചിൻ പോളശേരിയാണ്. “തൃശൂർക്കാരൻ“ എന്ന ബ്ലോഗർ ഐ.ഡി യിൽ നമുക്കെല്ലാം സുപരിചിതനായ അദേഹം “കാത്തിരിപ്പ്” എന്ന ചിത്രം എടുക്കാൻ ഇടയായ സാഹചര്യം വിവരിക്കുകയാണ് ഈ പോസ്റ്റിൽ. ഉചിതമായ ആംഗിൾ തെരഞ്ഞെടുക്കുന്നതുവഴി ഒരു ചിത്രത്തിന്റെ പെർസ്പെക്റ്റീവ് എങ്ങനെ മാറ്റാം എന്ന് ഈ വിവരണത്തിൽ കൂടി നമുക്ക് മനസ്സിലാക്കാം. ഒപ്പം ഫോട്ടോഷോപ്പ് ഉപയോഗിച്ച് എങ്ങനെ ഒരു ഫ്രെയിമിൽ വന്നുപോയ പാളിച്ചകളെ പരിഹരിക്കാം എന്നതും.


St. Fiachra തോട്ടക്കാരുടെ patron saint ആയാണ് അറിയപ്പെടുന്നത്. അയർലന്റിൽ ജനിച്ച അദ്ദേഹത്തിന് പല സിദ്ധികളുമുണ്ടായിരുന്നുവത്രേ.. അതിലൊന്ന് പച്ചമരുന്നുകളുടെ ഉപയോഗമാണ്. പച്ചമരുന്നുകൾ ഉപയോഗിച്ച് പല അസുഖങ്ങളും മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഏഴാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ കഴിവുകളെ ഒരു സ്ത്രീ ചോദ്യം ചെയ്ത് കാപട്യക്കാരനാണെന്ന് കുറ്റപ്പെടുത്തിയതിനുശേഷം വലിയ സ്ത്രീവിരോധിയായിയത്രെ.

അദ്ദേഹത്തിന്റെ പേരിൽ ഐറിഷ് ഗവർമ്മെന്റ് ഒരു വലിയ തോട്ടം പണി കഴിപ്പിച്ചിട്ടുണ്ട്. ഈ തോട്ടം എന്റെ താമസസ്ഥലത്തിനടുത്തായതുകൊണ്ട് ഒഴിവുദിവസങ്ങളിൽ ഞാൻ അവിടെ പോകാറുണ്ട്. നല്ല വൃത്തിയായി സൂക്ഷിച്ചിരിയ്ക്കുന്ന ഒരു വലിയ കുളവും അതിന്റെ കരയിൽ ചിന്താമഗ്നനായിരിയ്ക്കുന്ന ഒരു വൈദികന്റെ രൂപവും ഈ ഉദ്യാനത്തിന്റെ പ്രധാനഭാഗത്ത് കാണാം. ഒപ്പം കല്ലുകൊണ്ട് കെട്ടിയ ഒരു വലിയ തേനീച്ചക്കൂട് എന്നതുപോലെ തോന്നിപ്പിയ്ക്കുന്ന ഒരു വീടും അതിനടുത്ത് തന്നെയുണ്ട്. മനോഹരമായ പുൽത്തകിടികളും, ചെറുതും വലുതുമായി കുറെ കുതിരകളും വിവിധ പക്ഷിജാലങ്ങളും ഈ മനോഹരമായ തോട്ടത്തില്‍ വസിയ്ക്കുന്നു. ഈ തോട്ടം 6 -7 നൂറ്റാണ്ടുകളിൽ അയർലന്റിൽ ഉണ്ടായിട്ടുള്ള അദ്ധ്യാത്മിക ഉണർവ്വിന്റെ പുനർസൃഷ്ടിയാണ്. തടാകം 5000 വർഷം പഴക്കമുള്ള വെള്ളത്തിനടിയിലെ ഓക്ക് കാടുകളെ അനുസ്മരിപ്പിയ്ക്കുന്നു. 

പലപ്പോഴും അവിടെ പോയപ്പോഴെല്ലാം അവിടെയുള്ള ചെറിയ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങളും ചെറിയ താറാവ് കുഞ്ഞുങ്ങളും അരയന്നങ്ങളും പൂക്കളുമൊക്കെയായിരുന്നു ക്യാമറയില്‍ പതിഞ്ഞത്. പലപ്പോഴും ടൂറിസ്റ്റുകളുടെ തിരക്കുക്കുള്ളതുകൊണ്ട് വൈദികനെയും കുളത്തെയും ഞാനത്ര കാര്യമായി ശ്രദ്ധിച്ചിട്ടില്ലായിരുന്നു. പുള്ളിയെ കെട്ടിപ്പിടിച്ച് എപ്പോഴും അരെങ്കിലും ഫോട്ടോയ്കായി പോസ് ചെയ്യുന്നുണ്ടാകും; പെണ്ണൂങ്ങളടക്കം. ജീവിച്ച സമയത്ത് പെണ്ണൂങ്ങളെ അടുപ്പിയ്ക്കാത്ത ദേഹമാണെന്ന് ഓർക്കണം!

ഒരു ദിവസം ഞാൻ ഒരു ഫോട്ടോഗ്രാഫർ സുഹൃത്തിനോടൊപ്പം ഈ തോട്ടത്തിലേയ്ക്ക് പോയി. നടക്കുമ്പോൾ ഈ ഭാഗം സാധാരണ വിട്ടുകളയാറാണ് പതിവ്. എന്റെ കയ്യിൽ ക്യാമറ കണ്ട ഒരു  സംഘം ടൂറിസ്റ്റുകള്‍ അവരുടെ ഗ്രൂപ്പ് ചിത്രമെടുക്കാമോ എന്ന് ചോദിച്ച് അവരുടെ ക്യാമറ കയ്യില്‍ തന്നപ്പോൾ ഇതു വഴി കുറച്ച് നടക്കാനിടയായി. അപ്പോഴാണ് ഈ കുളത്തില്‍ അരയന്നങ്ങളെ ശ്രദ്ധിച്ചത്. ഒരെണ്ണം കരയില്‍ നല്ല ഉറക്കമാണ്. കുറച്ച് ദൂരം നടന്ന് ഒന്ന് തിരിഞ്ഞുനോക്കിയപ്പോഴാണ് ഞാന്‍ ഈ ഫ്രെയിം മനസ്സിൽ കണ്ടത്. അരയന്നത്തിന് എന്തോ കൊടുക്കുന്ന ഭാവത്തിലിരിയ്ക്കുന്ന വൈദികൻ - ഇങ്ങനെ ഒരു ഫ്രെയിം കിട്ടിയാൽ അത് രസകരമായിരിയ്ക്കുമല്ലോ എന്നോർത്ത് ഞാൻ കുളത്തിന്റെ മറുകരയിൽ ഇരിപ്പുറപ്പിച്ചു. ട്രൈപ്പോഡ് ഇല്ലാതിരുന്നത് കൊണ്ട് ക്യാമറ കയ്യില്‍ പിടിച്ച് നോക്കിയാണിരിപ്പ്. അങ്ങിനെ കുറെ നേരം ഇരുന്നു. അരയന്നം നല്ല ഉറക്കത്തിലാണ്. ഇതൊന്നു തലപൊക്കാതെ ഞാൻ ഉദ്ദേശിച്ച ഫ്രെയിം കിട്ടുകയുമില്ല. ബാറ്ററി തീരുമോ എന്ന് പേടിയുണ്ട്. അരയന്നമാണെങ്കില്‍ നല്ല ഉറക്കവും. ക്യാമറയുടെ multiple exposure ഓണ്‍ ചെയ്ത് ഇടയ്ക്ക് ഒന്ന് രണ്ട് ടെസ്റ്റ് ചിത്രങ്ങള്‍ എടുത്തുനോക്കി.   അരയന്നത്തത്തിന്റെ കഴുത്തും തലയും ഒഴികെ എല്ലാം പ്രതീക്ഷിച്ചതുപോലെ ഓക്കെയാണ്!   

പെട്ടെന്ന് എന്തോ ശബ്ദം കേട്ട് അരയന്നം തല പൊക്കിയതും ഞാന്‍ ക്ലിക്ക് തുടങ്ങി. എന്നെ അതിശയിപ്പിച്ചുകൊണ്ട് ഫ്രെയിമിൽ അതുവരെ ഇല്ലാതിരുന്ന ഒരു സബ്ജക്റ്റ് വ്യൂഫൈന്ററിൽ ഞാൻ കണ്ടു. ഒരു മനുഷ്യന്റെ കാലുകൾ അരയന്നത്തിന്റെ നേരെപുറകിൽ! എന്താണിതെന്ന് നോക്കാനായി വ്യൂഫൈന്ററീൽ നിന്ന് കണ്ണെടുത്തപ്പോഴല്ലേ കാണുന്നത് മറ്റൊരുത്തൻ ഒരു ക്യാമറയും കൈയ്യിൽ‌ പിടിച്ച് അരയന്നത്തിന്റെ പുറകിലെ കുളക്കരയിൽ നിന്ന് ക്ല്ലിക്കുകയാണ്.   എനിയ്ക്ക് വന്ന ദേഷ്യം പറഞ്ഞറിയിയ്ക്കാന്‍ വയ്യ. പിന്നെ എല്ലാം കൂട്ടി Photoshop elements ൽ ഇട്ട് ഒന്ന് കലക്കി നോക്കി.



അങ്ങിനെയാണ് ഈ ചിത്രം ജനിച്ചത്.

ഫോട്ടോക്ലബ് ഭാവിപരിപാടികൾ - ചർച്ചയുടെ സംഗ്രഹം


സുഹൃത്തുക്കളേ,

ഫോട്ടോക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങൾ എങ്ങനെയാവണം എന്ന ചോദ്യവുമായി പ്രസിദ്ധീകരിച്ച കഴിഞ്ഞ പോസ്റ്റിൽ മുപ്പതിലേറേ അംഗങ്ങൾ അഭിപ്രായങ്ങൾ പറഞ്ഞു. സന്തോഷം. ഇത്രയും ആളുകൾ തങ്ങളാലാവും വിധം സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നതിനാൽ ഈ ഗ്രൂപ്പ് ബ്ലോഗ് തുടരാം എന്നുതന്നെ തീരുമാനിക്കുന്നു. നിങ്ങൾ പറഞ്ഞ  അഭിപ്രായങ്ങളെയെല്ലാം ഒന്നിച്ച് ഒരു അവലോകനം ചെയ്യുവാനാണ് ഈ പോസ്റ്റിൽ ഉദ്ദേശിക്കുന്നത്. ഒപ്പം ഭാവിയിൽ കൂട്ടായപ്രവർത്തനങ്ങൾ എന്തൊക്കെ ചെയ്യാം എന്നും അത് ആരൊക്കെ ഏറ്റെടുക്കും എന്നതും ചർച്ചചെയ്യാം.  ഒപ്പം നിങ്ങൾക്ക് കമന്റുകളും എഴുതാം. 

പുലിപ്പേടിയും ഫോട്ടോമത്സരങ്ങളും:

"വൻപുലികളായ ഫോട്ടോ ബ്ലോഗ്ഗർമാർ ഉള്ളതുകൊണ്ടാണ് മത്സരത്തിൽ കൂടുതൽ ശ്രദ്ധിക്കാഞ്ഞത് ..."
"വൻ പുലികളുടെ നിഴല്‍ ബ്ലോഗിലുടനീളം പരന്നു കിടക്കുന്നു...സെലിബ്രിറ്റികളുടെ ചിത്രങ്ങൾ വല്ലാതെ ആഘോഷിക്കുന്നപോലെ..“

ഈ അഭിപ്രായങ്ങൾ ഈ ബ്ലോഗിനെപ്പറ്റിയുള്ള ഒരു പൊതു കാഴ്ചപ്പാടായി ഞങ്ങൾ മനസ്സിലാക്കുന്നു. ഇതിന്റെ കാരണം ആഴ്ചക്കുറിപ്പുകൾ എന്ന പംക്തി ആവാനാണ് സാധ്യത. ആഴ്ചക്കുറിപ്പുകൾ എന്ന പംക്തിയിൽ ഓരോ ആഴ്ചയിലും മലയാളം ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് ഏറ്റവും നല്ല പെർഫെക്ഷനോടുകൂടിയ ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ സ്വാഭാവികമായും  ശ്രദ്ധയോടെ ചിത്രങ്ങൾ എടുക്കുന്ന ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ മാത്രമേ അവിടെ ഇടം‌പിടിക്കുകയുള്ളൂ. അത് സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ആഘോഷിക്കുന്നതുകൊണ്ട് സംഭവിക്കുന്നതല്ല.  ഈ പംക്തികൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചിരുന്നത് മറ്റൊന്നാണ്. അത് രഞ്ജിത് വിശ്വം തന്റെ കമന്റിൽ എഴുതിയിട്ടുണ്ട്. 

" ഓരോ പുതിയ പടം എടുക്കുമ്പോഴും അത് ഈ പ്രാവശ്യം ഫോട്ടോ ബ്ലോഗ് ആഴ്ച്ചക്കുറിപ്പുകളി വരുത്തണം എന്ന വാശിയോടെയാണ് എടുക്കാറ്.. പക്ഷേ അതിലേക്കൊക്കെ എത്തുവാന്‍ ഇനീം ഏറെ ദൂരമുണ്ട്....."

ഈ വാശി ഓരോ ഫോട്ടോഗ്രാഫറിലും കൊണ്ടുവരിക എന്നതായിരുന്നു ആഴ്ചക്കുറിപ്പുകൾ എന്ന പംക്തിയുടെ ലക്ഷ്യം. അല്ലാതെ ആ പംക്തിയിൽ സ്ഥിരമായി പുണ്യാളന്റെയോ, യൂസുഫ് ഷാലിയുടെയോ പകൽക്കിനാവന്റെയോ സുനിൽ വാര്യരുടെയോ ചിത്രങ്ങൾ പ്രമോട്ട് ചെയ്യുക എന്നത് അല്ല ഉദ്ദേശിച്ചിരുന്നത്. ഏതായാലും ഈ പംക്തികൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല എന്നതിനാൽ അത് ഇനി തുടരണോ വേണ്ടയോ എന്നു തീരുമാനിച്ചിട്ടില്ല - വായനക്കാർ അഭിപ്രായം പറയൂ. സെലിബ്രിറ്റീസിനെ ഒഴിവാക്കുന്നതിന്റെ ഭാ‍ഗമായി പുണ്യാളൻ പറഞ്ഞ കമന്റ്  

“ഇനി പ്രസിദ്ധീകരിക്കുന്ന ആഴ്ചക്കുറിപ്പുകളില്‍ എന്‍റെ ഫോട്ടോകള്‍ പരിഗണിക്കരുതെന്ന് അപേക്ഷിക്കുന്നു".

സ്വീകരിക്കുവാൻ പ്രായോഗികമായി ബുദ്ധിമുട്ടുമുണ്ട്. അതുകൊണ്ട് ആഴ്ചക്കുറിപ്പുകൾക്ക് പകരം ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കുവാൻ പാകത്തിൽ, ക്യാപ്റ്റൻ ഹാഡോക് പറഞ്ഞ പംക്തി ആരംഭിക്കാം എന്നു കരുതുന്നു. 


ക്രിട്ടിക് കമന്റുകൾക്കായുള്ള പംക്തി:

ഓരോ ആഴ്ചയിലും ഫോട്ടോബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളുടെ ഉടമകൾ ക്രിട്ടിക് കമന്റുകൾ ആഗ്രഹിക്കുന്നു എങ്കിൽ ആ പോസ്റ്റിന്റെ ലിങ്കും, ചിത്രത്തിലേക്കുള്ള URL എന്നിവ ഫോട്ടോക്ലബ്ബിനു അയച്ചു തരിക. ആ ചിത്രങ്ങൾ ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ച് ഒപ്പം ഒരു ടീം കമന്റുകളും നൽകും. വായനക്കാർക്കും ഏതു ചിത്രത്തേയും അവലോകനം ചെയ്യാം. പക്ഷേ ഒരു കണ്ടീഷൻ ഒപ്പം പറയട്ടെ, ചിത്രങ്ങൾ ക്രിട്ടിക് കമന്റിനായി അയച്ചൂ തരുന്ന ഓരോ ഫോട്ടോഗ്രാഫറും, അതേ പോസ്റ്റിലെ മറ്റു  മൂന്നു ചിത്രങ്ങളെപ്പറ്റിയെങ്കിലും അഭിപ്രായം നിർബന്ധമായും പറയണം (കിടിലം, ഗംഭീരം എന്നിങ്ങനെ അല്ല; എന്തുകൊണ്ട് ഒരു ചിത്രം ഇഷ്ടമായി അല്ലെങ്കിൽ ആയില്ല എന്ന വിവരങ്ങളാണ് കമന്റിൽ വേണ്ടത്).  ഫോട്ടോക്ലബ് സ്വയം ഈ പംക്തിയിലേക്ക് ചിത്രങ്ങൾ തെരഞ്ഞെടുക്കണം എന്ന് ആഗ്രഹിക്കുന്നില്ല; പകരം അയച്ചുതരുന്ന ചിത്രങ്ങൾക്ക് ക്രിട്ടിക് കമന്റുകൾ പറയുകയായിരിക്കും ചെയ്യുന്നത്. അതുപോലെ അയച്ചു തരുന്ന ചിത്രങ്ങൾ അതാതു ആഴ്ചയിൽ നിങ്ങളുടെ ബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചവയും ആവണം.  ഈ പംക്തി ഫോട്ടോക്ലബ്ബിൽ കൈകാര്യം ചെയ്യാം എന്ന് ഏറ്റിരിക്കുന്നത് ക്യാപ്റ്റൻ ഹാഡോക് (ആഷ്‌ലി) ആണ്. ഈ പംക്തിയെപ്പറ്റി കൂടുതൽ കാര്യങ്ങൾ പിന്നിട് വിശദമാക്കാം.


ഫോട്ടോഗ്രാഫി മത്സരങ്ങൾ / വർക്ക് ഷോപ്പുകൾ:

ഒരു ഫോട്ടോഗ്രാഫി മത്സരം നടത്തിയാൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണ് എന്നതിനു രണ്ടുമൂന്ന് വിധത്തിലുള്ള വിശദീകരണങ്ങൾ ഇവിടെ കമന്റുകളിൽ കാണുകയുണ്ടായി. ചില ഉദാഹരണങ്ങൾ നോക്കൂ

"വൻപുലികളായ ഫോട്ടോ ബ്ലോഗ്ഗർമാർ ഉള്ളതുകൊണ്ടാണ് മത്സരത്തിൽ കൂടുതൽ ശ്രദ്ധിക്കാഞ്ഞത്...."
" ഫോട്ടോഗ്രാഫി മത്സരതിനു അയക്കാതിരുന്നതിനു കാരണം ആത്മവിശ്വാസക്കുറവാണ്...."
"മത്സരത്തിന് അയക്കാതിരുന്നത് പുലികളുടെ ഇടയില്‍ വെറുതേ എന്തിനാന്നു കരുതിത്തന്നെയാ..."
"ടൺ കണക്കിനു ലെൻസുകളുമായി ലോകം മുഴുവൻ പറന്നുനടന്ന് ഫോട്ടോകളെടുക്കുന്ന പുലികൾക്കിടയിൽ ഒരു എസ്.എൽ.ആർ ക്യാമറ പോലും സ്വന്തമായി ഇല്ലാത്ത ഞാനെന്തിനു മത്സരിക്കണം എന്നു തോന്നി. എന്തേത് ഒരു CanonSX20is ക്യാമറയാണ്....

ചുരുക്കത്തിൽ തങ്ങളെക്കൊണ്ട് നല്ല ഫോട്ടോകൾ എടുക്കുവാൻ സാധിക്കുന്നില്ല, അല്ലെങ്കിൽ ഇതുവരെ സാധിച്ചിട്ടില്ല എന്ന കോമ്പ്ലക്സാണ് “എലി“ (പുലി എന്നതിന്റെ വിപരീതപദം അറിയാത്തതിനാലാണ് എലി എന്നെഴുതിയത്) കളായി സ്വയം കരുതുന്നവരുടെ പ്രശ്നം! 

അപ്പോൾ പുലികളുടെ പ്രശ്നമെന്താണ്? പുലികളാരും ഇതേപ്പറ്റി ഒന്നും തന്നെ എഴുതിയില്ലെങ്കിലും കുഞ്ഞൻ അപ്പുവിന്റെ Buzz ൽ പറഞ്ഞ ഒരു കമന്റ് ശ്രദ്ദേയമായി തോന്നി. 

“മത്സരത്തിന് എൻ‌ട്രികൾ അയക്കാത്തതിന് കാരണം ഒരു പക്ഷെ ഇമേജിന് കോട്ടം സംഭവിക്കുമൊയെന്നതിനാലാകാം. നേരെ ചൊവ്വെ പറഞ്ഞാൽ പടം പിടുത്തത്തിൽ പുലിയായ ഒരാൾ മത്സരത്തിലെ സെലക്ഷനിൽ നിന്നും പിൻ‌തള്ളപ്പെടുമൊയെന്ന ധാരണയാൽ അയക്കാതിരിക്കാം..! “

ഇതാണ് പുലികൾ പങ്കെടുക്കാത്തതിനു കാരണമെങ്കിൽ ഞങ്ങൾക്ക്  ഒന്നും പറയാനില്ല. ഓരോരുത്തരുടെയും ഇഷ്ടം പോലെ മത്സരത്തിൽ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയട്ടെ.

ഏതായാലും ഫോട്ടോക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ മാസവും ഒരു വിഷയത്തെ ആസ്പദമാക്കി ഒരു മത്സരം നടത്തുവാൻ ആഗ്രഹിക്കുന്നു. മത്സരം എന്നതിനേക്കാൾ ഒരു വർക്ക്ഷോപ്പ് എന്ന് ഇതിനെ വിളിക്കാനാണ് ഞങ്ങൾക്ക് താല്പര്യം. ഈ മത്സരത്തിൽ താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം. മുൻ‌കൂട്ടി അനൌൺസ് ചെയ്യുന്ന ഒരു ജഡ്ജ് എല്ലാ ചിത്രങ്ങളും അവലോകനം ചെയ്യുകയും ഓരോ ചിത്രങ്ങളെപ്പറ്റിയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യും. വായനക്കാർക്കും അഭിപ്രായങ്ങൾ പറയുകയും വോട്ട് ചെയ്യുകയും ചെയ്യാം. ഈ പംക്തി കോർഡിനേറ്റ് ചെയ്യുന്നത് ബിക്കി ആയിരിക്കും. ഇതേപ്പറ്റിയുള്ള വിശദവിവരങ്ങൾ പുറകാലെ പ്രതീക്ഷിക്കാം. 


പോസ്റ്റ് പ്രോസസിംഗ് / ഫോട്ടോഷോപ്പ്:

പോസ്റ്റ് പ്രോസസിംഗ് സഹായി ആണ് എങ്ങുമെത്താതെ കിടക്കുന്ന ഒരു വിഭാഗം. ഫോട്ടോഷോപ്പ് ടിപ്സ് ഏറ്റെടുത്തുനടത്താം എന്ന് ഇതിൽ വൈദഗ്ദ്ധ്യമുള്ള ആരും ഇതുവരെ പറഞ്ഞതുമില്ല മുന്നോട്ട് വന്നിട്ടുമില്ല. എങ്കിലും ഈ വിഭാഗത്തെപ്പറ്റി ഒന്നുരണ്ടു കമന്റുകൾ ലഭിച്ചു. Buzz ൽ നിവിൻ ഇങ്ങനെ എഴുതി. 

“ഫോട്ടോഷോപ്പ് ടിപ്സ് പരിപാടി നിന്നതോടെ അതിനകത്ത് കയറുന്നതേ നിര്‍ത്തി. കുറെക്കാലം അതിനുവേണ്ടി നോക്കി ഇരുന്നെങ്കിലൂം ആരംഭശൂരത്വം ആണെന്നു തോന്നിയതു കൊണ്ട് ആ പരിസരത്തോട്ട് വന്നിട്ടില്ല. പിന്നെ വല്ലപ്പോഴും ഫോട്ടോസ് കാണാന്‍ കയറാറുണ്ട്. ഈ ബ്ലോഗ് വഴി ഒരുപാട് ഫോട്ടോ ബ്ലോഗുകള്‍ കാണാനും നല്ല ഒരുപാട് ചിത്രങ്ങള്‍ കാണാനും കഴിഞ്ഞിട്ടുണ്ട്. ഒരുപാടു പദ്ധതികള്‍ തുടങ്ങി വയ്ക്കാതെ തുടങ്ങിയത് ഭംഗിയായി കൊണ്ട് പോകുന്നതിലാണു വിജയം !!“

നിവിൻ അല്പം പരിഹാസരൂപേണ പറഞ്ഞ അഭിപ്രായം ഞങ്ങൾ സ്വീകരിക്കുന്നു; പക്ഷേ ഒരു കാര്യംകൂടി ചോദിക്കാൻ ആഗ്രഹിക്കുന്നു. തുടങ്ങിവച്ച ഈ പംക്തി മുടങ്ങാതെ കൊണ്ടുപോകാൻ നിവിൻ സഹായിക്കാമോ?  നിവിന്റെ “വെറുതെ ഒരു ബ്ലോഗ്” എന്ന പേരിലുള്ള ഫോട്ടോബ്ലോഗ് നോക്കിയാൽ അതിൽ അനവധി ചിത്രങ്ങൾ    ഫോട്ടോഷോപ്പ് (അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രാഫിക്സ് സോഫ്റ്റ്വെയർ) ഉപയോഗിച്ച് താങ്കൾ വരച്ചിട്ടുണ്ട്.  താങ്കൾ ഈ രംഗത്ത് ഒരു പ്രൊഫഷനൽ ആണെന്നും  മനസ്സിലാകുന്നു.   ഈ പംക്തി നിവിൻ തന്നെ ഏറ്റെടുത്തു നടത്താമോ എന്നു ഈ അവസരത്തിൽ  ചോദിക്കാൻ ആഗ്രഹിക്കുന്നു. ഫോട്ടോഷോപ്പിന്റെ  അത്യന്തം വിശദമായ സാങ്കേതികാര്യങ്ങളൊന്നും പഠിപ്പിക്കേണ്ടതില്ല. ബേസിക് കാര്യങ്ങൾ മാത്രം മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്താൽ  മതിയാകും. തയ്യാറാണെങ്കിൽ അറിയിക്കുക. 

ഇതോടൊപ്പം ചാക്കോച്ചി എഴുതിയ കമന്റിനുള്ള മറുപടികൂടി പറയട്ടെ :  “പോസ്റ്റ്‌ പ്രോസിസ്സിംഗ് ചെയ്യാത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള ഒരു സൗകര്യം ഒരുക്കിയാല്‍ വളരെ നല്ലത് ആയിരുന്നു എന്നാണ്. എല്ലാവര്ക്കും ഫോടോഷോപ്പോ അത് പോലെ ഉള്ള മറ്റു സോഫ്റ്റ്‌ വരുകളും ഉപയോഗിച്ച് ചിത്രങ്ങള്‍ പോസ്റ്റ്‌ പ്രോസിസ്സിങ്ങിനു വിധേയമാക്കാന്‍ സാധിക്കാറില്ല. തീര്‍ച്ചയായും അങ്ങനെ ഉള്ള ചിത്രങ്ങള്‍ പോസ്റ്റ്‌ പ്രോസിസ്സിംഗ് ചെയ്തവയുമായി ഉള്ള താരതമ്യത്തില്‍ പിന്നോക്കം ആവുകയും ചെയ്യും“

ചാക്കോച്ചിയെപ്പോലെ ചിന്തിക്കുന്ന ഒരുപാട് പേരുണ്ടാവും എന്നറിയാം. പോസ്റ്റ് പ്രോസസിംഗ് എന്നുപറഞ്ഞാൽ ഫോട്ടോഷോപ്പോ മറ്റു ഗ്രാഫിക്സ് സോഫ്റ്റ്‌വെയറൂകളോ ഉപയോഗിച്ച് ഒരു ചിത്രത്തെ മറ്റെന്തൊക്കെയോ ആക്കി മാറ്റുക എന്നല്ല ചാക്കോച്ചീ. ഡിജിറ്റൽ ഫോട്ടോഗ്രാഫുകളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമാണ് പോസ്റ്റ് പ്രോസസിംഗ്.  ഒരു ഡിജിറ്റൽ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ഡീറ്റെയിത്സ് വെളിച്ചത്തുകൊണ്ടുവരുക, ആ ചിത്രത്തിനെ കൂടുതൽ മെച്ചമായി കാണിക്കുക തുടങ്ങീയ കാര്യങ്ങളാണ് ഇതുവഴി ഉദേശിക്കുന്നത്. പോസ്റ്റ് പ്രോസസിംഗ് ചെയ്താലും ഇല്ലെങ്കിലും ഒരു ചിത്രത്തിന്റെ മനോഹാരിതയുടെ 80% വും അതിന്റെ കമ്പോസിഷൻ, പെർസ്പെക്റ്റീവ്, സബ്‌ജക്റ്റ് പ്ലെയ്സ്‌മെന്റെ തുടങ്ങിയ കാര്യങ്ങളിലാണിരിക്കുന്നത് എന്നതുകൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. 


ഡിജിറ്റൽ പ്രോസസിംഗ് വർക്ക് ഫ്ലോ:

ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഒരു ഡിജിറ്റൽ ചിത്രം എഡിറ്റ് ചെയ്ത് എടുക്കുന്നവർക്ക് പലരീതിയിലുള്ള work-flow ഉണ്ടായിരിക്കും. ആ സ്റ്റെപ്പുകൾ മറ്റുള്ളവർക്കുകൂടി പ്രയോജനകരമാവുന്ന രീതിയിൽ പടിപടിയായി വിവരിക്കുന്ന ഒരു പംക്തി തുടങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരേ ചിത്രത്തിന്റെ ഒട്ടും എഡിറ്റ് ചെയ്യാത്ത ഒറിജിനൽ വിവിധ ഫോട്ടോഷോപ്പ് വിദഗ്ദ്ധരെക്കൊണ്ട് എഡിറ്റ് ചെയ്യിച്ച് അതിന്റെ റിസൽട്ടുകൾ വിവരണങ്ങളോടെ കാണിക്കുക എന്നതാണ് ഞങ്ങളുടെ മനസിലുണ്ടായിരുന്ന പദ്ധതി. പക്ഷേ ഇതു നടത്തുവാനും ഫോട്ടോഷോപ്പ് ഉപയോഗിക്കുവാൻ അറിയുന്ന ഒരുകൂട്ടം ആളുകൾ മുന്നോട്ട് വന്നാൽ മാത്രമേ സാധിക്കൂ.


Behind the frames / പരിചയപ്പെടൽ:

ശ്രീലാൽ പറഞ്ഞ അഭിപ്രായങ്ങളിൽ രണ്ടെണ്ണം നമുക്ക് നടത്തുവാൻ പറ്റുന്നതാണ്. ഫോട്ടോക്ലബ്ബിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി - ഒരു പൊതുവായ ചോദ്യാവലിക്ക് എല്ലാവരും ഉത്തരം എഴുതിത്തന്നാൽ മാത്രം മതിയാവും. ശ്രീലാൽ ഇതിനു മുൻ‌കൈ എടുക്കും എന്നുകരുതട്ടെ? ഒപ്പം “Zooming in” എന്ന ഇന്റർവ്യൂ പരിപാടി ഞങ്ങൾ തന്നെ തുടർന്നും നടത്തിക്കൊള്ളാം എന്നുകൂടി അറിയിക്കുന്നു.  "Behind the frames" എന്ന പംക്തി തുടരണമെങ്കിൽ നിങ്ങൾ ഓരോരുത്തരും സഹകരിച്ചെങ്കിലേ പറ്റുകയുള്ളൂ. നല്ല ചിത്രങ്ങൾ അല്പം പരിശ്രമം എടുത്തുതന്നെ ഷൂട്ട് ചെയ്തവ, എന്തൊക്കെ നിങ്ങൾ ചെയ്തു എങ്ങനെയാണ് അവസാനം കിട്ടിയ റിസൽട്ടിലേക്ക് എത്തിയത് തുടങ്ങിയ കാര്യങ്ങൾ എഴുതി അയച്ചൂ തരിക. എഴുതാൻ അറിയില്ല എന്ന കാരണംകൊണ്ട് എഴുതാതിരിക്കേണ്ടതില്ല. പബ്ലിഷ് ചെയ്യുന്നതിനുമുമ്പുള്ള ഫൈനൽ എഡിറ്റിംഗ് ഞങ്ങൾ ആരെങ്കിലും നടത്തിക്കൊള്ളാം. കഴിഞ്ഞ പോസ്റ്റിൽ സഹകരണം വാദ്ഗാനം ചെയ്തവരെല്ലാം ആദ്യപടി എന്നനിലയിൽ ഓരോ “കഥപറയുന്ന ചിത്രങ്ങൾ” ആർട്ടിക്കിളും ചിത്രവും അയച്ചു തരൂ..  !


Composition techniques:

കമ്പോസിഷൻ ടെക്നിക്കുകൾ, മറ്റു സിറ്റുവേഷൻ ടെക്നിക്സ് തുടങ്ങിയ പംക്തികൾ ഇനിയും തുടരാം. കഴിവുള്ളവർ ഒപ്പം സഹായിച്ചാൽ നന്നായിരിക്കും.

അവസാനമായി പുലിപ്പേടിയും പുലികോമ്പ്ലക്സും മനസിൽ കൊണ്ടുനടക്കുന്നവരോട് - ഒരു ഫോട്ടോഗ്രാഫറൂം ജനിക്കുമ്പോഴേ ഒരു ഫോട്ടോഗ്രാഫി വിദഗ്ദ്ധനായി ജനിച്ചതല്ല. അവരുടെ കഴിവുകൾ പാരമ്പര്യമായി കിട്ടുന്നതുമല്ല. ഒരോരുത്തരും സ്ഥിരമായ പരിശ്രമം കൊണ്ട് നേടിയെടുക്കുന്നതാണ് ആ കഴിവുകൾ. അതുപോലെ നല്ല ചിത്രം എടുക്കാൻ SLR ക്യാമറതന്നെ വേണം എന്ന ചിന്തയും പൂർണ്ണമായും ശരിയല്ല. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾക്ക് ലിമിറ്റേഷനുകൾ ഉണ്ട് എന്നതു സമ്മതിക്കുന്നു. പക്ഷേ കമ്പോസിഷനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ രണ്ടുവിഭാഗം ക്യാമറകളിലും ഒന്നുതന്നെ. അതുകൊണ്ട് പുലിപ്പേടി ഉപേക്ഷിക്കുക. ഉഷാറായി ചിത്രങ്ങൾ എടുക്കുക. ഒരുനാൾ നിങ്ങളും പുലിയായി മാറൂം. സംശയമില്ല.